Sunday
24 Jun 2018

ജീവിതവിജയത്തിന് വാക്കുപാലിക്കേണ്ടതിന്റെ ആവശ്യകത

By: Web Desk | Sunday 11 March 2018 11:10 PM IST

കൂട്ടുകാരേ, വിജ്ഞാനത്തിന്റെ വിസ്‌ഫോടന കാലഘട്ടത്തില്‍, അധിവസിക്കുന്ന നാം അനുനിമിഷം തികച്ചും അപ്രതീക്ഷിതമായി ഒട്ടനവധി സങ്കീര്‍ണതകളെ അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്. എന്നാല്‍ മനുഷ്യസമൂഹത്തിന്റെ സമാധാനപരമായ സഹവര്‍ത്തിത്വത്തിനും ജീവിതസന്ധാരണത്തിനും ആവശ്യം വേണ്ട ഒന്നാണ് ഒരുവന്‍ പറയുന്ന വാക്ക് അഥവാ വാഗ്ദാനം. നാം പറയുന്ന വാക്കുകള്‍ക്ക് പൂര്‍ണഅര്‍ഥത്തില്‍ വ്യക്തതയും ഉറപ്പും നല്‍കുന്നതിനോടൊപ്പം സമയബന്ധിതമായി പരിപാലിക്കുമെന്നും ദൃഢനിശ്ചയം എടുക്കേണ്ടതാണ്.
കൂട്ടുകാരേ, ഒരുവന്റെ വാക്കുകള്‍ എല്ലായിപ്പോഴും ഫലവത്തായി ഭവിക്കണമെങ്കില്‍, ആ വ്യക്തി ജീവിക്കുന്ന സാമൂഹ്യ-സാംസ്‌കാരിക പശ്ചാത്തലത്തിനും ജീവിതമൂല്യ സാക്ഷാല്‍ക്കാരത്തിനും മുന്‍തൂക്കം നല്‍കുവാന്‍ പര്യാപ്തമായിരിക്കണം.
കൂട്ടുകാരേ, നാം ഒരുവന് സ്വമനസാലെ നല്‍കുന്ന വാഗ്ദാനം പാലിക്കുവാന്‍ സര്‍വാത്മനാ നാം ബാധ്യസ്ഥനാണെന്നുള്ള തിരിച്ചറിവ് ഓരോ വ്യക്തിക്കും അവശ്യം വേണ്ട സല്‍ഗുണമാണ്. എന്നാല്‍ നമുക്കുചുറ്റും വൈവിധ്യമാര്‍ന്ന മോഹനവാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍, അവരുടെ ജീവിതകാലം അവ പൂര്‍ത്തീകരിക്കുവാന്‍ യാതൊരുവിധ ശ്രമവും നടത്തുന്നില്ലായെന്ന യാഥാര്‍ഥ്യം ഒരിക്കലും വിസ്മരിക്കുവാന്‍ പാടില്ല. അതുകൊണ്ട് അര്‍ഥശൂന്യമായ വാഗ്ദാനങ്ങള്‍ പരമാവധി ഒഴിവാക്കുവാന്‍ നാം ഓരോരുത്തരും സ്വയം പരിശീലിക്കേണ്ടതാണ്.
നിങ്ങള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ തക്കസമയത്ത് പാലിക്കാതിരുന്നാല്‍ മറ്റുള്ളവരെ അസൗകര്യങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുമെന്നു മാത്രമല്ല അവര്‍ വിവിധങ്ങളായ പ്രശ്‌നങ്ങളിലേയ്ക്ക് വഴുതിവീഴുകയും ചെയ്യും. അതുകൊണ്ട് ഒരിക്കല്‍ വാക്കുപറഞ്ഞാല്‍ എന്തു വിലകൊടുത്തും നാം അത് നിറവേറ്റുകതന്നെ വേണം. മനുഷ്യസമൂഹത്തില്‍ പറയുന്ന വാഗ്ദാനം പാലിക്കുവാന്‍ കഴിഞ്ഞാല്‍ ഏവര്‍ക്കും മാതൃകയും വിശ്വസ്തനും ആരാധ്യനുമാകുമെന്നതില്‍ സംശയമില്ല.
കൂട്ടുകാരേ, നാം നല്‍കുന്ന വാഗ്ദാനങ്ങള്‍ സമയബന്ധിതമായും ആരോഗ്യപരമായും ഹിതമായും പാലിക്കണമെങ്കില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതിനുമുമ്പ് നല്ലതുപോലെ ചിന്തിച്ചുറച്ചതിനുശേഷം മാത്രം വാക്കുകള്‍ നല്‍കുക. അങ്ങനെയാകുമ്പോള്‍ നമുക്ക് നിറവേറ്റുവാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ മാത്രം നല്‍കുവാന്‍ കഴിയും. അപ്രകാരം വാഗദാനങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ സ്വയം സംതൃപ്തിയും സമാധാനവും സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്നതിനോടൊപ്പം മറ്റുള്ളവര്‍ക്കും കൂടുതല്‍ ആശ്വാസകരവും ആനന്ദപ്രദവും മാനസികോല്ലാസവും നല്‍കുകയും ചെയ്യും. അതിലൂടെ സാമൂഹ്യജീവിതസന്ധാരണത്തില്‍ മികവ് പുലര്‍ത്തുന്നതിനോടൊപ്പം നമുക്ക് ഏവര്‍ക്കും ജീവിത വിജയ സാക്ഷാല്‍ക്കാരത്തിന് കരുത്തേകുന്നതുമായി തീരും.