Thursday
18 Oct 2018

ഉമ്മന്‍ചാണ്ടി പി ടി ചാക്കോയെ ഓര്‍മിക്കുന്നുവോ?

By: Web Desk | Saturday 11 November 2017 1:00 AM IST

വി പി ഉണ്ണികൃഷ്ണന്‍

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു പി ടി ചാക്കോ. അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന് ഏവരും കരുതിയിരുന്നു. കോണ്‍ഗ്രസിന്റെ തനതുശീലമാരുന്ന ഗ്രൂപ്പിസം അന്നേ ശക്തമായിരുന്നതുകൊണ്ട് പി ടി ചാക്കോ മുഖ്യമന്ത്രി പദവിയില്‍ നിന്ന് അട്ടിമറിക്കപ്പെട്ടു. പട്ടം താണുപിള്ളയുടെയും ആര്‍ ശങ്കറിന്റെയും മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായി പി ടി ചാക്കോ ഒതുക്കിനിര്‍ത്തപ്പെട്ടു. ആഭ്യന്തര മന്ത്രിയായിരിക്കവേ പീച്ചി ഡാമിലേക്കുള്ള യാത്രയില്‍ കാറിനുള്ളില്‍ ഒരു വനിതയുണ്ടായിരുന്നു. വിവാദങ്ങളുടെ പുകില്‍ തൊട്ടുപിന്നാലെ പൊട്ടിപ്പുറപ്പെട്ടു.
പി ടി ചാക്കോയ്‌ക്കൊപ്പം ഒരു മഹിളാമണി കാറില്‍ എന്നായിരുന്നു വിവാദ പരമ്പരകള്‍. ഉണ്ടായിരുന്ന മഹിളാരത്‌നം മഹിളാ കോണ്‍ഗ്രസ് നേതാവായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. പി ടി ചാക്കോ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രിപദം രാജിവച്ചു. സോളാര്‍ അഴിമതിക്കേസില്‍ കൈക്കൂലി ആരോപണത്തിലും ബലാത്സംഗക്കേസിലുംപെട്ട ഉമ്മന്‍ചാണ്ടി സാക്ഷാല്‍ പി ടി ചാക്കോയെ ഓര്‍മിക്കുന്നുണ്ടോ? പി ടി ചാക്കോ ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ കേവലം ആറുമാസത്തിനുള്ളില്‍ ഹൃദയം പൊട്ടി മരിച്ചു. ആ മരണത്തെ തുടര്‍ന്നുണ്ടായ വിക്ഷോഭത്തിന്റെയും വിദ്വേഷത്തിന്റെയും പശ്ചാത്തലത്തിലാണ് 1964 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ജനിച്ചത്. ആ കേരള കോണ്‍ഗ്രസിന്റെ ഇന്നത്തെ തലതൊട്ടപ്പനായ കെ എം മാണിയുടെ പുത്രനും കോട്ടയം എം പിയുമായ ജോസ് കെ മാണി ബലാത്സംഗ വീരന്മാരുടെ പട്ടികയിലുണ്ട് എന്നത് ആശ്ചര്യകരം തന്നെ.
മുപ്പത്താറുകാരനായ ഹൈബി ഈഡന്‍ മുതല്‍ 81 കാരനായ ആര്യാടന്‍ മുഹമ്മദ് വരെ ബലാത്സംഗവീരന്മാരുടെ പട്ടികയിലുണ്ട്. 81 കാരനായ ആര്യാടനെയൊക്കെ ഗിന്നസ് ബുക്കില്‍ പേരുചേര്‍ക്കണം. ഈ പ്രായത്തിലും ഊര്‍ജം കൈവിടാതെ സൂക്ഷിക്കുന്ന വൈഭവത്തിന്. കെ സി വേണുഗോപാല്‍, ആര്യാടന്‍മുഹമ്മദ്, ഹൈബി ഈഡന്‍, തമ്പാനൂര്‍ രവി, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, ബെന്നി ബഹനാന്‍, വിഷ്ണുനാഥ് തുടങ്ങി ചെറുതും വലുതുമായ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കളുടെ പട്ടിക കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ട്.
”സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിയോടൊപ്പം വേദിയിലെ സരിതാ എസ് നായരുടെ സാന്നിധ്യം സംബന്ധിച്ച് എത്തിച്ചേര്‍ന്നിട്ടുള്ള കണ്ടെത്തലിന്റെ കാഴ്ചപ്പാടില്‍, ശ്രീ കേശവന്‍ അയാളുടെ മൊഴിയില്‍ അയാള്‍ വേദിയുടെ മുന്‍പില്‍ ഇരുന്നിരുന്നുവെന്നും…” കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആര്യാടന്‍ മുഹമ്മദിനെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ: ശ്രീ ആര്യാടന്‍ മുഹമ്മദിന് തുക നല്‍കിയതിനെ സംബന്ധിച്ച് അവര്‍ പ്രസ്താവിച്ചിട്ടുള്ളതെന്തെന്നാല്‍ 25 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതാണെന്നും ആ തുക ചില സൂചിപ്പിച്ചിട്ടുള്ള ഉപഭോക്താക്കളില്‍ നിന്നും അവര്‍ പണം സ്വീകരിച്ച് നിക്ഷേപിച്ചതാണെന്നുമാണ്. ബാങ്ക് അക്കൗണ്ടും മറ്റ് വിവരങ്ങളും എസ്‌ഐടി പിടിച്ചെടുക്കുകയോ, ശേഖരിക്കുകയോ ചെയ്തതും ക്രിമിനല്‍ കേസുകള്‍ നടപടിയിലിരിക്കുകയുമാണ്. അതുകൊണ്ട് ഇത് പരിശോധിക്കേണ്ട ഒരു കാര്യമാണ്.
ശ്രീ ആര്യാടന്‍ മുഹമ്മദിന്റെ പങ്ക് കൂടി സരിത എസ് നായര്‍ 19.07.2013 ല്‍ എഴുതിയ കത്തുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്തിട്ടുണ്ട്. പേപ്പര്‍ ബുക്ക് വാല്യം ഃ ലെ ക ഉം കക ഉം ഭാഗങ്ങളില്‍ ലഭ്യമായ , കമ്മിഷന്‍ മുമ്പാകെ അവര്‍ നല്‍കിയ മൊഴിയിലും 29.06.2016 ല്‍ നടന്ന രഹസ്യ സിറ്റിങ്ങിലും അദ്ദേഹത്തിനെതിരായി ആരോപണങ്ങള്‍ പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മുഖേന സരിതയെ എതിര്‍ വിസ്താരം ചെയ്യുന്നതിന് അവസരവും നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിനെതിരായി നിയമാനുസൃതമല്ലാത്ത പ്രതിഫലമായി ലൈംഗികതയും അഴിമതിയും രണ്ടും ചേര്‍ന്നുള്ള ആരോപണങ്ങളാണ് ഉയര്‍ത്തിയിട്ടുള്ളത്. എല്ലാം, പ്രധാനമായും കേരള സൗരോര്‍ജ്ജ നയത്തെ പരാമര്‍ശിച്ചിട്ടുള്ളതാണ്. കമ്മിഷന്‍ പി സി ആക്ടിലെ വ്യവസ്ഥകള്‍ ഈ സാഹചര്യത്തില്‍ ബാധകമാകുമോ എന്നതും കൂടി പരിഗണിച്ചു.
ഉമ്മന്‍ചാണ്ടി എന്ന കപടരാഷ്ട്രീയക്കാരന്റെ പൊയ്മുഖം അഴിഞ്ഞുവീഴുകയാണ് ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലൂടെ. രണ്ട് കോടിയിലേറെ രൂപ ഉമ്മന്‍ചാണ്ടി കൈപ്പറ്റിയെന്ന് ജസ്റ്റിസ് റിപ്പോര്‍ട്ടിലൂടെ പറയുന്നു.
ഉമ്മന്‍ചാണ്ടി കപടരാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് ജസ്റ്റിസ് ശിവരാജന്‍ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുകയാണ്. അന്വേഷണവിധേയമാക്കപ്പെടുമ്പോള്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും നിയമത്തിന്റെ മുന്നില്‍ നിസഹായരായി നില്‍ക്കേണ്ടിവരും.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ അപഹാസ്യ പത്രസമ്മേളനങ്ങള്‍ എത്രമേല്‍ പരിതാപകരമാണ്. തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലെത്തിയവരുടെ വിലാപസ്വരമാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയത്. ഞങ്ങള്‍ പരിശുദ്ധര്‍ എന്ന് വാചാടോപം നടത്തിയവര്‍ക്ക് തങ്ങള്‍ നിയമിച്ച ജുഡിഷ്യല്‍ കമ്മിഷനെയും ടേംസ് ഓഫ് റഫറന്‍സിനെയും തള്ളിക്കളയുവാന്‍ പറയുന്നതെങ്ങനെ…? തോറ്റു തുന്നംപാടിയവര്‍ ആ തോല്‍വിയുടെ കിരീടം വയ്ക്കുന്നതെങ്ങനെ…? ഉമ്മന്‍ചാണ്ടിയെ കുറിച്ചുള്ള കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ മറച്ചുവയ്ക്കുന്നതെങ്ങനെ…?
സരിതയെ കണ്ടിട്ടേയില്ലെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി ഒരു പൊതുയോഗത്തില്‍ സരിതയുമൊപ്പമിരുന്ന ചിത്രം പുറത്തുവന്നു. ഉമ്മന്‍ചാണ്ടി എങ്ങനെ അവര്‍ക്കൊപ്പമിരുന്നു…? ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി… ഉത്തരങ്ങള്‍ ബാക്കിയാണ്…
ഹേമചന്ദ്രന്‍ (എസ്എടി തലവന്‍) അദ്ദേഹം ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ടെനി ജോപ്പന്‍, സലിം രാജ്, ജിക്കുമോന്‍ എന്നീ ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളെയും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഓഫീസ് നിയന്ത്രണമുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എങ്ങനെ നിരപരാധിയാകും…? ഉമ്മന്‍ചാണ്ടി നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍….. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിര്‍ണയിച്ച ടേംസ് ഓഫ് റഫറന്‍സ്.. അപ്പോള്‍ പിന്നെ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടാകുന്നതെങ്ങനെ…? മലര്‍ന്നുകിടന്ന് തുപ്പിയാല്‍ ആരാണ് നാറ്റമേറ്റുവാങ്ങുന്നത്…?