Monday
19 Nov 2018

യുഎഇക്ക് കേരളത്തിന്‍റെ പ്രതിസന്ധിയെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്: മുഖ്യമന്ത്രി

By: Web Desk | Monday 22 October 2018 10:21 PM IST

തിരുവനന്തപുരം:

യുഎഇ ഭരണകൂടത്തിന്റെ പ്രതിനിധികളും പ്രവാസി സമൂഹവും കേരളത്തോട് കാണിക്കുന്ന സ്‌നേഹവായ്പും താല്‍പര്യവും നേരിട്ട് മനസ്സിലാക്കാന്‍ യുഎഇ സന്ദര്‍ശനം കൊണ്ട് സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ ഭരണകൂടത്തില്‍ സുപ്രധാന സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന വ്യക്തികള്‍ക്ക് കേരളത്തിന്റെ പ്രതിസന്ധിയെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. യുഎഇ സര്‍ക്കാര്‍ നമുക്ക് വാഗ്ദാനം ചെയ്തത് 700 കോടി രൂപയായിരുന്നു. സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഇതിനേക്കാള്‍ വലിയ തുകയുടെ സഹായം ലഭിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

അഞ്ച് ദിവസങ്ങളിലായി ഭരണാധികാരികളും പ്രവാസികളുമായ നിരവധി ആളുകളുമായി ആശയവിനിമയം നടത്താന്‍ സാധിച്ചു. പ്രളയാനന്തര നിര്‍മ്മിതി സംബന്ധിച്ച് മാത്രമല്ല, സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപകരെ സ്വീകരിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനങ്ങളില്‍ ഒന്നാണ് മുബദല. മുപ്പതിലധികം രാജ്യങ്ങളിലാണ് ഈ സ്ഥാപനം നിക്ഷേപം നടത്തിയിട്ടുളളത്. 16 ലക്ഷം കോടി രൂപ നിക്ഷേപ നിധിയുളള മുബദലയുടെ ചെയര്‍മാന്‍ അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ്. പെട്രോകെമിക്കല്‍ സമുച്ചയം, ഡിഫന്‍സ് പാര്‍ക്ക്, ലൈഫ് സയന്‍സ് പാര്‍ക്ക്, ഭക്ഷ്യസംസ്‌കരണ കേന്ദ്രം, വ്യോമയാന വ്യവസായം, കൃഷി തുടങ്ങി ഒട്ടേറെ മേഖലകളില്‍ നിക്ഷേപം നടത്താന്‍ മുബദല താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനം ഇപ്പോള്‍ കൈക്കൊള്ളുന്ന നിക്ഷേപ അനുകൂല സമീപനത്തെക്കുറിച്ച് മുബദലയ്ക്ക് വ്യക്തമായ ധാരണകളുണ്ട്. ഇരുകൂട്ടര്‍ക്കും യോജിപ്പുളള മേഖലകളും കണ്ടെത്താന്‍ മുബദല ഉടന്‍ തന്നെ ഉന്നതതല സംഘത്തെ സംസ്ഥാനത്തേക്ക് അയക്കും.

കേരളത്തില്‍ തുറമുഖ മേഖലയില്‍ നിക്ഷേപമുളള ദുബായ് ഡിപി വേള്‍ഡിന്റെ ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായയുടെ നേതൃത്വത്തിലുളള ഉന്നതതല സംഘവുമായും ചര്‍ച്ചകള്‍ നടത്തി. കേരള സര്‍ക്കാരുമായി സംയുക്ത സംരംഭമെന്ന നിലയ്ക്ക് ലോജിസ്റ്റിക് പാര്‍ക്, ഇന്‍ഡ്‌സട്രിയല്‍ പാര്‍ക്ക് തുടങ്ങി ഒട്ടേറെ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ഡിപി വേള്‍ഡ് സന്നദ്ധമാണ്. നമ്മുടെ ഉള്‍നാടന്‍ ജലഗതാഗത പദ്ധതിയില്‍ അവര്‍ വളരെ ആകൃഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മുതല്‍ കാസര്‍കോഡു വരെയുളള നമ്മുടെ ജലപാതാപദ്ധതിയില്‍ ഭാഗമാകാന്‍ അവര്‍ക്ക് അതിയായ താല്പര്യമുണ്ട്. ചരക്ക് നീക്കം സുഗമമാക്കാന്‍ ചെറുകിട തുറമുഖങ്ങള്‍ വികസിപ്പിക്കാന്‍ അവര്‍ തയ്യാറാണ്. ഉടന്‍ തന്നെ ഒരു ഉന്നതതല സംഘത്തെ അവര്‍ കേരളത്തിലേക്ക് അയക്കും. കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക് ഒരു കമ്പനിയെന്ന നിലയ്ക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും നല്‍കുമെന്ന് ദുബായ് ഹോള്‍ഡിംഗ് ചെയര്‍മാന്‍ അബ്ദുളള ഹബ്ബായി അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലക്ഷക്കണക്കിന് വരുന്ന പ്രവാസി മലയാളികളെ കേരള നിര്‍മിതിയില്‍ കോര്‍ത്തിണക്കാനുളള പ്രതിബദ്ധത യുഎഇലെ മലയാളി സമൂഹം പ്രകടിപ്പിച്ചു. കേരളത്തെ തകര്‍ക്കാനോ തളര്‍ത്തോനോ കഴിയില്ലെന്ന ദൃഢപ്രതിജ്ഞയാണ് ഓരോ യോഗത്തിലും ഉയര്‍ന്നുകേട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related News