Sunday
17 Dec 2017

ഗോത്ര വിദ്യ സര്‍വ്വേ ജില്ലയില്‍ ആരംഭിച്ചു

By: Web Desk | Tuesday 26 September 2017 5:50 PM IST

 

മാനന്തവാടി: പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്നതിനായുള്ള കേരള സര്‍ക്കാരിന്റെ കര്‍മപരിപാടിയായ ഗോത്ര വിദ്യ 201718ന്റെ ഭാഗമായുള്ള സര്‍വ്വേജില്ലയില്‍ ആരംഭിച്ചു.
സ്‌കൂളിലോ അങ്കന്‍വാടികളിലോ എത്താത്ത കുട്ടികളെയും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച കുട്ടികളെയും കണ്ടെത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തിക്കുകയും തുടര്‍പഠനം ഉറപ്പാക്കുകയുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലാ പഞ്ചായത്ത്, പൊതുവിദ്യഭ്യാസ വകുപ്പ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പദ്ധതിയുമായി സഹകരിച്ച് സര്‍വ്വശിക്ഷ അഭയനാണ് സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നത്. അധ്യാപകര്‍, പിടിഎ അംഗങ്ങള്‍, എസ്.ടി.പ്രമോട്ടര്‍മാര്‍, അങ്കണ്‍വാടി ജീവനക്കാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ടീച്ചേഴ്‌സ്, മഹിളാസമഖ്യ പ്രവര്‍ത്തകര്‍, ഊര് വിദ്യാകേന്ദ്രം വളണ്ടിയര്‍മാര്‍ എന്നിവരെല്ലാം പദ്ധതിയില്‍ പങ്കാളികളാവുന്നുണ്ട്. മാനന്തവാടി താലുക്കില്‍ 1089 കോളനികളിലും, ബത്തേരിയില്‍ 1078 കോളനികളിലും, വൈത്തിരിയില്‍ 595 കോളനികളിലുമായി 3100 കോളനികളിലാണ് ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി സര്‍വ്വേ നടക്കുന്നത്. ഇതിനായുള്ള പഞ്ചായത്ത്തല പരിശീലന പരിപാടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 75 ഊര് വിദ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും വിദ്യാ വളണ്ടിയര്‍മാരെ നിയമിക്കുകയും 241 എല്‍.പി.സ്‌കൂളുകളില്‍ ഗോത്ര ബന്ധു അധ്യാപകരെ നിയമിക്കുകയും ചെയ്തിരുന്നു. ഐ.ടി.ഡി.പി യുടെ ഗോത്ര സാരഥി പദ്ധതിയുടെ ആനുകൂല്യം കിട്ടാത്ത കുട്ടികള്‍ക്ക് പ്രത്യേക പദ്ധതി ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ് എന്നിവയായി ജില്ലയില്‍ 968 പേര്‍ക്ക് 29 ലക്ഷം രൂപയായി പദ്ധതിയിലൂടെ നല്‍കുന്നുണ്ട്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതൊടെ ജില്ലയില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥി പോലും സ്‌കുളിലെത്താതിരിക്കില്ലെന്ന് എസ്.എസ്.എ അധികൃതര്‍ പറഞ്ഞു.
ഈ വര്‍ഷം ഒന്നാം ക്‌ളാസ്സ് മുതല്‍ പത്താം ക്‌ളാസ്സ് വരെ ഗവ സ്‌ക്കൂളുകളില്‍ 16941 പേരും ഗവ.എയ്ഡഡ് സ്‌ക്കുളുകളില്‍ 10 130 പേരും ഉള്‍പ്പെടെ 27071 പട്ടിക വിദ്യാര്‍ത്ഥികളാണ് സ്‌കുളുകളിലെത്തിയത്. പദ്ധതി പൂര്‍ത്തീകരിച്ചുകൊണ്ടുള്ള ജില്ലാതല പ്രഖ്യാപനം നവംമ്പര്‍ ഒന്നിന് നടക്കും. അതെ സമയം സര്‍വ്വേ ടീം അംഗങ്ങള്‍ കോളനികളിലെത്തുന്ന സമയങ്ങളില്‍ രക്ഷിതാക്കള്‍ ഉണ്ടാകാന്‍ സാധ്യത കുറവായതിനാല്‍ തന്നെ കുട്ടികളുടെ വ്യക്തമായ കണക്കുകള്‍ ലഭിക്കാനിടയില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ്‌പോക്ക് തടയാന്‍ ജനമൈത്രി എക്‌സൈസ് നടപ്പിലാക്കിയ പരിപാടികളുടെ ചുവട് പിടിച്ചാണ് ഗോത്ര വിദ്യയും ജില്ലയില്‍ നടപ്പിലാക്കുന്നത്. സര്‍വ്വേ നാളെ അവസാനിക്കും

 

Related News