Wednesday
22 Aug 2018

സിസ്റ്റര്‍ ജെസ്മിയുടെ സിനിമാകാഴ്ചപ്പാടുകള്‍

By: Web Desk | Friday 29 September 2017 3:23 PM IST

ആദിവാസികള്‍ എന്നും ആദിവാസികള്‍ തന്നെ

പ്രസ്താവനക്ക് ഒരു നിഷേധാത്മകവും ഒപ്പം ഭാവാത്മകവും ആയ അര്‍ത്ഥതലങ്ങളുണ്ട്. മുതലാളിത്വവ്യവസ്ഥയില്‍ അതില്‍ ഒരു പുച്ഛം അടങ്ങിയിട്ടുണ്ട്. എന്നാല്‍ മനുഷ്യസ്‌നേഹികളുടെ മനസ്സില്‍നിറയേ അവരോട് ആദരവാണ്.. കാരണം അവരാണ് ഭൂമിയിലെ ആദിവാസികള്‍. ആദ്യ അവകാശികള്‍.. ഒരുപക്ഷെ, ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളും…
ഇപ്പോള്‍ ഈ ചിന്ത എന്നിലുണര്ത്തിയത് രഞ്ജിത് ചിറ്റാടെ സംവിധാനം ചെയ്ത ‘പതിനൊന്നാം സ്ഥലം’ എന്ന ചലച്ചിത്രമാണ്. റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനു വയനാട്ടില്‍ വരുന്ന ഭൂമാഫിയ, രാഷ്ട്രീയക്കാരുടെ ഒത്താശയോടെ, സര്‍ക്കാര്‍ ഭൂമി കമ്പനിമുതലാളിമാര്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഭൂരഹിതരായ, അഥവാ സ്വന്തം ഭൂമിയില്‍നിന്ന് നിഷ്‌ക്കാസിതരായ ആദിവാസികള്‍ അവതരിപ്പിക്കപ്പെടുന്നത്. തേയിലത്തോട്ടങ്ങളില്‍ പകലന്തിയോളം വേലചെയ്യുന്ന അവര്‍ക്ക് വേണ്ടത്ര ഭക്ഷണമോ, തല ചായ്ക്കാന്‍ അടച്ചുറപ്പുള്ള പാര്‍പ്പിടമോ രോഗാവസ്ഥയില്‍ ആശ്രയിക്കാന്‍ ചികിത്സാസൌകര്യമോ യാത്ര ചെയ്യാന്‍ റോഡുകളോ വാഹനങ്ങളോ ലഭ്യമല്ല എന്ന നഗ്‌നസത്യം സംവിധായകന്‍ വ്യക്തമാക്കുകയാണ് ഈ ചിത്രത്തിലൂടെ.
പുതിയ കമ്പനി തുടങ്ങാന്‍ ഏക്കറോളം ഭൂമി തേടി വരുന്ന ചഞക മുതലാളികളെ സ്ഥലം കാണിക്കാന്‍ വാടകക്കാറില്‍ കൊണ്ടുവരികയാണ് ദല്ലാള്‍. കത്തോലിക്കനായ ഡ്രൈവര്‍ക്ക് ഒരു ദുഖവെള്ളിയാഴ്ച ദിനമാണ് യാത്ര ചെയ്യേണ്ടിവരുന്നത്. വീട്ടുകാര്‍ ‘കുരിശിന്റെ വഴി’ എന്ന ഭക്താഭ്യാസത്തില്‍ പങ്കെടുക്കാന്‍ മകന്‍ കൂടി വരാത്തതിന്റെ ഈര്ഷ്യയിലാണ്. വാടകയോട്ടം കഴിഞ്ഞാല്‍ ഉടനെ ഭക്തികര്‍മ്മത്തിനു ചെന്നെത്താമെന്നു വാക്ക് കൊടുത്തിട്ടാണ് അദ്ദേഹം യാത്ര പുറപ്പെടുന്നത്. പക്ഷേ, മടക്കയാത്രയില്‍ മരണാസന്നനായ ഒരു രോഗിയെ ധആദിവാസിപ മകളോടും ഒരു സഹായിയോടുമൊപ്പം അടിവാരത്തില്‍ ഉള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ഡ്രൈവര്‍ നിര്‍ബന്ധിതനാകുന്നു. ‘കുരിശിന്റെ വഴി’യില്‍ പങ്കെടുക്കുന്ന അസംഖ്യം ഭക്തരുടെ നീണ്ട നിര മൂലവും മറ്റു വാഹനത്തിരക്കുമൂലവും ആശുപത്രിയില്‍ എത്താന്‍ താമസം നേരിട്ടതിനാല്‍ രോഗി മരണമടയുകയായിരുന്നു. ശവസംസ്‌കാരത്തിന് സ്വന്തം ഭൂമിയില്ലാത്തതിനാല്‍ അവിടെയുള്ള പൊതുശ്മശാനത്തില്‍ അന്വേഷിച്ചപ്പോള്‍ ആദിവാസി ഹിന്ദു ആണോ എന്ന് ഉറപ്പില്ലാത്തതിനാല്‍ അനുമതി നിഷേധിക്കപ്പെട്ടു. മരിച്ച വ്യക്തിയുടെ മകളോട് ജാതി അന്വേഷിച്ചപ്പോള്‍ അവള്‍ പറഞ്ഞത്: ‘ആദിവാസി എന്നും ആദിവാസി തന്നെ.’ ഹിന്ദു എന്ന് വിളിക്കപ്പെടാന്‍ അവള്‍ ഒട്ടും ആഗ്രഹിക്കുന്നില്ല. സ്വന്തമായി ഭൂമിയില്ലെങ്കിലും പാര്‍ക്കുന്ന കുടിലിലെ അടുക്കളയുടെ അടിയില്‍ ശവം മറവു ചെയ്യാം എന്നാണു പോംവഴിയായി അവള്‍ കണ്ടെത്തിയത്.
മതമൌഢൃതയെ ഈ ചിത്രം നിശബ്ദമായി അപഹസിക്കുന്നുണ്ട്. മനുഷ്യര്‍ക്കുവേണ്ടി ജീവത്യാഗം ചെയ്ത യേശുവിന്റെ ചരമദിനം അനുസ്മരിക്കുന്ന ദുഖവെള്ളിയില്‍ ഭക്തപ്രകടനങ്ങള്‍ക്കാണ് മതമേലധികാരികള്‍ ഊന്നല്‍ കൊടുക്കുന്നത്. മൃതശരീരത്തിന്റെ ജാതി തിരയുന്നവരും സഹതാപമല്ലാതെ മറ്റെന്താണ് അര്‍ഹിക്കുന്നത് ? ആരോരുമില്ലാത്ത ആദിവാസിയേയും മകളേയും ആശുപത്രിയിലെത്തിക്കാന്‍ തത്രപ്പെടുന്ന മുസ്ലിം സഹോദരനും സ്വന്തം ഉത്തരവാദിത്വം പോലും മാറ്റിവെച്ച് അവരെ കാറില്‍ കയറ്റുന്ന ഡ്രൈവറും മനുഷ്യത്വത്തിന്റെ പ്രതീകമാണ്. ദുഖവെള്ളിയാഴ്ച യേശുവിന്റെ മൃതശരീരത്തിന്റെ മണ്‍പ്രതിമ പ്രതീകാത്മക വിലാപയാത്രയായി കൊണ്ടുപോകുന്നതിനുപകരം ആംബുലന്‍സ് കിട്ടാഞ്ഞതിനാല്‍ മൃതദേഹം സ്വന്തം കാറില്‍ കൊണ്ടുപോകാന്‍ ഡ്രൈവര്‍ സന്മനസ്സു കാണിക്കുന്നു. നല്ല ശമരിയാക്കാരന്റെ ഉപമ ഇവിടെ സ്മരണീയമാണ്. വിശുദ്ധ ബലി അര്‍പ്പിക്കാനുള്ളതിനാല്‍ സ്വയം അശുദ്ധനാകാതിരിക്കാന്‍ വഴിയില്‍ മൃതപ്രായനായി കിടന്നവനെ അവഗണിച്ചു കടന്നുപോയ പുരോഹിതനെ യേശു ശ്ലാഘിക്കുന്നില്ലെന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. മറ്റേതു വിശ്വാസിയേക്കാള്‍ യേശുവിന്റെ യഥാര്‍ത്ഥ അനുയായി ഡ്രൈവറായ ആ നല്ല ശമരിയാക്കാരന്‍ തന്നെ എന്നത് നിസ്തര്‍ക്കമാണ്.