Monday
22 Oct 2018

‘ഉദാഹരണം സുജാത’ ഒരറബിക്കഥപോലെ

By: Web Desk | Sunday 22 October 2017 10:26 PM IST

കെ രംഗനാഥ്

റിയാദ്: ദിലീപിന്റെ ‘രാമലീല’യും മഞ്ജുവാര്യരുടെ ‘ഉദാഹരണം സുജാത’യും വെള്ളിത്തിരയില്‍ പരസ്പരം പോരടിക്കുന്നതിനിടയില്‍ മഞ്ജു ചിത്രം ഒരു അറബിക്കഥ പോലെ.
ഉഴപ്പിയായ മകളെ പഠിപ്പിച്ചു വലുതാക്കുക എന്ന സ്വപ്‌നം നെയ്യുന്ന മാതാവാണ് ‘ഉദാഹരണം സുജാത’യിലെ കഥാതന്തുവെങ്കില്‍ സൗദി അറേബ്യയിലെ പുണ്യനഗരമായ മക്കയില്‍ മകനോടൊപ്പം അതേ ക്ലാസില്‍ പരീക്ഷയെഴുതിയ അന്‍പതുകാരനായ പിതാവിനെക്കുറിച്ചുള്ള സംഭവകഥ മാധ്യമങ്ങളില്‍ തരംഗമാവുന്നു. ഒരു പെണ്‍പള്ളിക്കുടത്തിലെ വാച്ച്മാനായ പിതാവിന് വാര്‍ധക്യത്തിലേയ്ക്ക് കാലൂന്നുന്നതിനിടയില്‍ പഠിക്കാന്‍ അദമ്യമായ മോഹം. മകനാണെങ്കില്‍ മറ്റൊരു സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി. മകന്റെ അതേ ക്ലാസിലേയ്ക്ക് പിതാവ് സായാഹ്നക്ലാസില്‍ ചേര്‍ന്ന് പഠനവും തുടങ്ങി.
ഈ വയോജന വിദ്യാഭ്യാസത്തിന് പിന്നില്‍ പിതാവിന് ബഹുമുഖലക്ഷ്യങ്ങളാണുണ്ടായിരുന്നത്, താന്‍ പഠിക്കുമ്പോള്‍ അത് തന്റെ മകന്റെ പഠനത്തിനും പ്രചോദനമാകും. മാത്രവുമല്ല താന്‍ ഉഴപ്പിനിര്‍ത്തിയ പഠനം പൂര്‍ത്തിയാക്കാനുമാകും. മകനൊപ്പം തനിക്കും ഉയര്‍ന്ന ഒരു ജോലി നേടാമെന്ന മോഹവും ആ പഠനത്തിന് പിന്നിലെ പ്രേരണയായി. ‘ഉദാഹരണം സുജാത’യിലെ നായികയായ സുജാതാകൃഷ്ണന്‍ പഠിക്കുന്നത് തന്നെ നാണംകെടുത്താനെന്ന മകള്‍ ആതിരാ കൃഷ്ണന്റെ പൊട്ടിത്തെറിയും രോഷവുമൊന്നും ആ അറബിക്കഥയിലില്ല. വാപ്പയും പഠിച്ചുവളരട്ടെ എന്ന് കരുതുന്ന മോന്‍.
പരീക്ഷയുടെ ടൈംടേബിള്‍ പുറത്തുവന്നപ്പോള്‍ പിതാവും പുത്രനും ഒരേ ഹാളില്‍ അടുത്തടുത്ത സീറ്റുകളിലിരുന്നു പരീക്ഷയെഴുതാന്‍. കണ്ടെഴുതാനോ കേട്ടെഴുതാനോ താന്‍ ഒരക്ഷരം പോലും മകനെ സഹായിക്കില്ലെന്ന് വാപ്പയ്ക്ക് വാശി. അവന്‍ അവന്റെ കാര്യം നോക്കിക്കൊള്ളണം. എനിക്ക് എന്റെ കാര്യം. പരീക്ഷയെഴുതുന്നതില്‍ മകന്റെ ഒരു സഹായം തനിക്കാവശ്യമില്ലെന്ന് വാപ്പയുടെ നിശ്ചയദാര്‍ഢ്യം. സ്വന്തമായി കഴിവ് തെളിയിച്ചാലേ അവന്‍ ജീവിതത്തില്‍ വിജയിക്കൂ എന്ന് ഒരു വേദാന്തിയെപോലെ വര്‍ത്തമാനം പറയുന്ന വാപ്പ പ്രായം തനിക്ക് പഠനത്തിലും പരീക്ഷയിലും ഒരു പ്രശ്‌നമേയല്ലെന്ന് തറപ്പിച്ചു പറയുന്ന പിതാവിന്റെ അക്ഷരമോഹങ്ങള്‍ക്ക് എട്ടാം ക്ലാസ് പരീക്ഷ അതിര്‍വരമ്പിടുന്നില്ല. ബിരുദവും ബിരുദാനന്തരപഠനവും വരെ താന്‍ കുതിക്കുമെന്ന് വാപ്പ പറയുമ്പോള്‍ മകന് പല അര്‍ഥതലങ്ങളുള്ള ചിരി. പിതാവിന് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹം. പക്ഷേ അങ്ങിങ്ങ് ഒറ്റപ്പെട്ട ചില മുറുമുറുപ്പും. വയസാംകാലത്ത് പഠിക്കാന്‍ പോകാതെ മക്കളുടെ പഠനത്തില്‍ ശ്രദ്ധിച്ചു കാലം കഴിച്ചാല്‍ പോരേ എന്ന ഈ ദുര്‍ബലശബ്ദങ്ങള്‍ സൗദിയാഥാസ്ഥിതികത്വത്തിന്റെ ജല്‍പനങ്ങളായേ പക്ഷേ പിതാവും പുത്രനും കാണുന്നുള്ളു.