Thursday
24 Jan 2019

സഹകരണ മേഖല മഞ്ഞള്‍ കൃഷിയില്‍ അത്ഭുതം സൃഷ്ടിക്കുന്നു

By: Web Desk | Saturday 24 March 2018 10:47 AM IST

അളഗപ്പനഗര്‍ പഞ്ചായത്തിലെ വട്ടണാത്ര സഹകരണ ബാങ്കും ആമ്പല്ലൂര്‍ സഹകരണ ബാങ്കും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം പഞ്ചായത്തിലെ തരിശായി കിടക്കുന്ന മുഴുവന്‍ പ്രദേശത്തും മഞ്ഞള്‍ കൃഷിയിറക്കുന്ന വലിയ തയ്യാറെടുപ്പിലാണ്. കഴിഞ്ഞ വര്‍ഷം 20 ഏക്കര്‍ ഭൂമിയില്‍ 15 ടണ്‍ മഞ്ഞള്‍ കോഴിക്കോട് ഭാരതീയ സുഗന്ധവിള കേന്ദ്രം വികസിപ്പിച്ചെടുത്ത പ്രതിഭ ഇനമാണ് കൃഷിയിറക്കിയത്. ഒരേക്കറില്‍ കൃഷിയിറക്കുന്നതിന് 700 കിലോ വിത്ത് വേണം. ഏക്കറില്‍ നിന്ന് കുറഞ്ഞത് 10,000 കിലോ ഉത്പാദനം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. കൃഷിക്കാര്‍ക്ക് കിലോയ്ക്ക് 45 രൂപക്കാണ് കണ്‍സോര്‍ഷ്യം മഞ്ഞള്‍ സംഭരിക്കുന്നത്.

ചിലവുകള്‍ കഴിച്ച് 2 ലക്ഷം രൂപ ഒരേക്കറില്‍ നിന്ന് ആദായം പ്രതീക്ഷിക്കുന്നു. 100 സെന്റ് മുതല്‍ 10 ഏക്കര്‍ വരെ കൃഷിയിറക്കുന്നതിന് കര്‍ഷകരും കുടുംബശ്രീ പ്രവര്‍ത്തകരും സംഘാടന പ്രവര്‍ത്തനങ്ങളിലാണ്.

പഞ്ചായത്തിലെ മുഴുവന്‍ ഭൂമിയിലും വിളയിറക്കുക എന്നതാണ് കണ്‍സോര്‍ഷ്യത്തിന്റെ ലക്ഷ്യം. കുന്നിന്‍ ചെരുവുകളിലും വെള്ളം ലഭിക്കാത്ത ഭൂമികളിലും മറ്റു വലിയ വിളകളുടെ ഇടയില്‍ ഇടവിളയായും മഞ്ഞള്‍ കൃഷി ചെയ്യാവുന്നതാണ്. ഏറ്റവും ചിലവ് കുറഞ്ഞ കൃഷി സമ്പ്രദായമാണ് പ്രതിഭ മഞ്ഞളിന്‍റേത്.

പുതുമഴ പെയ്യുന്ന ഏപ്രില്‍, മെയ് മാസങ്ങളിലാണ് കൃഷിയിറക്കുക. പച്ചിലകള്‍, ചാണകം, ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവയാണ് വളമായി നല്‍കേണ്ടത്. മഞ്ഞള്‍ കൃഷി ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഉണ്ടെങ്കിലും ക്യാന്‍സര്‍ രോഗത്തിന്‍റെ ഏറ്റവും വലിയ പ്രതിരോധമായി വൈദ്യശാസ്ത്രം നിര്‍ദ്ദേശിച്ചിട്ടുള്ള കൂര്‍ക്ക്മീന്‍ 5.6 ശതമാനം കേരളത്തിലെ പ്രതിഭ മഞ്ഞളില്‍ നിന്ന് മാത്രമാണ് ലഭിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ 4 ശതമാനത്തിന് താഴെയാണ് കൂര്‍ക്ക്മീനിന്‍റെ ലഭ്യത.

കേരളത്തിലെ മഴയും കാലാവസ്ഥയുമാണ് കൂടുതല്‍ നിലവാരമുള്ള മഞ്ഞള്‍ ഉണ്ടാവുന്നതിന് കാരണം. കേരളത്തിലെ സ്വകാര്യ മേഖലയിലെ ഫാക്ടറികള്‍ക്ക് ആവശ്യമായ മഞ്ഞള്‍ ലോകത്തിലെ പലരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. നമ്മുടെ കൃഷിക്കാര്‍ക്ക് ഉത്പന്നത്തിന് ന്യായവില നല്‍കാതെ സീസണില്‍ മഞ്ഞള്‍ ശേഖരിക്കുകയാണ് സ്വകാര്യ കമ്പനികള്‍ ചെയ്യുന്നത്. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് മികച്ച ആദായം ലഭ്യമാക്കാന്‍ സഹകരണ കണ്‍സോര്‍ഷ്യത്തിന് കഴിയും. സ്റ്റേറ്റ് ഫാമിങ്ങ് കോര്‍പ്പറേഷന് കൃഷി ചെയ്യുന്നതിന് 30 ടണ്‍ മഞ്ഞള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓയില്‍ ഫാം കോര്‍പ്പറേഷനും മഞ്ഞള്‍ കൃഷി ചെയ്യാന്‍ തയ്യാറെടുപ്പിലാണെന്ന് അറിയാന്‍ കഴിയുന്നു.

പൊതുമേഖലയില്‍ കൂര്‍ക്ക്മീന്‍ അടക്കമുള്ള അനുബന്ധ ഉത്പന്നങ്ങളും ശുദ്ധമായ മഞ്ഞള്‍ പൊടി ഉത്പാദനവും കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും സഹായത്തിലും ആരംഭിക്കല്‍ അടുത്ത വര്‍ഷത്തെ ലക്ഷ്യമാണ്.

പുതുക്കാട് മണ്ഡലത്തിലെ 10 സഹകരണ ബാങ്കുകള്‍ മഞ്ഞള്‍ കൃഷിയിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. നിരവധി സ്ഥാപനങ്ങളും സംഘടനകളും കൃഷിചെയ്യുന്നതിന് വിത്തിന് ആവശ്യക്കാരായിട്ടുണ്ട്. കൃഷിക്കാര്‍ക്ക് ആവശ്യമായ വിത്ത്, വളം, കാര്‍ഷിക വായ്പ എന്നിവ സഹകരണ ബാങ്കുകളും, ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ സബ്‌സീഡിയും കൃഷിഭവനുകളുടെ നേതൃത്വത്തില്‍ ആവശ്യമായ പരിശീലനവും സംഘാടനവും നല്‍കുന്നുണ്ട്.
വട്ടണാത്ര സഹകരണ ബാങ്ക് പ്രസിഡണ്ട് കെ. എം. ചന്ദ്രന്‍ ചെയര്‍മാനും, ആമ്പല്ലൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി എ. എസ്. ജിനി കണ്‍വീനറുമായുള്ള കണ്‍സോര്‍ഷ്യം കമ്മിറ്റിയാണ് സംഘാടന നേതൃത്വം. സഹകരണ മേഖല മഞ്ഞള്‍ കൃഷിയില്‍ അത്ഭുതം സൃഷ്ടിക്കുന്നു.

Related News