Wednesday
17 Jan 2018

ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കി

By: Web Desk | Friday 12 January 2018 10:32 PM IST

ലണ്ടന്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുകെയിലേക്കു നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി. സെന്‍ട്രല്‍ ലണ്ടനില്‍ നിന്നു മാറ്റിയ യുഎസ് എംബസിയുടെ ഉദ്ഘാടനത്തിനാണ് ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കാനിരുന്നത്. 120 കോടി ഡോളര്‍ ചിലവിട്ടാണ് ഗ്രോസ്‌വെനര്‍ സ്‌ക്വയറില്‍നിന്ന് യുഎസ് എംബസി മാറ്റിയത്.
കഴിഞ്ഞവര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപത് ലക്ഷത്തോളം വരുന്ന ബ്രിട്ടീഷ് പൗരന്മാര്‍ ഒരു നിവേദനം ഒപ്പിട്ടിരുന്നു.
മേഫെയറിലെ പഴയ കെട്ടിടത്തില്‍ നിന്നും ദക്ഷിണ ലണ്ടനിലെ പുതിയ കെട്ടിടത്തിലേക്ക് ബ്രിട്ടനിലെ അമേരിക്കന്‍ എംബസി പ്രവര്‍ത്തനം മാറ്റുകയാണ്. ഇതിന്റെ ഉദ്ഘാടനത്തിനായി ട്രംപ് എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒബാമയുടെ ഭരണകാലത്ത് പഴയ എംബസ ി കെട്ടിടം വിറ്റതില്‍ താന്‍ അസ്വസ്ഥനാണെന്നും അതിനാല്‍ ലണ്ടന്‍ യാത്ര റദ്ദാക്കുന്നുവെന്നുമാണ് ഇപ്പോള്‍ ട്രംപ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറയുന്നത്. അതേസമയം ട്രംപിന്റെ ലണ്ടന്‍ സന്ദര്‍ശനം ഉറപ്പിച്ചിരുന്നില്ലെന്നും തിയതി നിശ്ചയിച്ചിരുന്നില്ലെന്നുമാണ് ഇപ്പോള്‍ ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ പഴയ എംബസി കെട്ടിടത്തിന്റെ വില്‍പ്പനയില്‍ ട്രംപ് അസ്വസ്ഥനമാകേണ്ടതില്ലെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. കാരണം പുതിയ കെട്ടിടത്തിനായി ചെലവഴിച്ച ഒരു ബില്യണ്‍ ഡോളറും ഈ വില്‍പ്പനയിലൂടെ സമാഹരിച്ചതാണ്. ഏറ്റവും പ്രധാനമായും പുതിയ എംബസി കെട്ടിടം നിര്‍മ്മിക്കാന്‍ ഒബാമ ഭരണകൂടമല്ല, പകരം ജോര്‍ജ്ജ് ഡബ്ല്യൂ ബുഷിന്റെ സര്‍ക്കാരാണ് തീരുമാനിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ട്രംപിന്റെ സന്ദര്‍ശനത്തിനിടെ ബ്രിട്ടനില്‍ വ്യാപകമായി പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്നതാണ് മുഖ്യമായും ഈ യാത്ര ഒഴിവാക്കുന്നതിന് കാരണം. ഭൂരിഭാഗം ലണ്ടന്‍കാരും ട്രംപിനെ സ്വാഗതം ചെയ്യുന്നില്ലെന്നാണ് ലണ്ടന്‍ മേയറായ സാദിഖ് ഖാന്‍ തന്നെ പറയുന്നത്. ഈ വിവരം അദ്ദേഹം അറിഞ്ഞിട്ടുണ്ടാകുമെന്നാണ് ഈ ട്വീറ്റില്‍ നിന്നും താന്‍ മനസിക്കിയതെന്നും ഖാന്‍ വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയില്‍ യുഎസ് സന്ദര്‍ശിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ ആണ് ട്രംപിനെയും ഭാര്യ മെലനിയയേയും ബ്രിട്ടനിലേക്ക് ക്ഷണിച്ചത്.