Monday
10 Dec 2018

ടൂറിസം പ്രോത്സാഹനം: അന്തര്‍ സംസ്ഥാന ബുള്ളറ്റ് റാലി ആരംഭിച്ചു

By: Web Desk | Friday 21 September 2018 9:55 PM IST

കല്‍പറ്റ: വയനാടിന്റെ ടൂറിസം മേഖലയുടെ വളര്‍ച്ചക്കായി വയനാട് ഡി ടി പി സിയും മറ്റു ടൂറിസം സംഘടനകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അന്തര്‍ സംസ്ഥാന ബുള്ളറ്റ് റാലി ആരംഭിച്ചു. വയനാട്ടില്‍ നിന്ന് തുടങ്ങി മൈസൂര്‍- കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് മൂന്ന് ദിവസത്തെ ബുള്ളറ്റ് റാലി. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പൂക്കോട് വെച്ച് സബ് കളക്ടര്‍ ഉമേഷ് എന്‍ എസ് കെ, എം എല്‍ എ സി കെ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറിലധികം പേര്‍ 70 ബൈക്കുകളിലായാണ് യാത്രയില്‍ പങ്കെടുക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് വയനാടിന്റെ ടൂറിസം മേഖല പാടെ തകര്‍ന്നിരുന്നു. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതിന് പരിഹാരമായി പ്രളയാനന്തരം വയനാട് സന്ദര്‍ശനത്തിന് സുരക്ഷിതമാണ് എന്ന സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നതിനാണ് ഇത്തരമൊരു ബൈക്ക് റാലി സംഘടിപ്പിച്ചത്. ഡിടിപിസിയോടൊപ്പം വയനാട് ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ്, മിക്‌സ് പള്‍സ്, ബാക്ക് പാക്കേഴ്‌സ്, മോട്ടോ ക്രാഫ്റ്റ് എന്നിവരും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഡിടിപിസി മാര്‍ക്കറ്റിംഗ് മാനേജര്‍ പ്രവീണ്‍, അഡ്വഞ്ചര്‍ ടൂറിസം പ്രവര്‍ത്തകനും ഡിടിപിസി ജീവനക്കാരനുമായ ലൂക്കാ ഫ്രാന്‍സിസ് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

കല്‍പറ്റ കലക്ട്രേറ്റിന് മുമ്പില്‍ കല്‍പറ്റ ജൂനിയര്‍ ചേംബറും വിവിധ സംഘടനകളും ചേര്‍ന്ന് സ്വീകരണം നല്‍കി. കല്‍പറ്റ ജൂനിയര്‍ ചേംബര്‍ പ്രസിഡന്‍റ് വി എം മനൂപ്, റോയി ജോസഫ്, ഇവി അബ്രാഹം, ടി എന്‍ ശ്രീജിത്ത്, വി ഷമീര്‍, കൃഷ്ണരാജ്, സൂര്യ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

Related News