Sunday
22 Oct 2017

ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ആദിവാസി യുവതിയെ പീഡിപ്പിച്ചു :19 വർഷം തടവും 8 ലക്ഷംരൂപ പിഴയും

By: Web Desk | Thursday 12 October 2017 3:04 PM IST

മാനന്തവാടി: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 19 വർഷം കഠിനതടവും 8 ലക്ഷംരൂപ പിഴയും. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി സ്വദേശിയായ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 28 വയസ്സുള്ള യുവതിയെ വീട്ടിൽ അതിക്രമിച്ച കയറി മാനഭംഗപ്പെടുത്തി ഗർഭിണിയാക്കിയ കേസിലാണ് ശിക്ഷ. പനവല്ലി കുന്നുവിളയിൽ അനിൽ കുമാർ (42) നെയാണ് 19 വർഷം കഠിന തടവിനും 8 ലക്ഷം രൂപ പിഴയടക്കാനും പട്ടികജാതി പട്ടികവർഗ്ഗക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യുന്നതിനുള്ള മാനന്തവാടിയിലെ പ്രത്യേക കോടതി ജഡ്ജി വി.സെയ്തലവി ശിക്ഷിച്ചത്.

2013ലാണ് സംഭവം നടന്നത്. മാനന്തവാടി പനവല്ലി റൂട്ടിലെ സ്വകാര്യ ബസ്സിലെ ക്ലിനറായ അനിൽകുമാർ ആരുമില്ലാത്ത സമയത്ത് യുവതിയെ വീട്ടിൽ കയറി ബലമായി പീഡിപ്പിക്കുയായിരുന്നു. ഗർഭിണിയായ യുവതി കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. മാനഭംഗത്തിന് 14 വർഷം കഠിന തടവും വീട്ടിൽ അതിക്രമിച്ച് കയറിയതിന് 5 വർഷം തടവും 3 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴയടച്ചാൽ 4 ലക്ഷം രൂപ യുവതിക്കും 3 ലക്ഷം രൂപ കുട്ടിക്കും നൽകാനും വിധിയിൽ പറയുന്നു.തിരുനെല്ലി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് മാനന്തവാടി.എസ്.എം.എസ് യൂണിറ്റാണ് പിന്നീട് അന്വേഷിച്ചത്. കേസിൽ 9 സാക്ഷികളെ വിസ്തരിച്ചു. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ജോഷി മുണ്ടയ്ക്കൽ സർക്കാരിന് വേണ്ടി ഹാജരായി.