Tuesday
20 Feb 2018

വിരണ്ടോടിയ കൊമ്പന്‍ ചേര്‍ത്തലയെ വിറപ്പിച്ചു

By: Web Desk | Sunday 11 February 2018 9:55 PM IST

ചേര്‍ത്തല : ഊരുവലം എഴുന്നള്ളത്തിനിടെ ഇടഞ്ഞോടിയ കൊമ്പന്‍ ഒന്നരമണിക്കൂറോളം ചേര്‍ത്തല നഗരത്തെ ഭീതിയിലാഴ്ത്തി. കിലോമീറ്ററുകള്‍ പിന്തുടര്‍ന്ന ശേഷമാണ് പാപ്പാന്മാര്‍ക്ക് ആനയെ തളയ്ക്കാനായത്.
വാരനാട് ദേവിക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ ഊരുവലം എഴുന്നള്ളത്തിന് തിടമ്പേറ്റിയ പാലാ വേണാട്ടുമഠം ശ്രീകുമാര്‍ എന്ന ആനയാണ് ഞായറാഴ്ച പകല്‍ പത്തരയോടെ ഇടഞ്ഞത്.  ചക്കരക്കുളം കൊയ്ത്തുരുത്തിവെളി ക്ഷേത്രത്തിന് സമീപം പറയെടുത്ത് മടങ്ങാനൊരുങ്ങുമ്പോള്‍ പാപ്പാനെ അനുസരിക്കാതെ ഓട്ടമായി. ആനപ്പുറത്ത്  തിടമ്പുമായി ഇരുന്ന ശ്രീകുമാര്‍ നമ്പൂതിരി ചാടി രക്ഷപ്പെട്ടു. തുടര്‍ന്ന് സമീപത്തെ വീടുകളിലൂടെയും പറമ്പിലൂടെയും ഓടിയ ആന നഗരമധ്യത്തിലെത്തിയും ഓട്ടം തുടര്‍ന്നു. ഇതോടെ ആന ഇടഞ്ഞോടുന്ന വാര്‍ത്ത നാടാകെയെത്തുകയും ഭീതി പരക്കുകയും ചെയ്തു.
എക്‌സ്‌റേ കവല, അപ്‌സരക്കവല, താലൂക്ക് ആശുപത്രി, ഫയര്‍സ്‌റ്റേഷന്‍, സെന്റ് മേരീസ് പാലം, പൊലീസ് സ്‌റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സ്, ആഞ്ഞിലിപ്പാലം, വല്ലയില്‍വഴി പുരുഷന്‍ കവലയ്ക്ക് സമീപമെത്തി. ഇവിടെ പന്ത്രണ്ടോടെ ഒന്നാംപാപ്പാന്‍ മനോജ് ആനയെ തന്ത്രപൂര്‍വം വൈദ്യുതിപോസ്റ്റില്‍ തളച്ചു. ഇതോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ശേഷം സമീപത്തെ പുരയിടത്തിലേക്ക് ആനയെ മാറ്റിത്തളച്ചു. പിന്നീട് ആനയെ പാലായിലേക്ക് ലോറിയില്‍ കൊണ്ടുപോയി. ഓട്ടത്തിനിടെ ചേര്‍ത്തല എക്‌സ്‌റേ കവലയ്ക്ക് വടക്ക് പത്മാലയം എസ് മുരളിയുടെ വീട്ടുവളപ്പില്‍ പ്രവേശിച്ച് മതില്‍ പൊളിച്ചാണ് പുറത്തിറങ്ങിയത്.

ദേശീയപാത മൂന്നുതവണ ആന മുറിച്ചുകടന്നതോടെ ഇരുദിക്കുകളിലും പൊലീസ് വാഹനഗതാഗതം തടഞ്ഞു. റോഡിലൂടെയും വീടുകള്‍ കയറിയും ഓടിയെങ്കിലും ആരെയും ഉപദ്രവിച്ചില്ല. ആന ഇടഞ്ഞതുമുതല്‍ തളയ്ക്കുംവരെ പാപ്പാന്മാരും പൊലീസും ആനയെ പിന്തുടര്‍ന്നു. അഗ്നിശമനസേന, റവന്യു, വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആനയെ തളച്ചതറിഞ്ഞതോടെയാണ് നാട്ടുകാരില്‍ ഭീതിയകന്നത്. ആനപ്പുറത്തുനിന്ന് ചാടി രക്ഷപ്പെടുന്നതിനിടെ നിസാര പരിക്കേറ്റ ശ്രീകുമാര്‍ നമ്പൂതിരി താലൂക്കാശുപത്രിയില്‍ ചികിത്സനേടി. ഡിവൈഎസ്പി എ ജി ലാല്‍, സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി പി മോഹന്‍ലാല്‍, എസ്‌ഐ ജി അജിത്കുമാര്‍ എന്നിവരുടെ  നേതൃത്വത്തില്‍ ചേര്‍ത്തല, മാരാരിക്കുളം, അര്‍ത്തുങ്കല്‍ സ്‌റ്റേഷനുകളിലെ പൊലീസ് രക്ഷാപ്രവര്‍ത്തനത്തില്‍ പെങ്കടുത്തു. ഫയര്‍ ഓഫീസര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ അഗ്നിശമനസേനയും എത്തി. മറ്റൊരു ആനയെ എത്തിച്ച് ക്ഷേത്രത്തിലെ ഊരുവലം എഴുന്നള്ളത്ത് തുടര്‍ന്നു.