Saturday
16 Dec 2017

പിതാവിന്റെ നിര്‍ദ്ദേശം: ബന്ധു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി

By: Web Desk | Wednesday 22 November 2017 7:21 PM IST

പഞ്ച്കുല: പഞ്ച്കുലയില്‍ പിതാവിന്റെ നിര്‍ദ്ദേശപ്രകരം ബന്ധു മൂന്ന് കുട്ടികളെ കൊലപ്പെടുത്തി. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ബന്ധുവിന്റെ ക്രൂരതയ്ക്ക് ഇരയായത്.
കുട്ടികളുടെ അമ്മാവനാണ് കൊലനടത്തിയതെന്നും കൊലയ്ക്ക് ശേഷം മൃതദേഹങ്ങള്‍ പഞ്ച്കുലയിലെ കാട്ടില്‍ ഉപേക്ഷിച്ചതായും പൊലീസ് പറഞ്ഞു. സമീര്‍ (11), സിമ്രാന്‍ (8), സമര്‍ (3) എന്നിവരെയാണ് ജഗ്ദീപ് മാലിക് (26) കൊലപ്പെടുത്തിയത്. ജഗ്ദീപ്, കുട്ടികളുടെ പിതാവ് സോനു മാലിക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കെയ്താലില്‍ ഫോട്ടോ സ്റ്റുഡിയോ നടത്തുകയാണ് സോനു. ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
കുരുക്ഷേത്ര ജില്ലയിലെ സര്‍സയിലാണ് സോനുവിന്റെ വീട്. ഞായറാഴ്ചയാണ് കൊലപാതകം നടത്തിയത്. ചൊവ്വാഴ്ചയോടുകൂടി മൃതദേഹം കണ്ടെടുത്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
കൊലപാതകത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെങ്കിലും സോനുവിന് വിവാഹേതര ബന്ധമുണ്ടായിരുന്നതായും ഇതാവാം കൊലപാതകത്തിന് നിര്‍ദ്ദേശം നല്‍കാന്‍ കാരണമെന്നും പിതാവ് ജീത മാലിക് പൊലീസിനോട് പറഞ്ഞു.
കുട്ടികള്‍ മരിച്ച വിവരം അമ്മയെയും മുത്തശ്ശിയെയും ഇതുവരെ അറിയിച്ചിട്ടില്ല.

കുട്ടികള്‍ മരിച്ചതെങ്ങനെ?
രാവിലെ 10.30ഓടുകൂടി കുട്ടികള്‍ കളിക്കാന്‍ പുറപ്പെട്ടു.  കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കുരുക്ഷേത്രയില്‍ നടക്കുന്ന ഗീതാ ജയന്തി മഹോത്സവത്തിന് കൊണ്ടുപോകാം എന്ന് പറഞ്ഞ് ജഗദീപ് കൊണ്ടുപോയി. എന്നാല്‍ മോര്‍ണിയില്‍ എത്തിയപ്പോള്‍ ഇയാള്‍ കാര്‍ നിര്‍ത്തി മൂത്ത കുട്ടിയായ സമീറിനെ വാഹത്തില്‍ നിന്നും പുറത്തിറക്കി കാട്ടില്‍ കൊണ്ടു പോയി വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തു. വെയിയൊച്ച പുറത്തുകേള്‍ക്കാതിരിക്കാന്‍ കാറില്‍ പാട്ട് ഉറക്കെ വെച്ചിരുന്നു.

സമീറിനെ കൊലപ്പെടുത്തി തിരിച്ചെത്തിയ ജഗദീപ് ഭക്ഷണം വാങ്ങിത്തരാം എന്ന് പറഞ്ഞ്  സിമ്രാനെ കൊണ്ടുപോയി. പിന്നീട് കാട്ടിലേക്ക് കൊണ്ടുപോയി ഈ കുട്ടിയേയും ഇയാള്‍ കൊലപ്പെടുത്തി. തിരികെ എത്തി സമാനമായ രീതിയില്‍  സമറിനെയും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൂന്ന് മൃതദേഹങ്ങളും ഇയാള്‍ കാട്ടില്‍ തള്ളി. എന്നാല്‍ ജഗദീപ് കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് ഇതുവരെ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കൊലപാതകം വെളിയില്‍ വന്നതെങ്ങനെ?

ഭക്ഷണം കഴിക്കാന്‍ എത്താത്തതിനെത്തുടര്‍ന്ന്  ഉച്ചയ്ക്ക് രണ്ടരയോടുകൂടി  സോനുവിന്‍റെ ഭാര്യ സുമന്‍ കുട്ടികളെ അന്വേഷിച്ചിറങ്ങി. കുട്ടികളെ കണ്ടെത്താനാകാത്തതിനെത്തുടര്‍ന്ന് ഗ്രാമത്തലവന്‍ കാര്യം പൊലീസിനെ അറിയിച്ചു.

വൈകിട്ട് 6.30 ഓടുകൂടി ജഗ്ദീപും സോനുവും വീട്ടില്‍ തിരികെയെത്തി. കുട്ടികളെ കാണ്മാനില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് എല്ലാവര്‍ക്കുമൊപ്പം ഇവരും കുട്ടികളെ  തിരക്കിയിറങ്ങി.

മൃതശരീരം കണ്ടുകിട്ടിയെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ജഗ്ദീപ് പൊലീസുകാരെ ഭീഷണിപ്പെടുത്തിയതായി പ്രദേശവാസി അറിയിച്ചു.

കുട്ടികളെ കാണാതായി എന്നറിഞ്ഞിട്ടും പിതാവായ സോനുവിന് ഞെട്ടലോ കരച്ചിലോ ഒന്നുമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

പഞ്ച്കുലയിലെ ആശുപത്രിയില്‍ ശരീരങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടുവന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 302 പ്രകാരം സോനുവിനും ജഗ്ദീപിനുമെതിരെ കേസെടുത്തു.

Photo Courtesy: Hindustan Times

 

Related News