Saturday
18 Nov 2017

കാടിറങ്ങി ആദിവാസി മൂപ്പന്‍മാര്‍ വന്നു; പ്രിയ താരത്തെ നേരില്‍ കാണാന്‍

By: Web Desk | Saturday 11 November 2017 10:19 PM IST

ജോമോന്‍ വി സേവ്യര്‍

തൊടുപുഴ: തങ്ങള്‍ക്ക് അകലെയിരുന്ന് സഹായം ചെയ്യുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കാണണമെന്ന കുണ്ടളക്കുടി ആദിവാസിക്കോളനിയിലെ കങ്കാണി അപ്പനും സംഘത്തിന്റെയും ആഗ്രഹത്തിന് വിലങ്ങുതടിയാകാന്‍ വഴിയില്‍ തടസ്സമായി നിന്ന കാട്ടാനക്കൂട്ടത്തിന് പോലും സാധിച്ചില്ല.
തൊടുപുഴയില്‍ മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്ന പരോള്‍ എന്ന സിനിമയുടെ ലൊക്കേഷനായ മലങ്കരയില്‍ എത്താനായി ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കുണ്ടളക്കുടിയില്‍ നിന്ന് കങ്കാണി മൂപ്പനായ കന്തസ്വാമിയും സംഘവും യാത്രതിരിച്ചത്. എന്നാല്‍ കാടും മേടും താണ്ടിയുള്ള യാത്രയില്‍ പലപ്പോഴും കാട്ടാന കൂട്ടം തടസ്സമായി നിന്നെങ്കിലും യാത്ര മുടക്കാന്‍ അവര്‍ തയ്യാറായില്ല. തങ്ങള്‍ക്ക് നല്‍കി കൊണ്ടിരിക്കുന്ന സഹായങ്ങള്‍ക്ക് നേരില്‍ കണ്ട് നന്ദി പറയണമെന്ന ആഗ്രഹം ട്രൈബല്‍ ജനമൈത്രി പൊലീസ് മുഖാന്തരമാണ് മൂപ്പന്‍മാര്‍ മമ്മൂട്ടിയെ അറിയിച്ചത്. ആഗ്രഹം സാധിച്ച് കൊടുക്കാന്‍ മമ്മൂട്ടി തയ്യാറായതോടെയാണ് ഇന്നലെ മലങ്കരയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കൂടിക്കാഴ്ച നടന്നത്.
മൂന്നാര്‍ ജനമൈത്രി ട്രൈബല്‍ പൊലീസിന്റെ സഹകരണത്തോടെ നൂറുകണക്കിന് ആദിവാസികളില്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ സഹായം എത്തിച്ചു വരികയായിരുന്നു. മമ്മൂട്ടി തൂമ്പയും പിക്കാസും ഉള്‍പ്പടെയുള്ള കാര്‍ഷിക ഉപകരണങ്ങള്‍ സംഘത്തിന് നല്‍കാന്‍ കരുതിയിരുന്നു. മൂപ്പന്‍മാരോടൊപ്പം കെയര്‍ ആന്റ് ഷെയര്‍ വഴി സഹായം ലഭിച്ചു പോരുന്ന ട്രൈബല്‍ സ്‌കൂളിലെ കുട്ടികളുടെ രക്ഷകര്‍ത്താക്കളും സംഘത്തില്‍ ഉണ്ടായിരുന്നു. ബഹിരാകാശ ശാസ്ത്രജ്ഞനാവാന്‍ വിദേശത്ത് പഠിക്കണമെന്ന മകന്റെ ആഗ്രഹം അറിയിച്ച സെന്തിലിന് അതിനുള്ള മുഴുവന്‍ സഹായവും കെയര്‍ ആന്റ് ഷെയര്‍ വഴി നടപ്പാക്കുമെന്ന് മമ്മൂട്ടി അറിയിച്ചു.
അഞ്ച് വര്‍ഷം മുമ്പ് കുണ്ടളക്കുടിയില്‍ വച്ച് ആദിവാസികളുമായി മുഖാമുഖം നടത്തിയ മമ്മൂട്ടിയും സംഘവും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ ശേഷം കെയര്‍ ആന്റ് ഷെയറിന്റെ കീഴില്‍ പൂര്‍വ്വീകം എന്നൊരു പദ്ധതി ആരംഭിച്ചിരുന്നു. മമ്മൂട്ടിയോടൊപ്പം ഫോട്ടൊയെടുത്തും ഷൂട്ടിംഗ് കണ്ടതിനും ശേഷമാണ് സംഘം മടങ്ങിയത്. മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇര്‍ഷാദ്, കെയര്‍ ആന്റ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍, ട്രൈബല്‍ ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ എ എം ഫക്രുദീന്‍, വി കെ മധു, എ ബി ഖദീജ, കെ എം ശൈലജമോള്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.