Friday
14 Dec 2018

ഒരു ഏക്കര്‍ ഭൂമി ആദിവാസി കുടുംബങ്ങള്‍ക്ക്

By: Web Desk | Wednesday 25 October 2017 12:26 AM IST

ഇടുക്കി പെരിഞ്ചാംകുട്ടിയിലെ ആദിവാസികളുടെ പട്ടയ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന യോഗം

തിരുവനന്തപുരം/തൊടുപുഴ: ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടിയില്‍നിന്ന് 2012 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുടിയിറക്കപ്പെട്ട 161 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വര്‍ഷങ്ങളായി പ്രദേശത്തെ ആദിവാസികള്‍ നടത്തി വന്ന സമരത്തിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തോടെ പരിഹാരമാകുന്നത്.
റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുളള ഒരു ഏക്കര്‍ ഭൂമി വീതമാണ് പെരിഞ്ചാംകുട്ടിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എകെ ബാലന്‍, വനം മന്ത്രി കെ രാജു എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
1978-ല്‍ പെരിഞ്ചാംകുട്ടിയില്‍ തേക്ക് വെച്ചുപിടിപ്പിച്ചിട്ടുണ്ടെങ്കിലും ഭൂമി ഇപ്പോഴും റവന്യുവകുപ്പിന്റെ ഉടമസ്ഥതയിലാണ്. അതിനാല്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ നിയമപരമായ തടസ്സങ്ങളൊന്നുമില്ല. എന്നാല്‍ തേക്ക് മരങ്ങള്‍ വനം വകുപ്പിന്റേതായിരിക്കും. മരങ്ങള്‍ക്ക് പ്രായമെത്തുമ്പോള്‍ വനംവകുപ്പിന് അതു മുറിച്ചു മാറ്റാവുന്നതാണ്.
യോഗത്തില്‍ റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജെയിംസ് വര്‍ഗീസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (കോഓര്‍ഡിനേഷന്‍) വി എസ് സെന്തില്‍ എന്നിവര്‍ പങ്കെടുത്തു.
2012 ഫെബ്രുവരി 10ന് ആണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വനഭൂമി കയ്യേറിയെന്ന് പറഞ്ഞ് വനംവകുപ്പ് അധികൃതരും പൊലീസും ചേര്‍ന്ന് ആദിവാസികളെ കുടിയിറക്കിയത്. പ്രായമായവരെയും കുട്ടികളെയും തല്ലിച്ചതച്ച ശേഷമായിരുന്നു കുടിയിറക്കല്‍. പൊലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നരനായാട്ടില്‍ കുഴഞ്ഞ് വീണ് ലൈസമ്മയെന്ന വീട്ടമ്മ ആശുപത്രിയിലാകുകയും മൂന്ന് ദിവസത്തിനുള്ളില്‍ മരിക്കുകയും ചെയ്തു. 90 വയസ്സിന് മേല്‍ പ്രായമുള്ള സ്ത്രീകള്‍ ഉള്‍പ്പടെ 62 പേരെ ജയിലിലടച്ചു. 16 ദിവസത്തിന് ശേഷമാണ് 19 സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചത്.
ആദ്യം സൂചനാ സമര മായി തുടങ്ങിയ സമരം 2012 ഒക്ടോബര്‍ ഒന്ന് മുതലാണ് ഇടുക്കി കളക്ട്രേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരമായി മാറിയത്. കുടിയിറക്കപ്പെട്ടവര്‍ ബന്ധുവീടുകളിലും വാടകമുറികളിലും കടത്തിണ്ണകളിലും കഴിഞ്ഞുകൂടിയാണ് സമരമുഖത്ത് ഉറച്ച് നിന്നത്. പ്രതികൂല സാഹചര്യത്തില്‍ നടന്ന സമരത്തിനിടയില്‍ 11 പേര്‍ മരിച്ചു. പലപ്പോഴും സമരപന്തലിന് നേരെ കാട്ടാനകളുടെ അക്രമണം ഉണ്ടായിട്ടും സ്വന്തം ഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള സമരപോരാട്ടത്തില്‍ നിന്ന് പിന്‍മാറാന്‍ ആരും തയ്യാറായില്ല. ഇതിനിടെ കിടപ്പാടം നഷ്ടപ്പെട്ട രാഘവന്‍ എന്ന ആദിവാസി ആത്മഹത്യ ചെയ്യുകയും ചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ സമരത്തെ അവഗണിച്ചപ്പോള്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. സമരത്തിന്റെ തുടക്കം മുതല്‍ സിപിഐ ഇടുക്കി ജില്ലാ കൗണ്‍സിലും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ പെരിഞ്ചാംകുട്ടിയില്‍ 450 ഏക്കര്‍ വരുന്ന സ്ഥലത്ത് മുതുവാന്‍മല അരയാന്‍, ഉള്ളാടന്‍, ഊരാളി, മന്നാന്‍ വിഭാഗത്തില്‍പ്പെട്ടവരാണ് കുടില്‍കെട്ടി താമസിച്ചിരുന്നത്. കെ ആര്‍ ഗൗരിയമ്മ റവന്യു വകുപ്പ് മന്ത്രി ആയിരുന്നപ്പോള്‍ ആദിവാസികള്‍ക്ക് രണ്ടേക്കര്‍ വീതം പതിച്ചു നല്‍കുന്നതിനായി തിരിച്ചിട്ടിരുന്ന റവന്യു ഭൂമിക്കാണ് വനംവകുപ്പ് അവകാശവാദം ഉന്നയിച്ച് കുടിയിറക്കിയത്. എന്നാല്‍ സര്‍ക്കാര്‍ രേഖകളില്‍ പല തണ്ട പേരുകളില്‍ കിടക്കുന്ന റവന്യു ഭൂമിയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടും യുഡിഎഫ് സര്‍ക്കാര്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് ഭൂമി തിരിച്ചു നല്‍കാന്‍ തയ്യാറായില്ല.
2015 ഓഗസ്റ്റ് 30ന് അന്നത്തെ ജില്ലാ കളക്ടറുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ കുഞ്ചിത്തണ്ണി വില്ലേജില്‍ എച്ച്എന്‍എല്ലിന്റെ കൈവശമുള്ള അമ്പതേക്കര്‍ ഭൂമിയും ആനച്ചാലില്‍ ചെങ്കുളം ഡാമിന്റെ മറുകരയിലുള്ള 25 ഹെക്ടര്‍ ഭൂമിയില്‍ 15 ഏക്കര്‍ ഒഴിച്ച് ബാക്കിയുള്ള ഭൂമിയും കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്ക് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഇതും അട്ടിമറിക്കുകയായിരുന്നു.

 

Related News