Thursday
24 May 2018

ട്രാന്‍സ്‌ജെന്റര്‍@യുട്യൂബ്.കോം

By: Web Desk | Friday 8 September 2017 1:46 AM IST

നിമിഷ:

ആരാണ് ഭിന്നലിംഗക്കാര്‍? ഇന്നും പൊതുസമൂഹം സ്വീകരിക്കാന്‍ മടിക്കുന്ന ഈ മനുഷ്യകുലം എന്താണെന്നും അവരുടെ ജീവിതവും അവസ്ഥയും എന്താണെന്നും വിശദമാക്കാന്‍ അതുകൊണ്ടുതന്നെ അവര്‍ നിര്‍ബന്ധിതമായിരിക്കുന്നു. ഭിന്നലിംഗക്കാരെന്ന നിലയില്‍ അവര്‍ നേരിടുന്ന അവഹേളനവും അവകാശനിഷേധവും എല്ലാ മാനുഷിക സീമകളും ലംഘിക്കുന്നതാണ്. ഏറ്റവും നികൃഷ്ടവര്‍ഗമായി പരിഹാസത്തോടെയും അറപ്പോടെയും അവരെ കാണുന്നവര്‍ ഭൂരിപക്ഷമാണെന്നതും പ്രശ്‌നം രൂക്ഷമാക്കുന്നുണ്ട്.
എന്നാല്‍ അവരും മനുഷ്യരാണെന്നും ഭിന്നലിംഗക്കാരായത് അവരുടെ കുറ്റം കൊണ്ടല്ല എന്നും തിരിച്ചറിഞ്ഞ് ഇതൊരു ജന്മാവസ്ഥയാണെന്ന് ലോകത്തോട് വിളിച്ചുപറയാന്‍ അവര്‍ ഒരുങ്ങുന്നു. ആദ്യമായി ഭിന്നലിംഗക്കാര്‍ക്കായുള്ള യുട്യൂബ് ചാനല്‍ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണിവര്‍. ഹൈദരാബാദില്‍ നിന്നുള്ള രചന മുദ്രബോയിന എന്ന ഭിന്നലിംഗ പ്രവര്‍ത്തകയാണ് ഈ ആശയം മുന്നോട്ടുവച്ചതും അതിനുവേണ്ട ശ്രമങ്ങള്‍ നടത്തുന്നതും. ഇംഗ്ലീഷില്‍ എബിസി തുടങ്ങുന്നതുപോലെയും സംഗീതത്തില്‍ സരിഗമ തുടങ്ങുന്നതുപോലെയുമുള്ള ഒരു തുടക്കം ഇതിനും ആവശ്യമുണ്ടെന്നാണ് രചന കരുതുന്നത്. താന്‍ കൂടി ഉള്‍പ്പെട്ട സമൂഹത്തെക്കുറിച്ച് അത്രയ്ക്ക് അജ്ഞത ലോകത്തിനുണ്ടെന്നും അതുകൊണ്ടുതന്നെ ഒന്നേ എന്ന കണക്കില്‍ എല്ലാം തുടങ്ങേണ്ടതുണ്ടെന്നും രചന പറയുന്നു. ഇതെല്ലാം മനസില്‍ കണ്ടാണ് ഈ ആശയവുമായി രചന രംഗത്തുവന്നത്. ട്രാന്‍സ്‌വിഷന്‍ എന്ന പേരില്‍ തുടങ്ങുന്ന യുട്യൂബ് ചാനല്‍ ആദ്യം പൊതുവായി ഉയര്‍ന്നുവരുന്ന ചില ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് തുടങ്ങുക. ഉദാഹരണത്തിന് ആരാണ് ഭിന്നലിംഗക്കാര്‍? ഇതൊരു മാനസിക വൈകല്യമാണോ? നിങ്ങള്‍ ലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് എന്നെങ്കിലും വിധേയമായിട്ടുണ്ടോ? എങ്കില്‍ എന്തുകൊണ്ട്? തുടങ്ങിയ കാര്യങ്ങളായിരിക്കും ചര്‍ച്ച ചെയ്യുക. തികച്ചും ശാസ്ത്രീയമായ വിവരങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മാത്രമേ ചാനല്‍ വഴി വിശദമാക്കുകയുള്ളു. കാരണം ആധികാരികതയും സുതാര്യതയും വ്യക്തതയും ഈ വക കാര്യങ്ങളില്‍ ഉണ്ടായില്ലെങ്കില്‍ ഭിന്നലിംഗക്കാര്‍ ഇന്നനുഭവിക്കുന്ന പല ചൂഷണങ്ങളും ഇല്ലാതാക്കാനാവില്ല. ഇതിനും പുറമെ ഭിന്നലിംഗക്കാരുടെ സാമൂഹ്യവും ചരിത്രപരവും നരവംശശാസ്ത്രപരവുമായ നാള്‍ വഴികളും അവതരിപ്പിക്കും. മറ്റൊരു എപ്പിസോഡില്‍ ലോകത്തും രാജ്യത്തിനകത്തുമുള്ള വിജയം കൊയ്ത ഭിന്നലിംഗക്കാരെ പരിചയപ്പെടുത്തും. അവരുടെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതിന് ഉപകരിക്കും.
”ഭിന്നലിംഗക്കാരെക്കുറിച്ച് അബദ്ധ ജടിലവും ആഭാസകരവുമായ കാര്യങ്ങള്‍ യുട്യൂബില്‍ ഒരിക്കല്‍ കാണുകയുണ്ടായി. മറ്റൊരിക്കല്‍ ഭിന്നലിംഗക്കാര്‍ ഒരു ശാപമാണെന്നും, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് ഇതിന് കാരണമെന്നുമൊക്കെ പ്രചരിക്കുന്നത് കണ്ടു. ഇതോടെയാണ് ഒരു യുട്യൂബ് ചാനല്‍ എത്രയും പെട്ടെന്ന് വേണമെന്ന് തോന്നിയത്” ചാനല്‍ പിറന്നതിന്റെ സാഹചര്യം രചന വിശദീകരിച്ചതിങ്ങനെയാണ്.
ട്രാന്‍സ്‌ജെന്റര്‍ വിഷയത്തിലുണ്ടായ നിയമവിധികളും കോടതി വ്യവഹാരങ്ങളും സര്‍ക്കാര്‍ നയങ്ങളും വിശദമാക്കുന്ന പരിപാടികളും ചാനലിലുണ്ടാകും. സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗപരമായ അധികാരക്രമം ഉടച്ചുവാര്‍ക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്ന് രചന പറയുന്നു. ‘ഭിന്നലിംഗക്കാര്‍ നേരിടുന്ന ക്രൂരതകള്‍ പ്രത്യേകിച്ചും ലൈംഗികത്തൊഴിലാളികള്‍ അനുഭവിക്കുന്നത്, അതവസാനിപ്പിക്കണമെങ്കില്‍ ഈ ലൈംഗിക അധീശത്വം പൊളിച്ചുകളയേണ്ടതുണ്ട്’ രചന വ്യക്തമാക്കി. രചനയ്ക്ക് പുറമെ അഞ്ജലി കല്യാണപ്പു, ജാനകിറായ്, സോണിയ ഷെയ്ക്ക് എന്നിവരും വെബ് പ്രവര്‍ത്തനത്തില്‍ സജീവമാണ്. ഈ വെബ് ചാനല്‍ ഭിന്നലിംഗക്കാരെക്കുറിച്ച് അവബോധം പൊതുമനസുകളില്‍ ഉണ്ടാക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നതും പ്രത്യാശിക്കുന്നതും.

Related News