Wednesday
19 Sep 2018

ഉന്നാവോ കൂട്ടബലാത്സംഗ കേസ്: ബിജെപി എംഎല്‍എയെ പ്രതി ചേര്‍ത്ത് കുറ്റപത്രം

By: Web Desk | Wednesday 11 July 2018 10:31 PM IST

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നടന്ന കൂട്ടബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എയെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കുല്‍ദീപ് സിങ് സെന്‍ഗാര്‍ എംഎല്‍എയെയാണ് സിബിഐ കേസില്‍ പ്രതി ചേര്‍ത്തത്. 15കാരിയായ പെണ്‍കുട്ടി കഴിഞ്ഞ ഏപ്രിലില്‍ ബന്ധുവുമൊത്ത് ജോലി സംബന്ധമായ കാര്യത്തിന് എംഎല്‍എയെ കാണാനായി വസതിയിലെത്തിയപ്പോള്‍ എംഎല്‍എ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.

ഉന്നാവോ ബലാത്സംഗ കേസിലെ പെണ്‍കുട്ടിയുടെ പിതാവിനെ വധിച്ചതിന് സെന്‍ഗാറിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ക്കെതിരെ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുല്‍ദീപ് സിങിന്റെ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി നീതി തേടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനുമുന്നില്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് എംഎല്‍എയെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിനെ എംഎല്‍എയുടെ അനുയായികള്‍ മര്‍ദ്ദിക്കുകയുണ്ടായി. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ പിന്നീട് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. ഇത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു. കേസിലെ എല്ലാ പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. കുട്ടിയുടെ പിതാവിനെ മര്‍ദ്ദിക്കാന്‍ തനിക്ക് എംഎല്‍എയുടെ നിര്‍ദ്ദേശമുണ്ടായിരുന്നെന്ന് അറസ്റ്റിലായ മഖി പൊലീസ് സ്‌റ്റേഷന്‍ ഓഫിസര്‍ കെ പി സിങിന്റെ വെളിപ്പെടുത്തല്‍ പുറത്തു വന്നിരുന്നു.

Related News