Tuesday
24 Oct 2017

രാമക്കല്‍മേട്ടിലേയ്ക്ക് സഞ്ചാരി പ്രവാഹം

By: Web Desk | Monday 25 September 2017 11:10 PM IST

സുനില്‍ കെ കുമാരന്‍

നെടുങ്കണ്ടം: മഴമാറി മാനം തെളിഞ്ഞതോടെ രാമക്കല്‍മേട്ടിലേക്ക് വീണ്ടും വിനോദ സഞ്ചാരികളുടെ പ്രവാഹം. നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ദിനംപ്രതി രാമക്കല്‍മേട്ടിലേക്ക് എത്തുന്നത്.
മഴ കനത്തതോടെ മണ്ണിടിച്ചില്‍ ഭീഷണിയും ഗതാഗത തടസവും കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ വിനോദ സഞ്ചാരികള്‍ക്കും മറ്റും താല്‍ക്കാലികമായി ജില്ലാ ഭരണകൂടം പ്രവേശനാനുമതി നിഷേധിച്ചിച്ചിരുന്നു. എന്നാല്‍ വീണ്ടും മാനം തെളിഞ്ഞതോടെ ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ രാമക്കല്‍മേട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സഞ്ചാരികള്‍ എത്തിത്തുടങ്ങി. സദാനേരവും ആഞ്ഞുവീശുന്ന കാറ്റ് ആസ്വദിക്കാനും കമ്പം, ഗൂഡല്ലൂര്‍, ചിന്നമന്നൂര്‍ തുടങ്ങി തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളുടെ വിദൂരദൃശ്യങ്ങള്‍ കാണാനും എത്തുന്നവര്‍ മണിക്കൂറുകള്‍ ചെലവിട്ട ശേഷമാണ് മടങ്ങുന്നത്. സഞ്ചാരികള്‍ക്ക് അപൂര്‍വാനുഭൂതിയാണ് രാമക്കല്‍മേട് സമ്മാനിക്കുന്നത്.
ഒരു ഭാഗത്ത് സഞ്ചാരികളുടെ കടന്നുവരവ് വര്‍ധിക്കുമ്പോഴും ഇവിടേക്ക് മെച്ചപ്പെട്ട ഗതാഗതസൗകര്യങ്ങളില്ലാത്തത് രാമക്കല്‍മേട്ടിലെ വിനോദ സഞ്ചാര മേഖലക്ക് കനത്ത തിരിച്ചടിയാണ്. സ്വകാര്യ വാഹനങ്ങളിലും മറ്റും എത്തുന്ന വിനോദ സഞ്ചാരികള്‍ക്കല്ലാതെ സാധാരണക്കാര്‍ക്ക് രാമക്കല്‍മേട്ടിലേക്ക് എത്തിച്ചേരുകയെന്നത് അസാധ്യമായി തീര്‍ന്നിരിക്കുകയാണ്.
രാമക്കല്‍മേട്ടിലേയ്ക്ക് നെടുങ്കണ്ടത്തുനിന്ന് ഉച്ചയ്ക്ക് 1.30നാണ് ഒരു ബസുള്ളത്. അതും രാമക്കല്‍മേട്ടുകാര്‍ സ്വന്തമായി വാങ്ങിയ ഒരേ ഒരു ബസ്. ഇത് വന്ന് പോയി കഴിഞ്ഞാല്‍ പിന്നെ രാമക്കല്‍മേടിന് അഞ്ച് കിലോ മീറ്റര്‍ അകലെയുള്ള തൂക്കുപാലത്തു നിന്നും ഓട്ടോയോ മറ്റ് ടാക്‌സികളോ ആശ്രയിക്കേണ്ടതായി വരും. രാമക്കല്‍മേടിനെ ലോക ടൂറിസം ഭൂപടത്തില്‍ എത്തിക്കുവാനായി സംസ്ഥാന സര്‍ക്കാര്‍ ഡിറ്റിപിസിയുടേയും ത്രിതല പഞ്ചായത്തുകളുടേയും സഹകരണത്തോടെ വന്‍ പദ്ധതികളാണ് ഒരുക്കി വരുന്നത്. കമ്പംമെട്ട്-വണ്ണപ്പുറം അടക്കമുള്ള പുതിയ രണ്ട് സംസ്ഥാന പാതകളാണ് രാമക്കല്‍മേടിനെ ബന്ധിപ്പിച്ച് കടന്ന് പോകുന്നത്. വികസന പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ സംസ്ഥാനത്ത് തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായി രാമക്കല്‍മേട് മാറും.