Thursday
20 Sep 2018

പാതിമുറിഞ്ഞയാത്ര പൂർത്തിയാക്കി വീട്ടിലേക്കെത്തിയത് രണ്ടു കുരുന്നുകൾ

By: Web Desk | Friday 14 September 2018 12:48 PM IST

വീട്ടിലേക്കുള്ള യാത്രയില്‍ പാതിയില്‍ ഒടുങ്ങിയതാണ് കെ വി സുധാകരന്റെ ജീവന്‍. മുടങ്ങിയ ആ യാത്ര ഒരു വര്‍ഷത്തിനുശേഷം രണ്ടു ജീവനുകളായി വീട്ടിലേക്കു മടങ്ങിയെത്തി. റോഡപകടത്തില്‍ ജീവന്‍പൊലിഞ്ഞ അധ്യാപകനായ എഴുത്തുകാരന്റെ ബീജത്തില്‍നിന്നും വൈദ്യശാസ്ത്രം കുടുംബത്തിന് സമ്മാനിച്ചതാണ് ആ കുരുന്നുകളെ.

തലശ്ശേരി ബ്രണ്ണന്‍ കോളജ് അധ്യാപകനായിരുന്ന കെവിസുധാകരൻ . 2017 ഓഗസ്റ്റ് 15ന് നിലമ്പൂരിലെ അധ്യാപക ക്യാംപിനുശേഷം വീട്ടിലേക്കുമടങ്ങുമ്പോഴാണ് കാറും ലോറിയും കൂട്ടിയിടിച്ച് സുധാകരന്‍ മരിച്ചത്.

2006 ൽ പ്രണയിച്ചു വിവാഹം കഴിച്ചതാണ് സുധാകരനും ഷില്‍നയും.  കുട്ടികളുണ്ടാതിരുന്നതിനുള്ള ചികില്‍സയിലായിരുന്നു ഇരുവരും. ചികില്‍സയുടെ ഭാഗമായി കോഴിക്കോട് എആര്‍എംസി ചികില്‍സാ കേന്ദ്രത്തില്‍ സുധാകരന്റെ ബീജം സൂക്ഷിച്ചിരിക്കുകയായിരുന്നു. നേരത്തേ രണ്ടുവട്ടം ഇതുപയോഗിച്ചുള്ള ഗര്‍ഭധാരണം പരാജയപ്പെട്ടിരുന്നു. സുധാകരന്റെ മരണശേഷം ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ഈ ജീവന്റെ തുടിപ്പ് ഷില്‍നക്ക് വികാരപരമായ വലിയൊരു പ്രതീക്ഷയായി. നിരവധി തടസവാദങ്ങള്‍ക്കിടയിലും തന്റെ പ്രിയതമന്റെ ജീവാംശം ഉള്‍ക്കൊള്ളാന്‍ ഷില്‍ന തയ്യാറെടുത്തു. വീട്ടുകാരുടെ പിന്തുണയോടെ തീരുമാനം ആശുപത്രി അധികൃതരെ അറിയിച്ചു. നേരത്തേ പരാജയപ്പെട്ടുവെങ്കിലും ഒടുവില്‍ പ്രതീക്ഷകള്‍ക്ക്  ജീവന്‍വച്ചു. ഡോ  ഷൈജസ് നായരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.  ഡോ അമർ രാമചന്ദ്രന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ കണ്ണൂർ  കൊയിലി ആശുപത്രിയിലായിരുന്നു പ്രസവ ശസ്ത്രക്രിയ. കണ്ണൂരിൽ ഫെഡറൽ ബാങ്ക് മാനേജരാണ് ഷില്‍ന.

 

 

Related News