Friday
15 Dec 2017

കുറഞ്ഞ നിരക്കിലുള്ള പ്ലാനുമായി ബിഎസ്എന്‍എല്‍

By: Web Desk | Thursday 31 August 2017 7:42 PM IST

കണ്ണൂര്‍: ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം വാര്‍ഷിക പദ്ധതി പ്രകാരമുള്ള ആകര്‍ഷകമായ രണ്ടു പുതിയ ലാന്‍ഡ്ലൈന്‍ പ്ലാനുകളുമായി ഇന്ന് മുതല്‍ ബി.എസ്.എന്‍.എല്‍. ഇതുപ്രകാരം പ്രതിമാസവാടക ഇനത്തില്‍ 160/180 രൂപ നല്‍കുന്ന ഗ്രാമപ്രദേശങ്ങളിലെ വരിക്കാര്‍ വാര്‍ഷിക വാടക ഇനത്തില്‍ ഒറ്റത്തവണയായി 1200-രൂപ നല്‍കേണ്ടി വരുമ്പോള്‍, 240 രൂപ വാടക നല്‍കുന്ന നഗര പ്രദേശങ്ങളിലുള്ള വരിക്കാര്‍ 1500-രൂപയുമാണ് നല്‍കേണ്ടത്. ഈ രണ്ടു പ്ലാനുകളിലുള്ള ഉപഭോകതാക്കളും പുറത്തേക്കു വിളിക്കുന്ന ഓരോ യൂണിറ്റ് കോളിനും യഥാക്രമം ബി.എസ്.എന്‍.എല്‍-ലേക്ക് 1-രൂപയും മറ്റു ഓപ്പറേറ്റര്‍മാരുടെ നെറ്റ്വര്‍ക്കിലേക്കു 1.20-രൂപയുമാണ് ഈടാക്കുന്നത്. ഈ പ്ലാനുകളിലും ഞായറാഴ്ചകളില്‍ രാജ്യം മുഴുവന്‍ ഏതു നമ്പറിലേക്കും മറ്റു ദിവസങ്ങളില്‍ രാത്രി 9 മണി മുതല്‍ രാവിലെ 7 മണി വരെയും സൗജന്യമായി സംസാരിക്കാവുന്നതുമാണ്.
ഓണം-ബക്രീദ് ഓഫറുകള്‍: ഇന്ന് മുതല്‍ സെപ്തംബര് 7-വരെ 20 , 30 , 55, 60, 110 രൂപയുടെ ടോപ് -അപ്പുകള്‍ക്കു മുഴുവന്‍ സംസാരമൂല്യവും 120 , 160 , 220 രൂപ ടോപ്- അപ്പുകള്‍ക്കു യഥാക്രമം 130 , 180 , 250 രൂപയുടെ അധിക സംസാര മൂല്യവും ലഭിക്കുന്നതാണ്. കൂടാതെ ഈ കാലയളവില്‍ 68 രൂപയുടെ റീചാര്‍ജിനു 1 ജിബി ഡാറ്റയും പരിധിയില്ലാതെ രാജ്യത്ത് എവിടെയുമുള്ള ബി.എസ്.എന്‍.എല്‍ കോളുകളും 68 മിനിറ്റ് മറ്റു നെറ്റ്വര്‍ക്കിലേക്കുള്ള കോളുകളും രണ്ടു ദിവസത്തേക്ക് ലഭിക്കുന്നതുമാണ്.