18 April 2024, Thursday

ത്രിപുര തെര‍‍ഞ്ഞെടുപ്പ് ഫലം; മമതയുടെ ദേശീയരാഷ്ട്രീയത്തിലേക്കുള്ള മോഹത്തിന് തിരിച്ചടിയാകുന്നു, പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങള്‍ പാളുന്നു

പുളിക്കല്‍ സനില്‍രാഘവന്‍
November 30, 2021 1:11 pm

ത്രിപുര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെതുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ദേശീയരാഷട്രീയത്തിലേക്ക് കടന്നു വരാനുള്ള ശ്രമത്തിന് തിരിച്ചടിയായിരിക്കുന്നു. ഒപ്പം രാഷട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്‍റെ തന്ത്രങ്ങള്‍ക്കും മങ്ങലേറ്റിരിക്കുന്നു. മമതബാനര്‍ജിയുടെ ദേശീയരാഷട്രീയത്തില്‍ എത്താനുള്ള പദ്ധതി ബംഗാളിലെ വിജയത്തിന് പിന്നാലെ ആരംഭിച്ചതാണ്. 

ബംഗാളില്‍ മമതയും അവരുടെ പാര്‍ട്ടിയും അധികാരത്തില്‍ എത്തിയത് അക്രമം അഴിച്ചുവിട്ടുതന്നെയാണ്. ഇടതുപക്ഷ പ്രവര്‍ത്തകരെ കായികമായി നേരിട്ടാണ് അവര്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിച്ചത്. മനുഷ്വത്വമില്ലാത്ത നടപടികളാണ് ബംഗാളില്‍ മമതയും കൂട്ടരും നടത്തുന്നത്., എന്നാല്‍ ത്രിപുരയിലെ തോല്‍വിയിലൂടെ സംഭവിച്ചത് മമതയുടെ ദേശീയ മോഹത്തിന് മങ്ങലേറ്റിരിക്കുകയാണ്. വമ്പന്‍ നേട്ടമൊന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്വപ്‌നം കണ്ടിട്ടുണ്ടാവില്ല. പക്ഷേ മാന്യമായ സീറ്റ് നില അവര്‍ ഉറപ്പിച്ചിരുന്നു. അതിനാണ് വലിയ തിരിച്ചടിയുണ്ടായിരിക്കുന്നത്. എന്നാല്‍ ദേശീയ പ്ലാന്‍ എന്നത് എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ലെന്ന് മമത തിരിച്ചറിഞ്ഞിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ബിജെപിയെ സഹായിക്കാനാണ് മമത ശ്രമിച്ചത്.

ബിജെപിക്ക് എതിരേ ത്രിപുരയില്‍ ശക്തമായ നിലപാട് എടുക്കുന്നത് ഇടതുപാര്‍ട്ടികളാണ്. കോണ്‍ഗ്രസിനെ ഇല്ലാതാക്കി ആ സീറ്റുകള്‍ തങ്ങളുടേതാക്കുക എന്ന പ്ലാനാണ് മമത ബാനര്‍ജി സ്വീകരിച്ച് വന്നത്. ത്രിപുരയില്‍ സുസ്മിത ദേവും ഗോവയില്‍ ലൂസീഞ്ഞോ ഫലെയ്‌റോയും, മേഘാലയയില്‍ മുകുള്‍ സാങ്മയും ഇതിന്റെ ഉദാഹരണങ്ങളായിരുന്നു. ഇതെല്ലാം കോണ്‍ഗ്രസിന്റെ അടിത്തറ മൂന്നിടത്തും ഇല്ലാതാക്കിയിരിക്കുന്നു. പ്രശാന്ത് കിഷോര്‍ നടപ്പാക്കുന്ന ഈ തന്ത്രം കോണ്‍ഗ്രസിനെ തകര്‍ക്കും എന്ന കാര്യത്തില്‍ സംശയങ്ങളില്ല. ഗോവയിലും മേഘാലയയിലും ത്രിപുരയിലും കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ലെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞു. 

ത്രിപുരയിലും കോണ്‍ഗ്രസിന് സീറ്റൊന്നും കിട്ടിയിട്ടില്ല. അത് തൃണമൂല്‍ കാരണം തന്നെയാണ്. ഇരുപത് ശതമാനത്തോളം വോട്ടും പാര്‍ട്ടിക്ക് കിട്ടിയത് കോണ്‍ഗ്രസില്‍ നിന്നാണ്. കോണ്‍ഗ്രസിന്റെ വോട്ട് നേടിയിട്ടും കാര്യമായി തൃണമൂലിന് സീറ്റുയര്‍ത്താന്‍ സാധിച്ചിട്ടില്ല. ഒരു സീറ്റ് മാത്രമാണ് ആകെ മമതയുടെ പാര്‍ട്ടി നേടിയത്. ഇതിലൂടെ കോണ്‍ഗ്രസിനെ തകര്‍ക്കുകയും, സ്വയം ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലുമാണ് മമത വീണിരിക്കുന്നത്. പാര്‍ലമെന്റില്‍ വീണ്ടും കോണ്‍ഗ്രസില്‍ നിന്ന് അകലം പാലിച്ചിരിക്കുകയാണ്. മമത ചെയ്യുന്ന കാര്യങ്ങളില്‍ വലിയ അബദ്ധങ്ങളുണ്ട്. പ്രധാനമായി പറയേണ്ടത് നേതാക്കളെ കൂറുമാറ്റുന്നതാണ്. ബംഗാളില്‍ തൃണമൂലില്‍ നിന്ന് നേതാക്കള്‍ ഒരു ഘട്ടത്തില്‍ വന്‍ തോതിലാണ് കൊഴിഞ്ഞുപോയിരുന്നു. ബിജെപി അന്ന് കാണിച്ച അതേ അബദ്ധം തന്നെയാണ് മമത ഇപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ കാണിക്കുന്നത്. കൂറുമാറുന്ന നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നു. അവര്‍ക്ക് തിരഞ്ഞെടുപ്പ് ഗോദയില്‍ ഒന്നും ചെയ്യാനുമില്ല.

അങ്ങനെയുള്ളവരെ കൊണ്ടുവരുന്നതിലൂടെ തൃണമൂലിന് തന്നെയാണ് അത് ബാധ്യയാവുന്നത്. മമത ദേശീയ തലത്തില്‍ ഇപ്പോഴും അപരിചിതയായ നേതാവാണ്. സ്വന്തമായി വോട്ടുബാങ്ക് ഉണ്ടാക്കണമെങ്കില്‍ സ്ഥിരമായി ആ നേതാവോ പാര്‍ട്ടിയോ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യണം. തൃണമൂലിന്റെ കാര്യത്തില്‍ സംഭവിച്ചത് നേരെ തിരിച്ചാണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അവര്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ത്രിപുരയില്‍ വീണ്ടുമെത്തുന്നത്. അങ്ങനെ തൃണമൂലിനെ വിശ്വസിക്കാവുന്ന തരത്തിലേക്ക് കൊണ്ടുവരാന്‍ മമതയ്ക്ക് സാധിച്ചിട്ടില്ല. 

ബിജെപിയെ എതിര്‍ക്കാന്‍ ഇടതുപക്ഷത്തിനുമാത്രമേ കഴിയു എന്നു ത്രിപുരയിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി തങ്ങളാണെന്ന തൃണമൂല്‍ കോണ്‍ഗ്രസ് വാദം വെറും പൊള്ളയാണ്. സിപിഐഎം തന്നെയാണ് വോട്ട് ഷെയറില്‍ രണ്ടാം സ്ഥാനമുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളില്‍ സിപിഐഎം ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി .13 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, അഗര്‍ത്തല കോര്‍പ്പറേഷനിലെ 51 വാര്‍ഡുകള്‍, ആറ് നഗര പഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടെ 334 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് നടന്നത്.സിപിഐഎം മൂന്ന്സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസും മറ്റുള്ളവരും ഓരോ സീറ്റ് വീതവും സ്വന്തമാക്കി. കോണ്‍ഗ്രസിന് ഒറ്റ സീറ്റും നേടാനായില്ല. പ്രതിപക്ഷത്തിന്റെ വോട്ട് ഭിന്നിക്കുന്ന ഒവൈസിയുടെ അതേ തന്ത്രം തന്നെയാണ് മമതയും നടത്തുന്നത്. 2024 മുന്നില്‍ കണ്ടിട്ടുള്ള പ്രതിപക്ഷ ഐക്യത്തെ മമതയുടെ ദേശീയ മോഹം ഇല്ലാതാക്കുമെന്ന് ഉറപ്പാണ്.ബംഗാളിന് പുറത്ത് പാര്‍ലമെന്റ് സീറ്റ് നേടുക എന്ന മമതയുടെ മോഹം നടക്കില്ലെന്നു തെളിഞ്ഞിരിക്കുന്നു.മേഘാലയില്‍ വലിയ തോതിലുള്ള നേതാക്കളുടെ ഒഴുക്കാണ് കോണ്‍ഗ്രസില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ഉണ്ടായത്. ബഹുഭൂരിപക്ഷം എംഎല്‍എമാരും രാജി പ്രഖ്യാപിച്ചു പാര്‍ട്ടിയില്‍ നിന്നുൂം പുറത്തു വന്നിരുന്നു. 

എന്നാല്‍ ഇത് ഒരൊറ്റ ദിനം കൊണ്ട് സംഭവിച്ചതല്ല. ഇതിന് പിന്നില്‍ പ്രശാന്ത് കിഷോറാണ്. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ദീര്‍ഘ ദൂര പ്ലാനായിട്ടുവേണം കാണുവാന്‍ എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സുപ്രധാന പാര്‍ട്ടിയായി തൃണമൂലിനെ മാറ്റാനുള്ള മാസ്റ്റര്‍ പ്ലാനാണ് കിഷോറിനുള്ളത്. കോണ്‍ഗ്രസിന്റെ തകര്‍ച്ച പ്രശാന്ത് ഉറപ്പിക്കും. അതേസമയം കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ കിഷോര്‍ വരാനിരുന്നതാണ്. എന്നാല്‍ നേതാക്കള്‍ മുടക്കിയതോടെ അത് നടന്നില്ല. ആ ദേഷ്യം പാര്‍ട്ടി നേതൃത്വത്തോടുണ്ട്. എന്നാല്‍ അവിടെയാണ് ത്രിപുരയില്‍ കിഷോറിന്‍റെ തന്ത്രങ്ങള്‍ പരാജയപ്പെട്ടത് മേഘാലയയിലും കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത് പ്രശാന്ത് കിഷോറാണെന്ന് മുന്‍ മുഖ്യമന്ത്രി മുകുള്‍ സംഗ്മ തന്നെ പറയുന്നു.

17 എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയിരിക്കുന്നത്. കോണ്‍ഗ്രസില്‍ പോരാടാനുള്ള കരുത്തില്ലെന്ന് അദ്ദേഹം പറയുന്നു. രാഷ്ട്രീയമായി നിലനില്‍ക്കാന്‍ അവര്‍ക്ക് ആഗ്രഹമില്ല. പിന്നെ പാര്‍ട്ടി മാറുകയല്ലാത മറ്റ് മാര്‍ഗമില്ല. കോണ്‍ഗ്രസ് നേതൃത്വവുമായി യോജിച്ച് പോകാന്‍ സാധിക്കാതെ വരികയായിരുന്നു. അതിന്റെ പേരില്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ എനിക്കോ മറ്റ് എംഎല്‍എമാര്‍ക്കോ സാധിക്കില്ല. അതുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയതെന്നും മുകുള്‍ സംഗ്മ പറഞിരുന്നു.പ്രശാന്ത് കിഷോറുമായി നേരത്തെ രാഷ്ട്രീയം ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹമാണ് ഞങ്ങളെ തൃണമൂലിലേക്ക് സ്വാഗതം ചെയ്തത്. അദ്ദേഹം പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. 

രാഹുല്‍ ഗാന്ധിയോ പ്രിയങ്കയോ ഒരിക്കല്‍ പോലും നേതൃത്വത്തെ ആവേശത്തിലാക്കുന്നില്ല. തൃണമൂല്‍ അങ്ങനെയല്ല,അവരില്‍ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം അലിഞ്ഞ് കിടക്കുന്നുണ്ട്. ബിജെപിയുമായി ഏറ്റുമുട്ടാന്‍ അവര്‍ തയ്യാറാണ്. ബംഗാളില്‍ മാത്രമല്ല ത്രിപുരയിലും അത് പ്രകടമാണ്. അങ്ങനെയുള്ള പാര്‍ട്ടിക്ക് തീര്‍ച്ചയായും ബിജെപിയെ നേരിടാനാവും.അതിനൊപ്പമാണ് താനെന്നും സംഗ്മ അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലാം കിഷോറിന് കോണ്‍ഗ്രസിനോടുള്ള വൈരാഗ്യത്തില്‍ നിന്നും ഉണ്ടായതാണ്. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയതയെ നേരിടാന്‍ കോണ്‍ഗ്രസിന് ശക്തിയില്ലെന്നു ഇതിലൂടെ വെളിവായിരിക്കുന്നു.

തൃണമൂല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കുവാനുള്ള ശ്രമത്തിലാണ്. അതിന് പ്രശാന്ത് കിഷോറിന്റെ പിന്തുണയും ‚തന്ത്രവുമാണ്. കോണ്‍ഗ്രസ് എവിടെയൊക്കെ ദുര്‍ബലമാണോ അവിടെയെല്ലാം നേതാക്കളെ കണ്ട് തൃണമൂല്‍ വളര്‍ത്താനുള്ള പ്ലാനാണ് പ്രശാന്ത് തയ്യാറാക്കിയിരിക്കുന്നു.രാജ്യത്ത് എല്ലായിടത്തും പ്രശാന്ത് ഇതിന് നേതൃത്വം നല്‍കുന്നുണ്ട്. പ്രമുഖ നേതാക്കളെയെല്ലാം ഓരോന്നായി കോണ്‍ഗ്രസിന് നഷ്ടമായി കൊണ്ടിരിക്കുകയാണ്. അതിന്‍റെ ഭാഗമായിട്ടാണ്ത്രിപുരയില്‍ സുസ്മിത ദേവ്, അസമില്‍ വലിയ നേതാക്കള്‍, ഗോവയില്‍ ലൂസിഞ്ഞോ ഫലെയ്‌റോ, എന്നിവയ്ക്ക് പുറമേയാണ് മേഘാലയയിലും ഇതേ ഫോര്‍മുല പ്രശാന്ത് നടപ്പാക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം തന്നെ തഴഞ്ഞതിലുള്ള അതൃപ്തിയും പ്രശാന്തിനുണ്ട്. . കോണ്‍ഗ്രസിനെപരമാവധി ദുര്‍ബലമാക്കാനാണ് കിഷോര്‍ ശ്രമിക്കുന്നത് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.