Trend, Concept, Brand, Life Style ഈ വാക്കുകൾ ആധുനിക ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ

Trend, Concept, Brand, Life Style ഈ വാക്കുകൾ ആധുനിക ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ
October 27 19:43 2016

കൂടുമ്പോൾ ഇമ്പമുണ്ടാക്കുന്നതാണ്‌ കുടുംബം. ഈ ഇമ്പം ഇന്ന്‌ പല കുടുംബങ്ങളിൽ നിന്നും നഷ്ടമായിരിക്കുന്നു. നിരവധി കാരണങ്ങൾ കുടുംബ പ്രശ്നങ്ങൾക്ക്‌ വഴിവെക്കുന്നു. എങ്കിലും ഒട്ടുമിക്ക കുടുംബങ്ങളിലെയും പ്രധാന പ്രശ്നം സാമ്പത്തിക അസന്തുലിതാവസ്ഥയാണ്‌. വരവിൽ കവിഞ്ഞ ചെലവാണ്‌. കെട്ടുറപ്പുള്ള കുടുംബാസൂത്രണത്തിലൂടെയും മികച്ച കുടുംബ ബജറ്റിലൂടെയും സന്തുഷ്ടമായ കുടുംബജീവിതത്തെ തിരിച്ചു പിടിക്കാം. എന്നാൽ നാടോടുമ്പോൾ നടുവേയോടുന്ന നമ്മുടെ പൊതു ശീലത്തെയും വരവിൽ കവിഞ്ഞ്‌ ചെലവഴിക്കുന്ന ധൂർത്തിനെയും നിയന്ത്രിച്ചു കൊണ്ടേ ഇത്‌ സാധ്യമാകൂ.

ആഗോള വിപണിയും സോഷ്യൽ മീഡിയയും വിരൽതുമ്പിലെത്തി നിൽക്കുന്ന കാലത്ത്‌ എല്ലാം മാറ്റങ്ങൾക്കു വിധേയമാകുന്നു. Trend, Concept, Brand, Life Style തുടങ്ങിയ വാക്കുകളെല്ലാം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഇത്‌ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും മാറ്റം വരുത്തി. മാറ്റത്തെ ഉൾക്കൊണ്ടേ മതിയാകൂ എന്ന സ്ഥിതി സംജാതമായി. എന്നാൽ ഈ സാമൂ ഹിക സ്ഥിതിയോടും ശീലങ്ങളോയും ഇടപഴകേണ്ടിവരുന്ന സാധാരണക്കാർക്ക്‌ അവരുടെ തുച്ഛമായ ശമ്പളംകൊണ്ട്‌ കുടുംബത്തെ സന്തോഷിപ്പിക്കാൻ കഴിയാതെ വരുന്നു. ഇത്തരം സാഹചര്യത്തിലാണ്‌ കൃത്യമായൊരു കുടുംബ ബജറ്റിന്റെ ആവശ്യകത നാം തിരിച്ചറിയേണ്ടത്‌. ജീവിതത്തിന്‌ ഒതുക്കും ചിട്ടയും കൈവരിക്കേണ്ടത്‌.

വിദ്യാഭ്യാസമില്ലാതെ നിലവാരമുള്ളൊരു ജീവിതം നയിക്കാൻ ഇനിയുള്ള തലമുറക്കു കഴിയില്ല. തൊഴിൽ മേഖലയിൽ കടുത്ത മത്സരങ്ങൾ അരങ്ങേറുമ്പോൾ പ്രൊഫ ഷണലായ വിദ്യാഭ്യാസ രീതികൾ അനി വാര്യമാണ്‌. എന്നാൽ വിദ്യാഭ്യാസ മേഖല കച്ചവട കേന്ദ്രമായി മാറിക്കഴിഞ്ഞു. കു ഞ്ഞ്‌ ജനിക്കുന്നതിനു മുമ്പേ ലക്ഷങ്ങൾ നൽകി സ്കൂളിൽ സീറ്റ്‌ ഉറപ്പിക്കുന്ന അച്ഛനമ്മമാരുണ്ടിവിടെ. കുടുംബ ബജറ്റ്‌ തയ്യാറാക്കുമ്പോൾ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച്‌ വ്യാകുലരാകുന്ന അച്ഛ നമ്മമാർ ഒരു നിശ്ചിത തുക അവരുടെ വിദ്യാഭ്യാസത്തിനായി മാറ്റിവക്കാൻ കണ്ടത്തേണ്ടതുണ്ട്‌.

വിദ്യാഭ്യാസത്തിനേക്കാൾ കൂടുതൽ പണം നമ്മൾ ചെലവഴിക്കുന്നത്‌ ആശുപത്രികളിലാണ്‌. വർദ്ധിച്ചു വരുന്ന മലിനീകരണം ഫാസ്റ്റ്‌ ഫുഡ്‌ ഭക്ഷണ രീതിയും, മറ്റ്‌ ശീലങ്ങളും നമ്മെ രോഗിയാക്കിക്കൊണ്ടിരിക്കുകയാണ്‌. ഇതനുസരിച്ച്‌ കഴുത്തറപ്പൻ കമ്പോളങ്ങളായി ആതുരാലയങ്ങൾ മാറിക്കഴിഞ്ഞു. രാജ്യത്ത്‌ സ്വകാര്യ ചികിത്സാ സ്ഥാപനങ്ങൾ കൂണുപോലെ മുളച്ചു പൊന്തി. ഔഷധ നിർമ്മാണ വ്യവസായവും ഏറെക്കുറെ സ്വകാര്യ മേഖലയിലാണ്‌. രോഗങ്ങളെക്കുറിച്ചുള്ള ആശങ്ക സമ്പാദിച്ചു വക്കാനുള്ള പ്രേരണയാവുകയാണ്‌ ഓരോരുത്തർക്കും. കുടുംബ ജീവിതം പലപ്പോഴും താളം തെറ്റുന്നതും കടബാധ്യതകളിലേക്ക്‌ കൂപ്പുകുത്തുന്നതും ആർഭാടകരമായ ആഘോഷങ്ങൾ വരുമ്പോഴാണ്‌. പ്രത്യേകിച്ചും വിവാഹ ആഘോഷങ്ങൾ. വിവാഹത്തിന്റെ പുത്തൻ ആഘോഷ രീതികളും ആർഭാടങ്ങളും നാട്ടിൻപുറത്തെ സാധാരണക്കാരുടെ ജീവിതത്തിലും പകർത്തിക്കഴിഞ്ഞു. ലോണെടുത്ത്‌ കടക്കാരാകുന്ന നിരവധി സാധാരണക്കാർ നമ്മുടെ സമൂഹത്തിലുണ്ട്‌. അതുകൊണ്ട്‌ തന്നെ ദൈനംദിന ജീവിതത്തിൽ ഭക്ഷണം, പാചകവാതകം, വൈദ്യുതി, ഫോൺ ബിൽ, യാത്ര, വസ്ത്രം, എന്റർടൈൻമെന്റ്‌ തുടങ്ങിയവയിലെല്ലാം നിയന്ത്രണത്തോടൊപ്പം ബദൽമാർഗ്ഗങ്ങളും തേടാവുന്നതാണ്‌.

  Categories:
view more articles

About Article Author