Wednesday
19 Dec 2018

ഹൈടെക് തട്ടിപ്പ്: രണ്ട് കാമറൂണ്‍ സ്വദേശികള്‍ അറസ്റ്റില്‍

By: Web Desk | Friday 7 December 2018 10:28 PM IST

അറസ്റ്റിലായ കാമറൂണ്‍ സ്വദേശികള്‍
മഞ്ചേരി: ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ കാമറൂണ്‍ സ്വദേശികളെ മഞ്ചേരി പോലിസ് പിടികൂടി. കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശികളായ വെര്‍ദി ടെന്‍യണ്ടയോങ്ങ് (35), ഡോഹ് ക്വെന്റിന്‍ ന്വാന്‍സുവ (37) എന്നിവരാണ് അറസ്റ്റിലായത്. ഹൈദരാബാദില്‍ രഹസ്യമായി താമസിക്കുകയായിരുന്ന ഇരുവരേയും സാഹസികമായാണ് അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു. പ്രതികളില്‍ നിന്നും തട്ടിപ്പിനുപയോഗിച്ച മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, റൂട്ടറുകള്‍, ലാപ്ടോപ്പുകള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തു.
മഞ്ചേരിയിലെ ഒരു സ്ഥാപനത്തിന്റെ പേരും റസീപ്റ്റുകളും വെബ്സൈറ്റും മറ്റും ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് ഇരുവരും പിടിയിലാവുന്നത്. ഇതര സംസ്ഥാനക്കാരനായ ഒരാള്‍ പരാതിക്കാരനെ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. സംഘം അന്താരാഷ്ട്ര തലത്തില്‍ സമാന രീതിയിലുള്ള തട്ടിപ്പുകള്‍ നടത്തുന്നതായി പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, സിഐ എന്‍.ബി. ഷൈജു, എസ്ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ മേല്‍നോട്ടത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുല്ല ബാബു, സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ ടി.പി. മധുസൂദനന്‍, ഹരിലാല്‍, ലിജിന്‍, ഷഹബിന്‍ എന്നിവരാണ് ഹൈദരാബാദില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്.
Related News