Saturday
22 Sep 2018

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ്: ഇന്ന് ജനവിധിയറിയാം

By: Web Desk | Saturday 3 March 2018 7:15 AM IST

ഷില്ലോങ്: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ ഇന്ന് ജനവിധിയറിയാം. കനത്ത സുരക്ഷാസംവിധാനങ്ങളോടെയായിരിക്കും വോട്ടെണ്ണല്‍ നടക്കുക. മൂന്ന് സംസ്ഥാനങ്ങളിലും രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ത്രിപുരയില്‍ ഫെബ്രുവരി 18നും മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ് നടന്നത്. മേഘാലയയില്‍ 80 ശതമാനവും നാഗാലാന്‍ഡില്‍ 85 ശതമാനവും പോളിങാണ് രേഖപ്പെടുത്തിയിരുന്നത്. ത്രിപുരയില്‍ 91 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മേഘാലയയില്‍ റെയ്‌ലാങ് മണ്ഡലത്തിലെ ഒരു പോളിങ് സ്‌റ്റേഷനിലേക്ക് നടന്ന റീപോളിങില്‍ 86 ശതമാനം വോട്ട് രേഖപ്പെടുത്തി.

മൂന്ന് സംസ്ഥാനങ്ങളിലും നിയമസഭകളില്‍ 60 സീറ്റുകള്‍ വീതമാണുള്ളത് എന്നിരിക്കെ വിവിധ കാരണങ്ങളാല്‍ മൂന്നിടത്തും 59 മണ്ഡലങ്ങളില്‍ മാത്രമാണ് വോട്ടെടുപ്പ് നടന്നത്. ത്രിപുരയില്‍ സിപിഎം സ്ഥാനാര്‍ഥി മരണമടഞ്ഞതിനെ തുടര്‍ന്നും മേഘാലയയില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നും ഇരു സംസ്ഥാനങ്ങളിലെയും ഓരോ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. നാഗാലാന്‍ഡില്‍ നാഷണലിസ്റ്റ് ഡെമോക്രറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി തലവന്‍ നിഫ്യൂ റിയോ എതിരില്ലാതെ ജയിച്ചതായി പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ തന്നെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

 

ത്രിപുരയില്‍ 25 വര്‍ഷമായി ഭരണത്തിലുള്ള ഇടതുമുന്നണിക്ക് തന്നെയാണ് മുന്‍തൂക്കം. സംസ്ഥാനത്ത് വിഘടനവാദമുയര്‍ത്തുന്ന ഐപിഎഫ്ടിയുമായി ചേര്‍ന്നാണ് ബിജെപി ഇവിടെ മത്സരിക്കുന്നത്. മേഘാലയയില്‍ കോണ്‍ഗ്രസ് 59 സീറ്റുകളിലും ബിജെപി 47 സീറ്റുകളിലുമാണ് മത്സരിച്ചത്. നാഗാലാന്‍ഡില്‍ എന്‍ഡിപിപിയുമായി യോജിച്ചാണ് ബിജെപി മല്‍സരിക്കുന്നത്. എന്‍ഡിപിപി 40 സീറ്റുകളിലേക്കും ബിജെപി 20 സീറ്റുകളിലേക്കുമാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ളത്. നിലവിലെ മുഖ്യമന്ത്രി ടി ആര്‍ സെലിയാങിന്റെ നേതൃത്വത്തിലുള്ള എന്‍പിഎഫ് ആണ് ബിജെപി സഖ്യത്തിന് കടുത്ത വെല്ലുവിളി. സംസ്ഥാനത്തിന് മൂന്ന് മുഖ്യമന്ത്രിമാരെ നല്‍കിയിട്ടുള്ള കോണ്‍ഗ്രസ് 18 സീറ്റുകളില്‍ മാത്രമാണ് ഇക്കുറി മത്സരിച്ചത്.

തെരഞ്ഞെടുപ്പ് നടന്ന കൃഷ്ണപൂര്‍ മണ്ഡലത്തിലെ സിപിഐഎം സ്ഥാനാര്‍ത്ഥിയും സംസ്ഥാന ഫിഷറീസ് മന്ത്രിയുമായ ഖഗേന്ദ്ര ജമാതിയ (64) അന്തരിച്ചു. ഇന്നലെ രാവിലെയാണ് ഖഗേന്ദ്ര ജമാതിയ അന്തരിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിടയില്‍ രോഗബാധിതനായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.