Thursday
20 Sep 2018

ലോകസമാധാനം തേടാൻ ചരിത്ര കൂടിക്കാഴ്ച തുടങ്ങി

By: Web Desk | Tuesday 12 June 2018 9:30 AM IST

സിംഗപ്പൂര്‍സിറ്റി: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച തുടങ്ങി. സിംഗപ്പുരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിലാണ് മുഖാമുഖം ചര്‍ച്ച നടക്കുന്നത്. ഇത് ആദ്യമായാണ് ഭരണത്തിലിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റും ഉത്തരകൊറിയന്‍ മേധാവിയും നേരില്‍ക്കാണുന്നത്. അണ്വായുധ, മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയും മൂര്‍ച്ചയുള്ള വാക്കുകള്‍ പ്രയോഗിച്ചും അമേരിക്കയെ നിരന്തരം പ്രകോപിപ്പിച്ച കിം ഈ വര്‍ഷത്തിന്റെ തുടക്കംമുതല്‍ സ്വീകരിച്ച അനുനയ സമീപനത്തിന്റെ അന്തിമഫലമാണ് ഉച്ചകോടി.

ഇന്ത്യന്‍ സമയം ആറു മണിയോടെയാണ് വടക്കന്‍ കൊറിയന്‍ തലവന്‍ കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ച നടന്നത്.

നയതന്ത്ര കൂടിക്കാഴ്ചയ്ക്ക് മുമ്ബ് സൗഹൃദ കൂടിക്കാഴ്ച നടന്നു.സിംഗപ്പൂരിലെ സെന്റോസാ ദ്വീപിലെ ആഡംബര ഹോട്ടലായ കാപ്പെല്ലയിലാണ് കൂടിക്കാഴ്ച നടക്കുന്നത്. ഇരു നേതാക്കളും ആദ്യമായി പരസ്പരം കണ്ടു മുട്ടിയപ്പോള്‍ കൈകൊടുത്താണ് അകത്തേയ്ക്ക് പ്രവേശിച്ചത്. സൗഹൃദ കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടു നിന്നു. കഴിഞ്ഞത് അടഞ്ഞ അധ്യായമെന്നും പഴയ കാര്യങ്ങളെല്ലാം അപ്രസക്തമായെന്നും കിം വ്യക്തമാക്കി.

കൂടിക്കാഴ്ച നല്ല ഫലം ഉളവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപും വ്യക്തമാക്കി. ഇരു നേതാക്കളുടേയും സൗഹൃദ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു നയതന്ത്ര പ്രതിനിധികളുടെ ചര്‍ച്ച നടന്നത്. ആണവ നിരായുധീകരണം ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമാകുമെന്നാണ് പ്രതീക്ഷ. വടക്കന്‍ കൊറിയയുടെ ആണവപരീക്ഷണങ്ങളെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയും ലോകം ആണവയുദ്ധ ഭീഷണിയുടെ നിഴലിലാകുകയും ചെയ്ത സാഹചര്യത്തിന് പിന്നാലെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചിരിക്കുന്നത്.

Related News