താജ്മഹല്‍ നിര്‍മ്മിച്ചത് രാജ്യദ്രോഹികളെന്ന് ബിജെപി

ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനെ ഉത്തര്‍പ്രദേശിന്റെ ടൂറിസം ബുക്ക്ലെറ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ വിവാദപരമായ പ്രസ്താവനയുമായി ബിജെപി നേതാവ്. താജ്മഹല്‍ നിര്‍മ്മിച്ചത് രാജ്യദ്രോഹികളാണെന്നും താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന് അപമാനമാണെന്നും ബിജെപി എംഎല്‍എ സംഗീത് സോം പറഞ്ഞു.
ഉത്തര്‍ പ്രദേശിലെ സര്‍ധാനയിലെ എംഎല്‍എ ആയ സോം മീററ്റില്‍ നടന്ന പൊതുപരിപാടിയിലാണ് താജ്മഹലിനെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയത്. എന്ത് ചരിത്രപ്രാധാന്യമാണ് താജ്മഹലിന് അവകാശപ്പെടാനുള്ളതെന്ന് സോം ചോദിച്ചു. താജ്മഹലിന്റെ നിര്‍മാതാവായ ഷാജഹാന് സ്വന്തം പിതാവിനെ തടവില്‍ താമസിപ്പിച്ചയാളാണ്. കൂടാതെ ഷാജഹാന് ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ തുടച്ച് നീക്കാന്‍ ശ്രമിച്ചയാളാണ്. ഇത്തരം ആളുകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാവുകയാണെങ്കില്‍ ആ ചരിത്രം നമ്മള് മാറ്റുമെന്നും സംഗീത് സോം പറഞ്ഞു.
വര്‍ഗീയ പ്രസ്താവനയുടെയും തീവ്രഹിന്ദു നിലപാടുകളുടെയും പേരില്‍ വിവാദമുണ്ടാക്കുന്നയാളാണ് സോം. വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രസ്താവനയുടെ പേരില്‍ നേരത്തെ സോം അറസ്റ്റിലായിട്ടുണ്ട്.
അതേസമയം സംഗീത് സോമിന്റെ പുതിയ പ്രസ്താവന ചരിത്രം മനസിലാക്കാതെയാണെന്ന് ഇതിനകം വമര്ശനമുയര്ന്നുകഴിഞ്ഞു. ഷാജഹാന് അദ്ദേഹത്തിന്റെ പിതാവായ ജഹാംഗീറിനെ തുറുങ്കിലടച്ചിട്ടില്ല. ഷാജഹാന്റെ മകന് ഔറംഗസീബ്, ഷാജഹാനെയാണ് ആഗ്രാക്കോട്ടയില്‍ തുറുങ്കിലടച്ചത്.
ടൂറിസം ബുക്ക്ലറ്റില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കി പകരം ഗോരഖ്പൂര്‍ ക്ഷേത്രം ഉള്‍പ്പെടെയുള്ളവയെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു.