Saturday
17 Nov 2018

തുഗ്ലക്ക് പരിഷ്‌കാരത്തിന്‍റെ രണ്ടു വര്‍ഷങ്ങള്‍

By: Web Desk | Wednesday 7 November 2018 10:29 PM IST

പി ദേവദാസ്‌

മറ്റൊരു രാത്രിയില്‍ ഇന്ത്യയുടെ സമ്പദ്ഘടനയെ തകര്‍ത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ടുനിരോധനം പ്രഖ്യാപിച്ചിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാകുകയാണ്.തുഗ്ലക്ക് പരിഷ്‌കാരമെന്ന് ബോധ്യമായൊരു തീരുമാനമായിരുന്നു അതെന്ന് പിന്നീടുള്ള ഓരോ സാഹചര്യങ്ങള്‍ പരിശോധിച്ചാലും ബോധ്യമാകും. കയ്യും കാലുമുയര്‍ത്തി രാത്രി എട്ടുമണിക്ക് രാഷ്ട്രത്തോട് സംസാരിക്കവേ നരേന്ദ്രമോഡി പറഞ്ഞ ഒരു ലക്ഷ്യവും നിറവേറിയില്ലെന്നുമാത്രമല്ല സമ്പദ്ഘടനയെ അടിമുടി ഉലച്ചുവെന്നതു മാത്രമായിരുന്നു അതിന്റെ പ്രത്യാഘാതം. 500, 1000 രൂപ നോട്ടുകള്‍ ഒരു രാത്രി പിന്‍വലിച്ചതറിഞ്ഞ ഇന്ത്യന്‍ ജനതയെ ആശ്വസിപ്പിക്കാന്‍ എന്തെല്ലാം വായ്ത്താരികളായിരുന്നു അന്ന് വിളിച്ചുപറഞ്ഞത്.

നിയമവിരുദ്ധമായി ശേഖരിച്ചുവച്ച കള്ളപ്പണം മുഴുവന്‍ കണ്ടെത്തും, കള്ളനോട്ടുകള്‍ അപ്രത്യക്ഷമാകും, തീവ്രവാദവും നക്‌സലിസവും തുടച്ചെറിയപ്പെടും, അഴിമതി എന്നെന്നേയ്ക്കുമായി ഇല്ലാതാകും എന്നിങ്ങനെ പ്രലോഭനങ്ങളിലൂടെയായിരുന്നു അന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മോഡിയും പരിവാരങ്ങളും ശ്രമിച്ചത്. ഇന്ധന വില 50 ലേയ്ക്ക് താഴുമെന്നും പണപ്പെരുപ്പം ഇല്ലാതാകുമെന്നും വളര്‍ച്ച നിരക്ക് ഉയരമെന്നുമെല്ലാമുള്ള വാഗ്ദാനങ്ങളും ജനങ്ങള്‍ക്ക് നരേന്ദ്രമോഡി അന്ന് നല്‍കിയിരുന്നു. പക്ഷേ തീരാദുരിതങ്ങളും കഷ്ടപ്പാടുകളും തകര്‍ന്നടിഞ്ഞ സമ്പദ്ഘടനയും അസംഘടിത – ചെറുകിട വ്യവസായ മേഖലയുമൊക്കെയായി ബിജെപി സര്‍ക്കാരിന്റെ ധനമാനേജ്‌മെന്റ് എത്രത്തോളം പരാജയമായിരുന്നുവെന്നതിന്റെ ഏറ്റവും വലിയ തെളിവായാണ് നോട്ടുനിരോധനം രാജ്യത്തിന് അനുഭവവേദ്യമായത്.

കള്ളപ്പണം കണ്ടെത്താനും കള്ളനോട്ടുകള്‍ ഇല്ലാതാക്കാനുമുള്ള എളുപ്പവഴിയായി നോട്ടുനിരോധിച്ചപ്പോള്‍ യഥാര്‍ഥത്തില്‍ രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം കറന്‍സികള്‍ക്കാണ് വിലയില്ലാതായത്. വിലയില്ലാതായ നോട്ട് മാറിക്കിട്ടുന്നതിനായി ദിവസങ്ങളോളം ക്യൂവില്‍ നില്‍ക്കുന്നതിനിടെ നൂറ്റമ്പതിലധികം മരണങ്ങളുണ്ടായി. നോട്ടുകള്‍ മാറിക്കിട്ടിയില്ലെന്നുമാത്രമല്ല ആവശ്യത്തിന് നോട്ടുകള്‍ കിട്ടാത്തതിനാല്‍ വ്യവസായങ്ങളും തൊഴില്‍ മേഖലയും തകര്‍ന്നടിഞ്ഞു. പകരം ഇറക്കിയതാകട്ടെ മരമണ്ടന്‍ തീരുമാനമായി 2,000 രൂപ നോട്ടുകളും. കറന്‍സിക്ക് പകരം ഡിജിറ്റല്‍ സമ്പദ്ഘടനയെന്ന പ്രഖ്യാപനത്തിനും മാസങ്ങളുടെ പോലും ആയുസുണ്ടായില്ല. 30 അല്ലെങ്കില്‍ 60 ദിവസംകൊണ്ട് ഈ ദുരിതങ്ങള്‍ തീരുമെന്നും അല്ലെങ്കില്‍ തന്നെ തൂക്കിലേറ്റാമെന്നും വരെയുള്ള പ്രഖ്യാപനങ്ങള്‍ മോഡി നടത്തിയെങ്കിലും ഇന്നും തീരാ ദുരിതമായി നോട്ടുനിരോധനം ഇന്ത്യന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നു.

നിരോധിച്ച 500, 1000 രൂപ നോട്ടുകളിലാകട്ടെ 99.3 ശതമാനവും റിസര്‍വ് ബാങ്കില്‍ തിരികെയെത്തിയെന്ന കണക്കുകൂടി വന്നപ്പോഴും മോഡിക്ക് കുലുക്കമൊന്നുമുണ്ടായില്ല. നിരോധിച്ച നോട്ടിന്റെ ആകെ തുക 15.42 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ 15.31 ലക്ഷം കോടി രൂപയുടെ നോട്ടും തിരിച്ചെത്തിയെന്നാണ് ആര്‍ബിഐ നേരത്തെ വ്യക്തമാക്കിയത്. നോട്ട് നിരോധനം ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിപ്പിച്ചെന്ന വാദത്തിനും തിരിച്ചടി കിട്ടി. 2016 നവംബറില്‍ 17.98 ലക്ഷം കോടി രൂപയായിരുന്നു വിപണിയില്‍ വിനിമയം ചെയ്യപ്പെട്ട കറന്‍സിയുടെ ആകെ തുക. കഴിഞ്ഞ ഒക്ടോബറില്‍ ഇത് 19.78 ലക്ഷം കോടി രൂപയായി ഉയര്‍ന്നെന്നാണ് സെപ്റ്റംബറില്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ ഇടപാടെന്നത് മോഡിയുടെ പാഴ്‌വാക്കാണെന്നാണ് ഇത് തെളിയിക്കുന്നത്.
നോട്ടുനിരോധനത്തിന്റെ ഗുണഭോക്താക്കള്‍ ബിജെപിയും അതിന്റെ നേതാക്കളും സ്ഥാപനങ്ങളുമായിരുന്നുവെന്നതിന്റെ കണക്കുകളും ഈയിടെ പുറത്തുവന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നിരോധിത നോട്ടുകള്‍ നിക്ഷേപിക്കപ്പെട്ടത് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ സഹകരണബാങ്കിലെന്നതായിരുന്നു അതിലൊന്ന്. നോട്ടുനിരോധനം പ്രഖ്യാപിച്ച് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ 745.59 കോടിരൂപയാണ് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടത്. സഹകരണ ബാങ്കുകളില്‍ പഴയനോട്ടുകള്‍ നിക്ഷേപിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി നവംബര്‍ 14ന് സര്‍ക്കാര്‍ ഉത്തരവ് വരുന്നതിന് മുമ്പാണ് അമിത് ഷായുടെ ബാങ്കില്‍ കോടികള്‍ നിക്ഷേപിക്കപ്പെട്ടത്.

സഹകരണബാങ്കുകളിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ചാം ദിവസം കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അഹമ്മദാബാദ് ബാങ്കിന് പുറമെ ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലാ സഹകരണ ബാങ്കില്‍ അഞ്ച് ദിവസത്തിനുള്ളില്‍ നിക്ഷേപിക്കപ്പെട്ടത് 693.19 കോടിയാണ്. ഈ ബാങ്കിന്റെ ചെയര്‍മാനായ ജയേഷ്ബായ് വിത്തല്‍ഭായ് റാഡിയ വിജയ് റൂപാനി മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിയാണ്. നോട്ടുനിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സഹകരണബാങ്കുകളെ ഇടപാടുകളില്‍ നിന്നും വിലക്കിയ കാലയളവില്‍ ഗുജറാത്തിലെ 18 ജില്ലാ ബാങ്കുകളിലും അതിന്റെ ആയിരത്തിലേറെ വരുന്ന ശാഖകളിലുമായി വലിയ നിക്ഷേപമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായി. ബിറ്റ്‌കോയിന്റെ പേരില്‍ സൂറത്തില്‍ അറുനൂറിലധികം കോടി രൂപ മാറ്റിയെടുത്തതും ഇതേ കാലയളവിലായിരുന്നു. ആദ്യനാളുകളില്‍ അനധികൃതമായി നിരോധിത നോട്ടുകള്‍ സഹിതം പിടികൂടപ്പെട്ടവരില്‍ ഭൂരിപക്ഷവും ബിജെപി നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് നോട്ടുനിരോധനം ഫലം ചെയ്തത് ബിജെപിയുമായി അടുത്ത ബന്ധമുള്ള കള്ളപ്പണക്കാര്‍ക്കും അനധികൃത പണമിടപാടുകാര്‍ക്കും നിയമവിരുദ്ധ സമ്പന്നര്‍ക്കുമാണെന്നാണ്. അതിന് പുറമേ പുതിയ നോട്ടുകളുടെ അച്ചടിക്കും മറ്റുമായി 1.28 ലക്ഷം കോടി രൂപയാണ് ചെലവായത്. ഇതെല്ലാമല്ലാതെ നോട്ടുനിരോധനത്തിന്റെ ലക്ഷ്യങ്ങളില്‍ ഏതാണ് നേടാനായത്. കള്ളപ്പണവും കള്ളനോട്ടുകളും അനധികൃത പണവും എവിടെപ്പോയി. കശ്മീരിലെയും അതിര്‍ത്തി ഗ്രാമങ്ങളിലെയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് എത്രത്തോളം ശമനമുണ്ടായി.

ഇവയെല്ലാം ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. പണമില്ലാത്തതിനാലും ഇടപാടുകള്‍ നടക്കാത്തതിനാലും സാധാരണ ജനങ്ങള്‍ മാത്രമല്ല ബാങ്കുകള്‍ പോലും പ്രതിസന്ധിയിലായി. കേന്ദ്ര സര്‍ക്കാരിന്റെ കെട്ടിച്ചമച്ച മാനദണ്ഡങ്ങളിലൂടെ അവതരിപ്പിച്ച കണക്കുകളില്‍ പോലും വളര്‍ച്ച നിരക്ക് പിറകോട്ടടിച്ചു. എട്ടു ശതമാനം കടക്കുമെന്ന പ്രഖ്യാപനം അഞ്ചിന്റെ പരിസരങ്ങളില്‍ കറങ്ങി നിന്നു. 2017 ജൂണ്‍മാസത്തില്‍ വളര്‍ച്ച നിരക്ക് 5.6 ലേയ്ക്ക് കൂപ്പുകുത്തി. ഒന്നര ലക്ഷത്തിലധികം ചെറുകിട വ്യവസായസംരംഭങ്ങളാണ് മെയ്ക്ക് ഇന്‍ ഇന്ത്യയും ഡിജിറ്റല്‍ ഇന്ത്യയും പറയുന്ന മോഡിയുടെ രാജ്യത്ത് നോട്ടുനിരോധനത്തെ തുടര്‍ന്ന് അടച്ചുപൂട്ടപ്പെട്ടത്. പതിനഞ്ച് ലക്ഷത്തോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.

യഥാര്‍ഥത്തില്‍ നോട്ടുനിരോധനവും അതിന്റെ അടുത്ത വര്‍ഷം നടപ്പിലാക്കിയ ചരക്കുസേവന നികുതിയും രൂപയുടെ മൂല്യശോഷണം, ഇന്ധന വിലക്കയറ്റം തുടങ്ങിയ പ്രതിഭാസങ്ങളും നരേന്ദ്രമോഡി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെയും പൊളിഞ്ഞുപോയ ധനകാര്യമാനേജ്‌മെന്റിന്റെയും ഉല്‍പ്പന്നങ്ങളാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ ഇനിയും കര കയറാന്‍ കഴിയാത്തവിധത്തിലുള്ള ആഴത്തിലേയ്ക്കാണ് രാജ്യത്തെ പതിപ്പിച്ചത്.