Saturday
20 Oct 2018

ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതിന്‍റെ ശബ്ദ ടേപ്പ് ഉണ്ടെന്നു തുര്‍ക്കി

By: Web Desk | Friday 12 October 2018 1:13 PM IST

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കാണാതായ ഇസ്താൻബുളിലെ സൗദി അറേബ്യൻ എംബസിക്കു മുമ്പിൽ നിൽക്കുന്ന തുർക്കി പൊലീസ് ഓഫീസർ 

ഇസ്താൻബുൾ: സൗദി അറേബ്യയുടെ ഇസ്താൻബുൾ കോൺസുലേറ്റിൽ വാഷിങ്ടണ്‍ പോസ്റ്റ് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ വെട്ടി നുറുക്കി കൊലപ്പെടുത്തിയതിന് ഓഡിയോ, വീഡിയോ ടേപ്പ്  കൈവശമുണ്ടെന്ന് തുർക്കി സർക്കാർ അമേരിക്കയെ അറിയിച്ചു.

എംബസ്സിക്കകത്തു നിന്നുള്ള ഈ വോയിസ് റെക്കോർഡിങ്ങിൽ ജമാൽ അകത്തു കടന്ന ശേഷം അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് കൃത്യമായ വിവരണമുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗവുമായി അടുത്ത കേന്ദ്രം പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

“ആളുകൾ ജമാലിനോട് അറബിയിൽ സംസാരിക്കുന്നതു കേൾക്കാം. ചോദ്യം ചെയ്യുകയും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്  എങ്ങനെയെന്നു അതിൽ അറിയാം” കേന്ദ്രം പറഞ്ഞു.  ഒക്ടോബർ 2 നാണു, തന്റെ വിവാഹത്തിന് മുമ്പായി,  ജമാൽ ഒരു ഔദ്യോഗിക രേഖ ലഭിക്കാൻ എംബസ്സിയിലെത്തിയതും വധിക്കപ്പെട്ടതും.

എന്നാൽ ജമാലിന്റെ മരണത്തിൽ ഒരു ബന്ധവുമില്ലെന്ന് സൗദി അറേബ്യ  പറയുന്നു. അദ്ദേഹം എമ്പസ്സിയിൽ വന്ന് ഉടനെ തന്നെ അവിടെ നിന്നുപോയി എന്നാണു സൗദി വിശദീകരണം.

സൗദി പത്രപ്രവർത്തകനായ  ജമാല്‍ ഖഷോഗിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് സൗദിയും തുർക്കിയും സംയുക്ത പ്രവർത്തക സമിതി ഉണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

മൃതദേഹം മറവ് ചെയ്തിട്ടുണ്ടോയെന്നു നോക്കാന്‍ കോണ്‍സുല്‍ ജനറലിന്റെ പൂന്തോട്ടം കുഴിച്ചുനോക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും പോസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു.
ഫോറന്‍സിക് സംഘത്തെ ഉള്ളിലേക്ക് കടക്കാന്‍ അനുവദിച്ചാല്‍ അവര്‍ക്കറിയാം കൃത്യമായി എവിടെ പോകണമെന്ന് – സംഘം പറയുന്നു.

കോണ്‍സുലേറ്റിനുവേണ്ടി രജിസ്റ്റര്‍ ചെയതിട്ടുള്ള മൂന്നു നാല് കാറുകള്‍ കൊലപാതകവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണ്. അതിലൊന്ന് വൈകുന്നേരം 3.15ന് കോണ്‍സുലേറ്റ് കെട്ടിടത്തില്‍ നിന്നും കോണ്‍സുലേറ്റ് ജനറലിന്റെ വീട്ടിലേക്കാണ് പോയതെന്നും അന്വേഷണ വൃത്തങ്ങള്‍ പറയുന്നു. മുഴുവന്‍ പരിപാടികളും റദ്ദാക്കി കഴിഞ്ഞ മൂന്നു ദിവസമായി കോണ്‍സുലേറ്റ് ജനറല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല എന്നതും സംശയങ്ങള്‍ ഉറപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.

ഖഷോഗിയെ സ്വാധീനിച്ച് സൗദിയിലെത്തിക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉത്തരവിട്ടിരുന്നെന്ന് യുഎസ് ഇന്റലിജന്‍സ് പറയുന്നു. വര്‍ജീനിയയിലെ വീട്ടില്‍ നിന്നും അദ്ദേഹത്തെ തിരികെയെത്തിക്കാനുള്ള പദ്ധതി സൗദി ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തതിന് തെളിവുണ്ടെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.