Wednesday
23 Jan 2019

യുപിയിലെ വ്യാജ ഏറ്റുമുട്ടലുകള്‍: കേന്ദ്ര സര്‍ക്കാര്‍ വിവരങ്ങള്‍ നല്‍കിയില്ലെന്ന് യു എന്‍

By: Web Desk | Saturday 12 January 2019 10:44 PM IST

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ലെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മിഷന്‍ അധികൃതര്‍ വ്യക്തമാക്കി. 15 കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആദ്യം ചോദിച്ചത്. പിന്നീട് 59 വ്യാജ ഏറ്റുമുട്ടല്‍ കേസുകളുടെ വിവരങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഭൂരിഭാഗം കേസുകളിലും മുസ്‌ലിങ്ങളാണ് കൊല്ലപ്പെട്ടതെന്നും ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ യുഎന്‍ മുനുഷ്യാവകാശ കമ്മിഷണര്‍ വ്യക്തമാക്കി.

2017ല്‍ യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തി ആറുമാസത്തിനിടെ 420 ഏറ്റുമുട്ടലുകള്‍ ഉണ്ടായെന്നും ഇതില്‍ 15 പേര്‍ കൊല്ലപ്പെട്ടതായും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 2018ല്‍ 1031 ഏറ്റുമുട്ടലുകളിലായി 32 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളില്‍ വെടിയുണ്ട ഏറ്റതിന്റെ മുറിവുകള്‍ക്ക് പുറമേ ശാരീരികമായ പീഡനത്തിന്റെ തെളിവുകളുമുണ്ടെന്നകാര്യം ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മണിപ്പൂരില്‍ നടന്ന വ്യാജഏറ്റുമുട്ടലുകള്‍ സംബന്ധിച്ചും ഐക്യരാഷ്ട്രസഭ നേരത്തെ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് മാത്രമല്ല കേസുമായി ബന്ധപെട്ട സുപ്രീം കോടതിയിലെ വിചാരണ നടപടികള്‍ വൈകിപ്പിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ശ്രമങ്ങളുണ്ടായെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷണര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Related News