Monday
25 Jun 2018

അഴകിലും കഴിവിലും പിന്നിലല്ല ഞങ്ങൾ…

By: Web Desk | Friday 23 June 2017 4:55 AM IST

പി ആർ റിസിയ
അഴകളവുകളിലും ബുദ്ധിയിലും തങ്ങൾ പിന്നിൽ അല്ലെന്ന്‌ തെളിയിക്കുകയാണ്‌ കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹം. സൗന്ദര്യത്തിന്റെ അളവുകോലുകൾ തിരുത്തിക്കുറിച്ച്‌ ട്രാൻസ്ജെൻഡറുകളിൽ കഴിഞ്ഞ ആഴ്ച കൊച്ചിയിൽ നടത്തിയ സൗന്ദര്യമത്സരം ഇതിന്‌ കൂടുതൽ കരുത്തേകുന്നതായിരുന്നു. മത്സരത്തിലെ വിജയിയായ തിരുവനന്തപുരം സ്വദേശിനിയായ ശ്യാമ ഉൾപ്പെടുയുള്ള 15 മത്സരാർഥികളുടെ പ്രതികരണങ്ങൾ സമൂഹത്തിൽ തങ്ങൾ നേരിടുന്ന വേർതിരിവുകളിലും ബുദ്ധിമുട്ടുകളിലും മനംമടുത്ത അവസ്ഥയ്ക്ക്‌ മാറ്റം വരേണ്ടതിലേക്ക്‌ വിരൽചൂണ്ടുന്നതായിരുന്നു. ഇന്ത്യയിലാദ്യമായി ട്രാൻസ്ജെൻഡർ കലാപ്രവർത്തകർ രൂപം കൊടുത്ത ട്രാൻസ്ജെൻഡർ സംഘടനയായ ‘ദ്വയ ആർട്ട്സ്‌ ആൻഡ്‌ ചാരിറ്റബിൾ സൊസൈറ്റി’യാണ്‌ മത്സരം സംഘടിപ്പിച്ചത്‌.
മത്സരത്തിൽ ‘ക്വീൻ ഓഫ്‌ ദ്വയ’ ആയി തെരഞ്ഞെടുക്കപ്പെട്ട 25കാരിയായ ശ്യാമയിലൂടെ ട്രാൻസ്ജെൻഡറുകൾ ഒന്നടങ്കമാണ്‌ വിജയത്തിന്റെ കിരീടം ചൂടിയത്‌. ട്രാൻസ്ജെൻഡർ എന്ന നിലയിൽ താൻ ഒരു ആൺകുട്ടിയെ മാത്രമേ ദത്തെടുക്കൂ എന്ന മറുപടിയിലൂടെയും ശ്യാമ മത്സരത്തിൽ ശ്രദ്ധേയയായി. ട്രാൻസ്ജെൻഡേഴ്സിനെ അപമാനിക്കുന്നതിൽ ഭൂരിഭാഗവും പുരുഷന്മാരാണ്‌. അതുകൊണ്ട്‌ ഒരു ആൺകുട്ടിയെ ദത്തെടുത്ത്‌ ട്രാൻസ്ജെൻഡേഴ്സിനോട്‌ എങ്ങനെ പെരുമാറണമെന്ന്‌ അവനെ പഠിപ്പിക്കുമെന്നായിരുന്നു ശ്യാമ നൽകിയ വിശദീകരണം. പൊതുപ്രവർത്തകരടക്കമുള്ള വിശിഷ്ടാതിഥികളും പൊതുജനങ്ങളും കരഘോഷത്തോടെയാണ്‌ ശ്യാമയുടെ വാക്കുകൾ ഏറ്റെടുത്തത്‌. മത്സരത്തിൽ ഫസ്റ്റ്‌ റണ്ണർ അപ്പ്‌ ആയി മുംബൈ സ്വദേശിനിയും ഡി ഫോർ ഡാൻസ്‌ മത്സരാർഥിയുമായിരുന്ന ജാസ്‌ ഡിസൂസയും സെക്കൻഡ്‌ റണ്ണർ അപ്പ്‌ ആയി എറണാകുളം സ്വദേശിനി ഹരിണി ചന്ദനയും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ മൂന്നിടത്തായി നടത്തിയ ഓഡിഷനിൽ പങ്കെടുത്ത മുന്നൂറോളം മത്സരാർഥികളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട പതിനഞ്ചു പേരാണ്‌ മത്സരത്തിൽ ഉണ്ടായിരുന്നത്‌. അവസാന റൗണ്ടിൽ എത്തിയ ആറു പേരിൽ നിന്നാണ്‌ ശ്യാമ ഒന്നാമതായത്‌. കേരളത്തിൽ ആദ്യമായി സർക്കാർ ഏർപ്പെടുത്തിയ ട്രാൻസ്ജെൻഡർ സ്കോളർഷിപ്പിന്‌ അർഹയായ വ്യക്തി കൂടിയാണ്‌ എം എഡ്‌ ബിരുദധാരിയായ ശ്യാമ.
ശാരീരിക ലക്ഷണങ്ങൾ കാരണം വീടുകളിൽ നിന്നും പുറത്താക്കപ്പെട്ടവരാണ്‌ ട്രാൻസ്ജെൻഢറുകളിലേറെയും. സമൂഹത്തിൽ നിന്നും അധികൃതരിൽ നിന്നുമുള്ള വേർതിരിവ്‌ മാറേണ്ടത്‌ അനിവാര്യമാണ്‌. എന്നാൽ മാത്രമേ തങ്ങൾക്കും ഈ നാട്ടിൽ ജോലി ചെയ്ത്‌ ജീവിക്കാൻ കഴിയൂ എന്ന്‌ ട്രാൻസ്ജെൻഡേഴ്സിന്റെ കലാ അഭിരുചികൾ വളർത്താനും വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്നവരുടെയും വിദ്യാഭ്യാസം മുടങ്ങിയവരുടെയും തുടർവിദ്യാഭ്യാസം ഉറപ്പുവരുത്താനുമായി ആരംഭിച്ച ധ്വയ ട്രാൻസ്ജെൻഡേഴ്സ്‌ ആർട്ട്സ്‌ ആന്റ്‌ ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാരവാഹികൂടിയായ ശീതൾ ശ്യാം പറയുന്നു.. മനുഷ്യൻ എന്നാൽ സ്ത്രീയും പുരുഷനുമല്ലെന്നും അതിന്റെ മധ്യത്തിൽ ജനിച്ചുവീഴുന്നവരുണ്ടെന്നും ജനിതക വൈകല്യങ്ങൾ ആരുടെയും കുറ്റമല്ല എന്ന ഉയർന്ന ബോധത്തിലേക്ക്‌ സമൂഹം എത്തിച്ചേർന്നാൽ മാത്രമേ നിലവിലെ കാഴ്ചപ്പാടിന്‌ മാറ്റംവരൂ എന്നുമാണ്‌ ട്രാൻസ്ജെൻഡറുകളുടെ അഭിപ്രായം. നിലവിൽ കേരളത്തിൽ ട്രാൻസ്ജെൻഡറുകളോടുള്ള സമീപനത്തിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നതാണ്‌ ഇവരുടെ പ്രധാന ആവശ്യം.
പലപ്പോഴും ട്രാൻസ്ജെൻഡറുകൾ നേരിടുന്ന പ്രശ്നങ്ങളിൽ മൂന്ന്‌ ശതമാനം പോലും നീതിയോ പരിഗണനയോ ലഭിക്കുന്നില്ലെന്നതും വാസ്തവമാണ്‌. . ഭൂരിപക്ഷ ലിംഗക്കാരുടെ മനസിലെ പ്രശ്നങ്ങളാണ്‌ ആദ്യം പരിഹരിക്കേണ്ടതെന്നും ഈ ന്യൂനപക്ഷം ദൃഢമായി പറയുന്നു.
സ്ത്രീകൾ, പുരുഷന്മാർ എന്നീ ഭൂരിപക്ഷലിംഗക്കാരാണ്‌ ഈ ന്യൂനപക്ഷങ്ങളെ അംഗീകരിക്കാൻ പലപ്പോഴും വൈമനസ്യം കാണിക്കുന്നത്‌. ഒരു മനുഷ്യനായിപ്പോലും ഇത്തരം ട്രാൻസ്ജെൻഡർ വിഭാഗക്കാരെ കാണാൻ മടിക്കുന്ന സമൂഹത്തിന്റെ മാറ്റമാണ്‌ തങ്ങളുടെ ഉയർച്ചയ്ക്ക്‌ വേണ്ടതെന്ന്‌ ഇവർ പറയുന്നു.

DWHAYA1