Sunday
23 Sep 2018

രണ്ട് ഉച്ചകോടികള്‍, രണ്ട് വീക്ഷണങ്ങള്‍

By: Web Desk | Saturday 9 June 2018 10:32 PM IST

പ്രത്യേക ലേഖകന്‍
രണ്ട് സുപ്രധാന ബഹുരാഷ്ട്ര ഉച്ചകോടികളാണ് ഇന്നലെയും ഇന്നുമായി ആഗോള ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്, കാനഡയിലെ ക്യൂബക് സംസ്ഥാനത്ത് പ്രകൃതിമനോഹരമായ ചെര്‍ലിവോയില്‍ നടക്കുന്ന യുഎസ് അടക്കമുള്ള ഏഴ് പാശ്ചാത്യ വികസിത രാഷ്ട്രങ്ങളുടെ തലവന്മാര്‍ നടത്തുന്ന ഉച്ചകോടിയാണ്. മറ്റൊന്ന് ചൈനയിലെ തുറമുഖ നഗരമായ ക്വിന്‍ങ്ഡാവോയില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ അംഗരാഷ്ട്ര തലവന്മാരുടെ ഉച്ചകോടിയും. വൈവിധ്യമാര്‍ന്ന രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥകളെ പ്രതിനിധീകരിക്കുന്ന എസ്‌സിഒ ഉച്ചകോടി ഫലത്തില്‍ പ്രതിനിധീകരിക്കുന്നത് ലോകജനസംഖ്യയുടെ 43 ശതമാനത്തെയും ആഗോള ജിഡിപിയുടെ നാലിലൊന്നിനെയും ഭൂവിസ്തൃതിയുടെ 23 ശതമാനത്തെയുമാണ്.
ജി ഏഴ് ഉച്ചകോടി കടുത്ത സാമ്പത്തിക മാന്ദ്യത്തെയും തല്‍ഫലമായി ഉടലെടുത്ത സാമ്പത്തിക കിടമത്സരങ്ങളെയും അന്താരാഷ്ട്ര വാണിജ്യയുദ്ധത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യയും ചൈനയും റഷ്യയും ഉള്‍പ്പെടുന്ന രാഷ്ട്രീയ, സൈനിക, സാമ്പത്തിക ശക്തികളെ പ്രതിനിധാനം ചെയ്യുന്ന ഒമ്പത് രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് എസ്‌സിഒ. അതുകൊണ്ടുതന്നെ ആഗോള സാമ്പത്തിക, രാഷ്ട്രീയ, സൈനിക ബലതന്ത്രത്തില്‍ അതീവ നിര്‍ണായകമായി ക്വിന്‍ങ്ഡാവോ ഉച്ചകോടി മാറുമെന്ന പ്രതീതിയാണ് എസ്‌സിഒ സൃഷ്ടിക്കുന്നത്. ആഗോള കാലാവസ്ഥാ വ്യതിയാന കരാര്‍, ഇറാന്‍ ആണവകരാര്‍ എന്നിവയില്‍ നിന്നുള്ള യുഎസിന്റെ ഏകപക്ഷീയമായ പിന്മാറ്റം, ആഗോള വാണിജ്യ കരാറുകളെ കാറ്റില്‍ പറത്തുന്ന യുഎസ് വിപണി സംരക്ഷണ നീക്കം എന്നിവ ജി ഏഴില്‍ വലിയ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. ഫലത്തില്‍ വിഘടിച്ചുനില്‍ക്കുന്ന യുഎസും അതിനെ ചെറുക്കുന്ന ആറ് പാശ്ചാത്യ ശക്തികളും ഉള്‍പ്പെട്ട പരസ്പര അവിശ്വാസത്തിന്റെ കൂട്ടായ്മയായി അത് മാറിയിരിക്കുന്നു. അറ്റ്‌ലാന്റിക്കിന്റെ ഇരുവശത്തുമായി നിലകൊള്ളുന്ന ജി ഏഴില്‍ യൂറോപ്യന്‍ ശക്തികള്‍ യുഎസിനെതിരെ ഏകീകൃത പ്രതിരോധം ഉയര്‍ത്താനാണ് ശ്രമം. റഷ്യയെ ഗ്രൂപ്പില്‍ തിരികെ കൊണ്ടുവരണമെന്ന ട്രംപിന്റെ പിടിവാശി അവര്‍ക്കിടയിലെ വിള്ളലിന്റെ ആഴംകൂട്ടുകയുമാണ്.
മറിച്ച് ഒമ്പതംഗ എസ്ഇഒയില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ക്കു പരിഹാരം കാണാനും സ്വതന്ത്രമായ ഒരു യൂറേഷ്യ കൂട്ടായ്മയായി അതിനെ വളര്‍ത്താനുമുള്ള തീവ്രശ്രമമാണ് ക്വിന്‍ങ്ങ്ഡാവോയില്‍ നടക്കുന്നത്. മേഖലയെ അസ്വസ്ഥമാക്കുന്ന ഭീകരവാദത്തെ നേരിടുന്നതിനും അംഗരാജ്യങ്ങള്‍ക്കിടയില്‍ വാണിജ്യബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഏഷ്യാപസഫിക് മേഖലയെ ബാഹ്യഇടപെടലുകളില്‍ നിന്ന് സ്വതന്ത്രമായി നിലനിര്‍ത്തുന്നതിനുമുള്ള തന്ത്രങ്ങള്‍ മെനയുന്നതിനും ക്വിന്‍ങ്ങ്ഡാവോ ഉച്ചകോടി ഊന്നല്‍ നല്‍കും. അംഗരാജ്യങ്ങള്‍ ഉള്‍പ്പെട്ട ഒരു സൈനിക കൂട്ടായ്മ തന്നെ ഉച്ചകോടിയുടെ പരിഗണനയിലുള്ളതായാണ് വാര്‍ത്തകള്‍ നല്‍കുന്ന സൂചന.