Thursday
24 Jan 2019

ഉന്നാവോ മുതല്‍ കത്വവരെ

By: Web Desk | Saturday 14 April 2018 10:11 PM IST

ബിജെപി ഭരണത്തിന്റെ അവസാന വര്‍ഷത്തില്‍ നിരാശരായ അനുയായികള്‍ മാത്രമല്ല നേതാക്കള്‍പോലും ഭ്രാന്തുപിടിച്ച അവസ്ഥയിലാണ്. അടിയന്തരാവസ്ഥക്കാലത്തെ ദുഷ്‌ചെയ്തികളുടെ ഫലമായി ഇന്ദിരാഗാന്ധിയെ ശിക്ഷിച്ചതുപോലെ 2014ല്‍ ചെയ്ത തെറ്റ് ഇനി ജനങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ബിജെപി നേതാക്കള്‍ക്ക് ബോധ്യമുള്ള കാര്യമാണ്. എഴുപതുകളുടെ മധ്യത്തില്‍ സംഭവിച്ച കുറ്റകൃത്യങ്ങളെക്കാള്‍ എത്രയോ ഏറെ രൂക്ഷമായ സംഭവങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്.

മോഡി സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സംഘപരിവാര്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെയും സാമ്പത്തിക കുത്തകകളുടെയും താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. ഫാസിസ്റ്റ് ആശയത്തില്‍ അധിഷ്ഠിതമായ സംഘപരിവാര്‍ വലതുപക്ഷ ആശയങ്ങളെയും വര്‍ഗീയതയേയുമാണ് ഉള്‍ക്കൊള്ളുന്നതും പ്രചരിപ്പിക്കുന്നതും. ജനങ്ങളെ സേവിക്കുമെന്നും അഴിമതിക്കെതിരെ പോരാടുമെന്നുമുള്ള വാക്കുകള്‍ തികച്ചും വാചാടോപമാണ്. സമീപകാലത്തെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണമാണ് ഇപ്പോഴുള്ളത്. കഴിവിന്റെ പരമാവധി സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തു. രാജ്യത്ത് അരാജകത്വമാണ് ഇപ്പോഴുള്ളത്. ഭരണഘടനയും മതേതര ജനാധിപത്യ സംവിധാനങ്ങളൊക്കെതന്നെയും നിരന്തര ഭീഷണിയിലാണ്. നേരും നെറിയും കെട്ടവിധത്തില്‍ തെരഞ്ഞെടുപ്പ് വിജയത്തിനായി സാങ്കേതികവിദ്യയെ ബിജെപി നേതാക്കള്‍ ദുരുപയോഗം ചെയ്യുന്നു. കൂടാതെ ജാതി – വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ ഘടനയെപ്പോലും ഇല്ലാതാക്കുന്നു.

രോഷാകുലരായ വിവിധ ജനവിഭാഗങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഈ പ്രതിഷേധം ഭരണാധികാരികളെയും അവരുടെ രക്ഷാധികാരിയായ സംഘപരിവാറിനെപ്പോലും പരിഭ്രാന്തരാക്കുന്നു. പല സംഭവങ്ങളിലും സാമാന്യ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിശദീകരണങ്ങളാണ് ബിജെപി നേതാക്കളും അനുയായികളും പറയുന്നത്. പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരു ദിവസത്തെ നിരാഹാര സമരം നടത്തി. ഇത് ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചചെയ്തില്ല. അവിശ്വാസപ്രമേയം ചര്‍ച്ചചെയ്യാനുള്ള സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടു. എന്നാല്‍ പ്രശ്‌നമുഖരിതമായ സാഹചര്യത്തില്‍ ബജറ്റ് പാസാക്കാന്‍ സ്പീക്കര്‍ അനുവദിച്ചു.

ഇത്തരം നാടകത്തിലൂടെ തങ്ങള്‍ ചെയ്യുന്ന കുറ്റത്തെ മറയ്ക്കാന്‍ ബിജെപി നേതാക്കള്‍ക്ക് കഴിയില്ല. ജനങ്ങള്‍ സ്വതന്ത്രമായ തീരുമാനത്തിലേക്ക് എത്തിച്ചേരുന്നുവെന്ന കാര്യം മോഡിക്കും കൂട്ടര്‍ക്കും തികച്ചും ബോധ്യമുണ്ട്. ഉന്നാവോ, കത്വ എന്നിവിടങ്ങളില്‍ അരങ്ങേറിയ അപരിഷ്‌കൃതവും ഭീതിജനകവുമായ സംഭവങ്ങളോടുള്ള പ്രതികരണങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും ജമ്മു കശ്മീര്‍ ബിജെപി നേതൃത്വത്തിന്റെയും നൈരാശ്യമാണ് വെളിപ്പെടുത്തുന്നത്.

ഉന്നാവോ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുക്കാനും ശക്തമായ നടപടി സ്വീകരിക്കാനും അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ബിജെപി സാമാജികനായ നേതാവിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും യോഗി ആദിത്യനാഥിന്റെ ഭാഗത്തുനിന്നുണ്ടായി. ജനങ്ങളുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് എംഎല്‍എക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പുതിയ അന്വേഷണം എന്ന വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ ഒമ്പത് മാസമായി തനിക്കെതിരെ നടന്ന അതിക്രമങ്ങള്‍ സംബന്ധിച്ച പരാതിയുമായി പെണ്‍കുട്ടി മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായില്ല. മറുവശത്ത് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബം ആക്രമിക്കപ്പെട്ടു. അവഹേളനങ്ങള്‍ക്ക് വിധേയമായി പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദവുമുണ്ടായി. ഇതിന്റെ ഭാഗമായി എംഎല്‍എയുടെ സഹോദരന്‍ ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്താ ശകലങ്ങള്‍ പരിശോധിച്ചാല്‍ ബലാത്സംഗത്തിന്റെ ക്രൂരതയുടെ വ്യാപ്തി മനസിലാക്കാന്‍ കഴിയും. ഈ കേസിന്റെ എല്ലാ ഘട്ടങ്ങളിലും ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഒളിച്ചോടാന്‍ കഴിയില്ല.

കത്വയിലുണ്ടായ സംഭവം ഇതിനെക്കാളേറെ ഭയാനകമാണ്. എട്ടു വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ദിവസങ്ങള്‍ക്കുശേഷം ദാരുണമായി കൊലചെയ്തു. ശൈത്യകാലത്ത് സ്ഥിരമായി എത്തുന്ന നാടോടിക്കൂട്ടത്തെ ഭയപ്പെടുത്തി നാടുകടത്താന്‍ വേണ്ടിയായിരുന്നു ഈ പാതകം. പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും ഈ കേസ് അന്വേഷിച്ചു. പൊലീസുകാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കുറ്റപത്രം നല്‍കി. വിവരിക്കാന്‍ കഴിയാത്തവിധം ഭയാനകമാണ് സംഭവങ്ങളെന്ന് പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുറ്റമാരോപിക്കപ്പെട്ടവനെ ശിക്ഷിക്കേണ്ടെന്ന് ആവശ്യപ്പെട്ട് ബിജെപിയും വിവിധ അനുബന്ധ സംഘടനകളും രംഗത്തെത്തി. കോടതി നടപടികളെപ്പോലും ഇവര്‍ തടസപ്പെടുത്തി. ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ പങ്കാളിയാണ് ബിജെപി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭയിലെ രണ്ട് ബിജെപി അംഗങ്ങള്‍ പ്രതിഷേധത്തെ പരസ്യമായി അനുകൂലിച്ചു. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാന്‍ ബിജെപി അനുയായികളായ അഭിഭാഷകര്‍ ശ്രമിച്ചു.

ഈ രണ്ട് സംഭവങ്ങളിലും ബിജെപി നേതാക്കളും സംഘപരിവാര്‍ പ്രവര്‍ത്തകരും ബലാത്സംഗം ചെയ്തവനെയും കൊലപാതകം ചെയ്തവനെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാന നേതാക്കളും മന്ത്രിമാരും മാത്രമല്ല, കേന്ദ്ര നേതാക്കള്‍പോലും കുറ്റവാളികളെ അനുകൂലിക്കുന്നു. ഒന്നുകില്‍ സംഭവത്തില്‍ മൗനം പാലിക്കുന്നു. അല്ലെങ്കില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇതുമല്ലെങ്കില്‍ സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും അദ്ദേഹത്തിന്റെ ഒരു ഉപകരണമായ അമിത്ഷായും ഇത്തരത്തിലുള്ള ക്രിമിനല്‍ സമീപനത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്.

Related News