ഉന്നാവോ ബലാല്‍സംഗ ഇരയുടെ പിതാവ് മരിച്ചത് സെപ്റ്റിസെമിയ മൂലമെന്ന് റിപ്പോര്‍ട്ട്

ഉന്നാവോയില്‍ ബിജെപി എംഎല്‍എയുടെ സഹോദരന് ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിയുടെ പിതാവ് പപ്പു സിങ് മരിച്ചത് ‘സെപ്റ്റിസെമിയ’ മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. രക്തത്തില്‍ വിഷം കലരുന്നതോ അണുബാധയുണ്ടാകുന്നതോ ആണ് ഈ രോഗത്തിന് കാരണമായത്.
ജുഡീഷ്യല്‍ കസ്റ്റഡിയിലിരുന്ന കാലയളവില്‍ ശരിയായ ചികിത്സ പപ്പു സിങ്ങിന് കിട്ടിയിരുന്നില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ചികിത്സ കിട്ടാത്തതാണ് മരണത്തിനു കാരണമായത്.
മലാശയത്തില്‍ ദ്വാരമുണ്ടാകുകയും അതുവഴി രക്തത്തില്‍ വിഷം കലരുകയും ചെയ്തുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അടിവയര്‍, ചന്തി, തുടകള്‍, മുട്ടുകള്‍, കൈകളുടെ സന്ധികള്‍ എന്നിവിടങ്ങളില്‍ നിരവധി പരിക്കുകളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ആകെ 14 പരിക്കുകള്‍ പപ്പു സിങ്ങിന്റെ ശരീരത്തില്‍ കണ്ടെത്തി. രണ്ട് പല്ലുകള്‍ പൊട്ടിയതായും കണ്ടെത്തലുണ്ട്. ഉന്നാവോയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നതു പ്രകാരം ജയിലില്‍ പപ്പു സിങ് ക്രൂരമായ ആക്രമണത്തിന് വിധേയനായിട്ടുണ്ട്.
ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാറും അയാളുടെ സഹോദരങ്ങളും ചേര്‍ന്ന് തന്നെ ബലാല്‍സംഗം ചെയ്തുവെന്നാരോപിച്ചാണ് പെണ്‍കുട്ടിയും കുടുംബാംഗങ്ങളും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയത്. ഇതെത്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് പപ്പു സിങ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. പപ്പു സിങ് മരിച്ച സംഭവത്തില്‍ രണ്ടു പൊലീസ് ഓഫീസര്‍മാരെയും നാല് കോണ്‍സ്റ്റബിള്‍മാരെയും സസ്പെന്‍ഡ് ചെയ്തിരുന്നു.