Saturday
16 Dec 2017

ജറുസലേമിലേക്ക് എംബസി മാറ്റാന്‍ ട്രംപ്; എതിര്‍പ്പ് അറിയിച്ച് ലോക നേതാക്കള്‍

By: Web Desk | Wednesday 6 December 2017 10:50 PM IST

വാഷിങ്ടണ്‍:

ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമാക്കാനും യുഎസ് എംബസി അങ്ങോട്ടേക്ക് മാറ്റാനുമുള്ള യുഎസ് പ്രസിന്റിന്റെ നീക്കത്തില്‍ എതിര്‍പ്പ് അറിയിച്ച് ലോക നേതാക്കള്‍. ട്രംപിന്റെ നീക്കത്തെ നിശിതമായി എതിര്‍ത്തും വിമര്‍ശിച്ചുമാണ് നേതാക്കള്‍ രംഗത്തെത്തിയത്. ട്രംപിന്റെ നീക്കം മധ്യേഷ്യന്‍ രാജ്യങ്ങളിലെ സമാധാനം ഹനിക്കുമെന്നും ഇവിടങ്ങളിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും യുഎസിന്റെ വിലയിടിക്കുമെന്നുമാണ് പൊതുവേയുള്ള നിരീക്ഷണം.
യുഎസ് നീക്കം ഒരുതരത്തിലും അനുവദിക്കാനാകില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി അറിയിച്ചു. ട്രംപിന്റെ പ്രഖ്യാപനം പ്രകോപനപരമാണെന്ന് തുര്‍ക്കിഷ് പ്രസിഡന്റ് എര്‍ദോഗാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ റുഹാനി കുറ്റപ്പെടുത്തി. ജെറുസലേം വിഷയം ചര്‍ച്ചചെയ്യാന്‍ ഈ മാസം 13ന് എര്‍ദോഗാന്‍ വിളിച്ചുചേര്‍ത്ത ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെ യോഗത്തില്‍ പങ്കെടുക്കുമെന്നും റുഹാനി വെളിപ്പെടുത്തി.
ട്രംപിന്റെ നടപടിയില്‍ അതിയായ ഖേദമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. ജെറുസലേമില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്നും ഇത് സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ പ്രസ്താവന മാനിക്കണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. ട്രംപിന്റെ നീക്കം ലോകത്തെ ആകെയും പ്രത്യേകിച്ച് മധ്യേഷ്യന്‍ മേഖലയെ എരിതീയില്‍ നിര്‍ത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് റസിപ് തയ്യിബ് എര്‍ദോഗാന്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണോട് തങ്ങളുടെ അതൃപ്തി അറിയിച്ചതായി തുര്‍ക്കി വിദേശകാര്യ മന്ത്രി പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിനെ നേരിട്ട് വിളിച്ച് ജെറുസലേം വിഷയത്തെക്കുറിച്ച് സംസാരിക്കുമെന്നാണ് മേ പറഞ്ഞത്. ജെറുസലേം വിഷയം ഇസ്രായേലിന്റെയും പാലസ്തീനിന്റെയും പൊതു അഭിപ്രായം കണക്കിലെടുത്ത് പരിഹരിക്കേണ്ടതാണെന്നാണ് മേ അഭിപ്രായപ്പെട്ടത്. സൗദി രാജാവ് സല്‍മാന്‍, ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നേതന്യാഹു, പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവരും ട്രംപിന്റെ നീക്കത്തെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.