Thursday
13 Dec 2018

യുഎഇ ഉപഗ്രഹ കയറ്റുമതിയും തുടങ്ങി

By: Web Desk | Friday 16 February 2018 9:45 PM IST

കെ രംഗനാഥ്
ദുബായ്: ബഹിരാകാശ ഗവേഷണരംഗത്തെ അത്ഭുതകരമായ വളര്‍ച്ച വിളംബരം ചെയ്തുകൊണ്ട് യുഎഇയില്‍ നിര്‍മിച്ച ഉപഗ്രഹം ഇന്നലെ ദക്ഷിണകൊറിയയിലേയ്ക്ക് കയറ്റി അയച്ചു.
വ്യാവസായിക, കാലാവസ്ഥാനിരീക്ഷണ, പരിസ്ഥിതി സംരക്ഷണ മേഖലകളിലെ വികസനത്തിനുതകുന്ന ബഹിരാകാശത്തുനിന്നുള്ള ചിത്രങ്ങളെടുക്കാന്‍ കഴിവുള്ള ഈ ഉപഗ്രഹം ഈ വര്‍ഷം അവസാനം വിക്ഷേപണം ചെയ്യും. നാല് വര്‍ഷം മുമ്പ് മാത്രം തുടക്കം കുറിച്ച യുഎഇയുടെ ശൂന്യകാശ പദ്ധതിയാണ് ഖലിഫാസാറ്റ്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഉപഗ്രഹം കയറ്റി അയയ്ക്കാന്‍ തക്കപ്രാപ്തി നേടുന്ന ആദ്യ രാജ്യവുമായി യുഎഇ. ഉപഗ്രഹത്തിന്റെ പേരും ഖലിഫാസാറ്റ് എന്നു തന്നെയാണ്. ഉപഗ്രഹഭാഗങ്ങള്‍ അടക്കം ചെയ്ത കൂറ്റന്‍ പേടകം എമിറേറ്റ്‌സിന്റെ ചരക്കുവിമാനത്തിലാണ് ദക്ഷിണകൊറിയയിലേയ്ക്ക് കൊണ്ടുപോയത്. അവിടെവച്ച് സംയോജിപ്പിച്ച ശേഷമായിരിക്കും വിക്ഷേപണം.
ഒരു വിദേശസഹായവും കൂടാതെ ഉപഗ്രഹം നിര്‍മിക്കുന്ന ആദ്യത്തെ അറബിരാജ്യമെന്ന ബഹുമതിയും ഇതോടെ യുഎഇയ്ക്ക് സ്വന്തം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തും ഈ ഉപഗ്രഹ നിര്‍മാണത്തിന്റെ ഓരോ ഘട്ടവും നേരിട്ടു നിരീക്ഷിച്ചിരുന്നു.