Tuesday
24 Oct 2017

അക്രമികളേ ജാഗ്രത,ട്രെയിനുകളില്‍ സിസി ടിവി വരുന്നു

By: Web Desk | Thursday 28 September 2017 8:03 PM IST

അക്രമങ്ങളുടെയും മോഷണങ്ങളുടെയും എണ്ണം പെരുകിയതിന് പരിഹാരമായി ട്രെയിനുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. പക്ഷേ താരതമ്യേന അക്രമം കുറവുള്ള പ്രീമിയം ട്രെയിനുകളിലാണ് ഇവ സ്ഥാപിക്കുന്നതെന്ന് മാത്രം.

ഒക്ടോബര്‍ ഒന്നുമുതല്‍ തന്നെ പ്രീമിയം ട്രെയിനുകളായ രാജധാനി,ശതാബ്ദി, തുരന്തോ  ട്രെയിനുകളിലാണ് ഇത് ആരംഭിക്കുക. യാത്രക്കാരുടെ സുരക്ഷക്ക് റെയില്‍വേ പ്രാധാന്യം കല്‍പ്പിക്കുകയാണ്. മുംബൈ ന്യൂഡല്‍ഹി രാജധാനി, ഓഗസ്റ്റ് ക്രാന്തി രാജധാനി,അഹമ്മദാബാദ് -ഡല്‍ഹി രാജധാനി,മുംബൈ അഹമ്മദാബാദ് ശതാബ്ദി എന്നിവയിലാണ് ഇപ്പോള്‍ പദ്ധതി തുടങ്ങുക. പരിശോധനക്കുളള സൗകര്യം പ്രമാണിച്ചാണ് പ്രീമിയം ട്രെയിനുകളില്‍ പദ്ധതി തുടങ്ങിയത്. വൈകാതെ പ്രത്യേക ആര്‍പിഎഫ് ഗ്രൂപ്പിനെ ഇതിന്റെ സമയാസമയമുള്ള പരിശോധനക്കും നടപടിക്കുമായി നിയോഗിക്കുമെന്നും അധികൃതര്‍ പറഞ്ഞു. അടുത്തിടെ ട്രെയിനുകളില്‍ നടന്ന അക്രമ സംഭവങ്ങളാണ് അധികൃതരെ ഇത്തരത്തില്‍ നടപടിക്ക് പ്രേരിപ്പിച്ചത്. ഓഗസ്റ്റ് ക്രാന്തിയില്‍ ഒരു ഡസന്‍ യാത്രക്കാരെ മയക്കുമരുന്നു നല്‍കി കൊള്ളയടിച്ചതാണ് അവസാന സംഭവം. പത്ത് ലക്ഷം രൂപയുടെ നഷ്ടമാണ് യാത്രക്കാര്‍ക്ക് ഉണ്ടായത്. അക്രമികളുടെ ഒരു വിവരവും ലഭിച്ചിട്ടില്ല. എന്നാല്‍ രാജ്യവ്യാപകമായി ഓടുന്ന ആയിരക്കണക്കിന്  ട്രെയിനുകളിലെ ലക്ഷക്കണക്കിന് കോച്ചുകളില്‍ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്ന വെല്ലുവിളിയാണ് റെയില്‍വേയെ കാത്തിരിക്കുന്നത്. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളില്ലാത്ത ട്രെയിനുകളില്‍ ലൈംഗികാതിക്രമങ്ങളും കൊള്ളയും നിത്യമെന്നോണം നടക്കുന്നുണ്ട്. ഇതിന് ഇരയാകുന്നത് ഏറെയും സാധാരണയാത്രക്കാരാണ്.

Related News