Thursday
24 Jan 2019

ഓഖിയിൽ അകപ്പെട്ട കോൺഗ്രസ്

By: Web Desk | Sunday 10 June 2018 11:41 PM IST

ജോസ് ഡേവിഡ്

കേരള കോൺഗ്രസ് (എം) ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് രണ്ടു വർഷത്തിന് ശേഷം തിരിച്ചു വന്നത് മുന്നണിയെ ശക്തിപ്പെടുത്തുമോ എന്നതു ഇപ്പോൾ പറയാനാവില്ലെങ്കിലും അത് കോൺഗ്രസ് (ഐ) യെ ദുർബലപ്പെടുത്തിയിരിക്കുന്നുവെന്ന് വി എം സുധീരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളിൽ നിന്നും വ്യക്തമാണ്. ഇപ്പോൾ ഓഖി വീശിയടിക്കുന്നത് കോൺഗ്രസിനുള്ളിലാണ്, സമീപ കാലത്തൊന്നും നേരിടാത്ത ഭയാനകമായ ചുഴലിക്കൊടുങ്കാറ്റാണത്, അതിൽ നിന്നും രക്ഷപ്പെടാനുള്ള വഴികൾ തൽക്കാലം മുമ്പിലില്ല താനും.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയം യു ഡി എഫിൻറെ കണ്ണ് തുറപ്പിച്ചുവെന്നത് യാഥാർഥ്യം, കാൽച്ചുവട്ടിൽ മണ്ണില്ലെന്ന പെട്ടെന്നുണ്ടായ ബോധ്യമാകാം പൊടുന്നനെ കേരള കോൺഗ്രസിനെ യു ഡി എഫിലേക്ക് വാഴ്ത്തിയെഴുന്നള്ളിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് ഉൾവിളി ഉണ്ടാക്കിയത്. കെ എം മാണിയുമായി കുറേക്കാലമായി കുറുമുന്നണിബാന്ധവം തുടരുന്ന പി കെ കുഞ്ഞാലിക്കുട്ടി ദൂത് പോയതും, കോൺഗ്രസ് കടിപിടി കൂടുകയായിരുന്ന രാജ്യസഭാ സീറ്റ് വെള്ളിത്തളികയിൽ വച്ച് മാണിക്ക് സമ്മാനിച്ചതും.

ഇതിൽ, വി എം സുധീരൻ ആരോപിക്കുന്നതും സീറ്റ് നഷ്ടപ്പെട്ട പി ജെ കുര്യൻ പറയുന്നതും സത്യമാണെങ്കിൽ ഉമ്മൻ ചാണ്ടി ഒരു വെടിക്കു രണ്ട് കിളിയെ ലക്ഷ്യമിടുകയായിരുന്നു . ഒന്ന്, കുര്യനെ തെറിപ്പിക്കുക; രണ്ട്, മാണി വരുന്നതോടെ മധ്യതിരുവിതാംകൂറിൽ യു ഡി എഫിന്റെ ശക്തി കൂട്ടുക. പക്ഷെ എയ്തത് ബൂമറാങ് പോലെ മടങ്ങി വരുന്നോ എന്ന് സംശയം. രാജ്യസഭാ സീറ്റ് മാണിയ്ക്ക് കൊടുത്തതിലൂടെ കോൺഗ്രസ്സിലുണ്ടാക്കിയ ഭൂകമ്പവും അതുണ്ടാക്കുന്ന തുടർചലനങ്ങളും ഇനിയെന്ന് സമാപ്തമാകും.

മാണി യു ഡി എഫ് യോഗത്തിലേക്ക് വന്നു, സുധീരൻ യോഗത്തിൽ നിന്നും പുറത്തേക്കിറങ്ങി. അതൊരു വെറും സുധീരനല്ല, കുര്യനുമല്ല, സൂക്ഷിച്ചു നോക്കിയാൽ കോൺഗ്രസ് ആണ് പുറത്തേക്കിറങ്ങിയത്. കോൺഗ്രസ്സുകാർക്ക് പരസ്യ പ്രസ്താവനയും പരസ്യ വിമർശനവും ഒക്കെ അനുവദനീയമാണ്, അതിന്റെ പേരിൽ ഇന്നേവരെ ഒരു കോൺഗ്രസുകാരനും അച്ചടക്കമില്ലാത്തവനെന്ന് മുദ്ര കുത്തപ്പെട്ടിട്ടില്ല. ഇവിടെ, വെറും പ്രസ്താവനയല്ല നടക്കുന്നത്. അത് കോൺഗ്രസ്സിന്റെ നിലനില്പിനു നേരെയുള്ള ആക്രമണമാണ്. “ഇതിനു കോൺഗ്രസ് കനത്ത വില നൽകേണ്ടിവരും” എന്ന സുധീരന്റെ പ്രസ്താവനക്ക് ഒരു പാട് അർത്ഥ തലങ്ങളുണ്ട്. ആറു യുവ എം എൽ എ മാർ ഹൈകമാൻഡിനു കത്തെഴുതി. കെ മുരളീധരനും യു ഡി എഫ് യോഗം ബഹിഷ്കരിച്ചു. കെ എസ് യു തുടങ്ങി ചെറുതും വലുതുമായ സംഘടനകളും നേതാക്കളും രാജി വച്ചും പ്രതിഷേധിച്ചും രംഗത്ത് വന്നു.

മാണി മടങ്ങി വന്നപ്പോഴേക്കും കോൺഗ്രസ് വല്ലാതെ തളർന്നുവശായിരിക്കയാണ്. പ്രതിപക്ഷത്തായതുകൊണ്ടുള്ള ക്ഷീണം മാത്രമല്ല, മരീചിക തേടുന്ന രാഷ്ട്രീയ ശീലം കൊണ്ടുകൂടിയാണ്. ഇപ്പോൾ ഉത്തർപ്രദേശിലെ മൂന്നു ലോക്സഭാ സീറ്റിലും കർണാടകയിലും ബിജെപി തോറ്റില്ലായിരുന്നെങ്കിൽ പകൽ കോൺഗ്രസ്സും രാത്രി ആർ എസ് എസ്സുമായി നടക്കുന്ന പലരെയും പിന്നെ പിടിച്ചാൽ കിട്ടാതായേനെ. അത്തരക്കാർക്കു ആദർശമല്ല, ഗാന്ധിസമല്ല, അധികാരത്തിനു വേണ്ടി ഗാന്ധി വിരുദ്ധതയും ആകാമെന്ന് നിരവധി തവണ കേരളത്തിൽ തെളിയിച്ചു തന്നിട്ടുള്ളതാണ്. സുധീരനെപ്പോലുള്ളവർ ചൂണ്ടിക്കാണിച്ചതും ഇതാണ്. “ഇതിന്റെ ഗുണഭോക്താവ് ബിജെപി യായിരിക്കും” എന്നാണ് സുധീരൻ പറഞ്ഞത്.

കോൺഗ്രസുകാരെ ക്ഷണിക്കുന്നുവെന്ന് സംസ്ഥാന ബിജെപി നേതൃത്വം ഉടനടി പറയുകയും ചെയ്തു. മാത്രമല്ല, പ്രാദേശിക തലത്തിൽ അതൃപ്തരെ ബിജെപി യിലേക്ക് കൊണ്ടുവരാൻ അവർ നീക്കവും തുടങ്ങി. സ്വന്തം സംസ്ഥാന അധ്യക്ഷനെ തെരെഞ്ഞടുക്കാൻ പോലും കഴിയാതെ രണ്ടു ഗ്രൂപ്പായി വാളെടുത്തു നിന്ന് ബിജെപി സംസ്ഥാന ഭാരവാഹി യോഗം പിരിഞ്ഞ അതേ ദിവസം തന്നെയാണ് കോൺഗ്രസുകാരെ തേരിലേറ്റാൻ ബിജെപി രഥമിറക്കിയതെന്ന വിരോധാഭാസം നിലനിൽക്കുകയും ചെയ്യുന്നു.

സംസ്ഥാന ബിജെപി യിൽ വി മുരളീധരൻ എം പി നേതൃത്വം നൽകുന്ന ഗ്രൂപ്പ് കെ സുരേന്ദ്രനെയാണ് അധ്യക്ഷനാക്കാൻ ഉദ്ദേശിച്ചത്. ഇത് ബിജെപി അധ്യക്ഷൻ അമിത് ഷാ അംഗീകരിച്ചിട്ടുമുണ്ട്. എന്നാൽ പി കെ കൃഷ്ണദാസ് പക്ഷം മറ്റൊരു ജനറൽ സെക്രട്ടറി ആയ എ എൻ രാധാകൃഷ്ണനെ സ്ഥാനാർത്ഥിയാക്കി എതിർനീക്കം നടത്തിയതോടെയാണ് തീരുമാനം ആകാതെ പിരിഞ്ഞത്. ആർ എസ്  എസ്  കേന്ദ്ര നേതൃത്വം എ എൻ രാധാകൃഷ്ണനെയാണ് പിന്തുണക്കുന്നത്. ഇതാണ് അവർക്കുള്ളിലെ തർക്കം. ബിജെപി യിലേക്കുള്ള ടിക്കറ്റ് റിസർവേഷൻ ക്യുവിൽ നിൽക്കുന്ന കോൺഗ്രസുകാർ പട പേടിച്ചു ചെല്ലുന്നത് പന്തം കൊളുത്തി പടയിലേക്ക് എന്ന് ചുരുക്കം. അതും ചെങ്ങന്നൂരിൽ ഏതാണ്ട് ഊർദ്ധശ്വാസം വലിച്ചും ദേശീയ തലത്തിൽ ശ്വാസം പോയും കിടക്കുന്ന സംഘപരിവാരത്തിലേക്ക്. കുറച്ചു നാൾ മുമ്പ് ഒരാൾ നമ്പൂതിരി മുതൽ നായാടി വരെ എല്ലാവരെയും കൊണ്ടുപോയി, പോയതിലും സ്പീഡിൽ എബൗട്ടേൺ അടിച്ചു നിൽക്കുന്നിടത്തേക്ക്. പോയി വരട്ടെ, ശുഭയാത്ര നേരുകയല്ലാതെന്തു ചെയ്യാൻ!

മാണി സാർ യു ഡി എഫ് വിട്ടതിനു ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു, ബാർ കോഴയും ജോസ് കെ മാണി ഉൾപ്പെട്ട സരിത കേസും രമേശ് ചെന്നിത്തല തുടങ്ങിയ കോൺഗ്രസ് നേതാക്കൾ മുന്നിലും പിന്നിലും നിന്നു കുത്തിയതിന്റെ മുറിപ്പാടുകളും അടക്കം ഒട്ടേറെ കാരണങ്ങൾ. മുറിവുണങ്ങുകയോ പ്രശ്നം ഇല്ലാതാകുകയോ ചെയ്‌തിട്ടില്ല, പക്ഷെ യു ഡി എഫ് തനിക്കു ഇത്രയേറെ സ്നേഹം ബാക്കി വച്ചിരുന്നുവെന്ന് മാണി സാർ വെള്ളിയാഴ്ച തിരിച്ചറിഞ്ഞു. സ്നേഹത്തിൽ അലിയാത്ത ശിലയേത്?

വളരുംതോറും പിളരുമെന്ന ഭയവും കേരള കോൺഗ്രസിന് ഇല്ലാതായി. മാണിക്ക് ശേഷം മകൻ ജോസ് കെ മാണി മാത്രം. അതിനു ശേഷം തീരുമാനിച്ചിട്ടില്ല. രാജ്യസഭയിലേക്ക് മാണി, മകൻ എന്നീ രണ്ടു പേരുകൾ മാത്രമേ പരിഗണനയിലുണ്ടായിരുന്നുള്ളു. കോട്ടയം ലോക് സഭ ജോസ് കെ മാണിക്കു ഇപ്പോൾ തീരെ സുരക്ഷിതമല്ല. രാജ്യസഭ ധാരാളമാണ്. മാണി സാർ സ്വപ്നത്തിൽ പോലും കരുതാത്ത ലോട്ടറിയാണ് അടിച്ചതെന്നു പി ജെ കുര്യൻ പറഞ്ഞതിൽ അസൂയയുടെ അംശമുണ്ടെങ്കിലും, വീട്ടിലിരുന്നു നോട്ടെണ്ണൽ യന്ത്രം കൊണ്ട് എണ്ണിയെടുത്ത ബാർ കോഴയേക്കാൾ എത്രയോ വലിയ ലോട്ടറിയാണിത്. ഈ സീറ്റിന്റെ വില കേന്ദ്രത്തിൽ പുതിയ സർക്കാർ വരുമ്പോഴേ ജനങ്ങൾക്ക് അറിയാനാവൂ. കോൺഗ്രസ്സിനെ കേരള കോൺഗ്രസിൽ ലയിപ്പിച്ചുവെന്നു ദോഷൈക ദൃക്കുകൾ പറയുമ്പോഴും ഈയൊരു രാജ്യസഭാംഗത്വം അടുത്ത തെരെഞ്ഞെടുപ്പിനു ശേഷം ഡൽഹി രാഷ്ട്രീയത്തിൽ നിർണായകമായാലോ…?

യു ഡി എഫിലെ ലീഗ് – കേരള കോൺഗ്രസ് കുറുമുന്നണി ഇനി കോൺഗ്രസിനെ കുറച്ചൊന്നുമാകില്ല വെള്ളം കുടിപ്പിക്കുക. ഈ രണ്ടു കക്ഷികളുടെയും തട്ടകങ്ങൾ വെവ്വേറെ ആയതിനാൽ, പരസ്പരം ഉരസേണ്ടി വരുന്നില്ല – മലബാറിൽ കേരള കോൺഗ്രസ് ഇല്ല, മദ്ധ്യ തിരുവിതാംകൂറിൽ ലീഗുമില്ല. അതുകൊണ്ട് കോൺഗ്രസിനെതിരെ സംഘടിതമായി ഇവർക്കു വിലപേശാനാവും. രാജ്യസഭാ സീറ്റ് നേടിയതും അങ്ങനെ കൂട്ടായി വിലപേശിയാണ്. അതുകൊണ്ടാണ് പി കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ കോൺഗ്രസുകാർ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. കോൺഗ്രസ് വല്ലാതെ കുഴയുകയാണ്. കാരണം അത് ചുഴലിയുടെ കേന്ദ്ര ബിന്ദുവിലാണ്, കര അദൃശ്യവും.

Related News