Monday
15 Oct 2018

നഗരവല്‍ക്കരണദിനം ചര്‍ച്ച ചെയ്യേണ്ടത്

By: Web Desk | Tuesday 14 November 2017 8:37 AM IST

നിമിഷ
ഗരവല്‍ക്കരണത്തിന് അന്താരാഷ്ട്ര തലത്തില്‍ ഒരു ദിനമുണ്ട്. നവംബര്‍ എട്ടിനായിരുന്നു ആ ദിനം. ആഗോള നഗരാസൂത്രണദിനമായും ഇതറിയപ്പെടുന്നുണ്ട്. ബ്യൂണസ് ഏറിസ് സര്‍വകലാശാലയിലെ പ്രൊഫസറായിരുന്ന കാര്‍ലോസ് മരിയ ഡെല്ല പൊലേറയാണ് ഇത്തരമൊരു ദിനത്തിന് തുടക്കമിടുന്നത്. പാരീസ് സര്‍വകലാശാലയില്‍ നിന്ന് നഗരവല്‍ക്കരണത്തില്‍ ബിരുദമെടുത്ത മരിയയുടെ ആസൂത്രണ താല്‍പര്യങ്ങളുടെ ഫലമായാണ് 1949 ല്‍ ഇത്തരമൊരു ദിനം ആചരിക്കാന്‍ ഇടയാകുന്നത്. ലോകത്ത് ഏതാണ്ട് മുപ്പതില്‍പരം രാജ്യങ്ങളാണ് നവംബര്‍ എട്ടിന് ഈ ദിനം ഇന്ന് കൊണ്ടാടുന്നത്.
ഏറ്റവും പ്രാകൃതവും സാങ്കേതികത ഒട്ടുമില്ലാതിരുന്നതുമായ കാലത്ത് നിന്ന് നഗരവല്‍ക്കരണമെന്ന ആവശ്യം ഉയര്‍ന്നുവന്നപ്പോള്‍ അവയെക്കുറിച്ച് വ്യക്തമായ ധാരണ പല വികസിത രാജ്യങ്ങള്‍ക്കും ഉണ്ടായിരുന്നില്ല. നഗരാസൂത്രണം എങ്ങനെ നടപ്പിലാക്കണമെന്നത് സംബന്ധിച്ച് വിവിധങ്ങളായ വെല്ലുവിളകളാണ് രാജ്യങ്ങള്‍ക്ക് മുന്‍പിലുണ്ടായിരുന്നത്. കേന്ദ്രീകൃത നിര്‍മാണ പ്രക്രിയകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വിഷയമെന്നതുകൊണ്ട് തന്നെ ഇതിന് സാമൂഹ്യവും പാരിസ്ഥിതികവും സാമ്പത്തികവുമായ ഒട്ടേറ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടതായുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ട് നേരിട്ട വലിയൊരു പ്രതിസന്ധിയും നഗരവല്‍ക്കരണത്തെ കേന്ദ്രീകരിച്ചുള്ളവതുതന്നെ. ഒരുവശത്ത് നഗര ഇടങ്ങള്‍ ക്രമീകരിക്കുമ്പോള്‍ തന്നെ അവയെ അന്താരാഷ്ട്ര നിലവാരവുമായി ബന്ധിപ്പിക്കേണ്ടതെങ്ങനെയെന്ന സംവാദങ്ങളും ഉയരുകയുണ്ടായി. കേന്ദ്രീകൃത വികസനത്തിനുള്ളില്‍ വളരെ അയഞ്ഞ അയല്‍വാസി ബന്ധം നിലനിര്‍ത്തുക ശ്രമകരമായ ഒന്നാണ്. അതിരുകള്‍, വാര്‍ത്താവിനിമയ സംവിധാനം, മാലിന്യനിര്‍മാര്‍ജന സങ്കേതങ്ങള്‍, ഓടകള്‍, കുടിവെള്ള വിതരണ ശൃംഖല തുടങ്ങി നിരവധിയായ പ്രശ്‌നങ്ങള്‍ വിദഗ്ധമായ ആസൂത്രണത്തിലൂടെ പരിഹരിക്കേണ്ടതുണ്ട്. സ്മാര്‍ട്ട് ഹൈവേയ്‌സ്, മെട്രോകള്‍, മാളുകള്‍ തുടങ്ങി വികസന ആസുത്രണ അജന്‍ഡകള്‍ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തപ്പെട്ടതോടെ നഗരവല്‍ക്കരണമെന്നത് കൂടുതല്‍ സങ്കീര്‍ണവും അശാന്തി നിറഞ്ഞതുമായിത്തീര്‍ന്നു. ഈ മേഖലയിലെ കോര്‍പ്പറേറ്റ്‌വല്‍ക്കരണം സൃഷ്ടിച്ച സംഘര്‍ഷങ്ങള്‍ ആസുത്രണമെന്നത് കേവലം വസ്തുക്കളേയോ പ്രകൃതിയേയോ മാത്രമല്ല മനുഷ്യനെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാക്കി മാറ്റപ്പെട്ടു. അങ്ങനെയാണ് നഗരവല്‍ക്കരണത്തിന് മൂന്നു തലങ്ങളുണ്ടെന്ന വാദം ഉന്നയിക്കപ്പെട്ടത്. അതായത് നവനഗരവല്‍ക്കരണം, ദൈനംദിന നഗരവല്‍ക്കരണം, വല്‍ക്കരണാനന്തരനഗരം-1980 ല്‍ അമേരിക്കയിലാണ് നവനഗരവല്‍ക്കരണമെന്ന ആശയം ഉദയം ചെയ്തത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ നഗരവല്‍ക്കരണമെന്നത് മതിയായ നടപ്പാതകളും അയല്‍പക്കവുമൊക്കെയായുള്ള വികസനമായിരുന്നു. എന്നാല്‍ മോട്ടോര്‍ വ്യവസായം, ആട്ടോമൊബൈല്‍ സാങ്കേതികത എന്നിവയുടെ കടന്നുകയറ്റത്തോടെ പുതുതായി ഉദയം ചെയ്ത മധ്യവര്‍ഗസംസ്‌കാരം നഗരപ്രാന്തങ്ങളെ സമൂലപരിവര്‍ത്തനത്തിന് വിധേയമാക്കി. കൃത്യമായും സംഘടിതവുമായാണ് നവനഗരവല്‍ക്കരണം പ്രവര്‍ത്തിച്ചതെങ്കിലും അവയുടെ ആധുനിക ആസൂത്രണപദ്ധതികള്‍ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടു. ഭവനനിര്‍മാണം, വ്യാപാരസ്ഥാപന നിര്‍മാണം തുടങ്ങിയവയ്ക്ക് മുന്‍തൂക്കമുള്ള പദ്ധതികള്‍ കാല്‍നടക്കാരന്റെയും താഴ്ന്ന വിഭാഗത്തില്‍പ്പെട്ട മധ്യവര്‍ഗത്തിന്റെയും ജീവിതാന്തരീക്ഷത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് വന്നതോടെയാണ് നവനഗരവല്‍ക്കരണം വിമര്‍ശിക്കപ്പെട്ടത്. ദൈനംദിന നഗരവല്‍ക്കരണ പ്രക്രിയകള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ആസൂത്രണപരാജയം തന്നെയാണ്. വകുപ്പുകളുടെ ഏകോപനമില്ലായ്മ ആസൂത്രണത്തെക്കുറിച്ചുള്ള മിഥ്യാധാരണ, കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ എന്നിവയാണ് ഇവിടെ വില്ലന്മാരായി തീര്‍ന്നത്.

പ്രകൃതി വിഭവങ്ങളിലുള്ള അമിതവും നാശോന്മുഖവുമായ കടന്നുകയറ്റം, മനുഷ്യവിഭവശേഷിയെ മനുഷ്യത്വരഹിതമായി ചൂഷണം ചെയ്യല്‍ എന്നിവ വികലവികസന കാഴ്ചപ്പാടോടെ നടപ്പിലാക്കാന്‍ തുടങ്ങി എന്നതാണ് ഈ കാലത്തെ സവിശേഷത. വാര്‍ത്താവിനിമയ ശൃംഖല, കുടിവെള്ള പൈപ്പ് ലൈയിന്‍, വിദ്യുച്ഛക്തിലൈന്‍, ഡ്രെയ്‌നേജുകള്‍, റോഡുകള്‍ എന്നിവ അശാസ്ത്രീയമായി കേടുപാടുകള്‍ തീര്‍ക്കുന്നതടക്കമുള്ള മരാമത്ത് ജോലികള്‍ അശാസ്ത്രീയമായി നടപ്പിലാക്കിയതോടെ നഗരവാസികളുടെ ജീവിതം ദുരിതപൂര്‍ണമായി. അതുവരെ ഉണ്ടായിരുന്ന നടപ്പാതകള്‍ നഷ്ടമായതോടെ, തെരുവ് വാണിഭം അപ്രത്യക്ഷമായതോടെ നഗരപ്രാന്തങ്ങളിലുള്ള ജനവാസം പലവിധ ഭീഷണികള്‍ നേരിടാന്‍ തുടങ്ങി. ആവാസമേഖലകള്‍ നഷ്ടമാകുന്ന അവസ്ഥയിലേക്കാണ് ഇതെത്തിച്ചേര്‍ന്നത്. ശുദ്ധജലം, പാര്‍പ്പിടം എന്നിവയുടെ അവസ്ഥതന്നെ മാറ്റിമറിക്കപ്പെട്ടു.

നഗരജീവിതം വിലയേറിയ ഒരു ലക്ഷ്വറിയായി മധ്യവര്‍ഗത്തിന് പോലും അനുഭവപ്പെട്ടു തുടങ്ങി. നഗരവല്‍ക്കരണാനന്തര നഗരങ്ങളുടെ അവസ്ഥ ഇതോടെ മനുഷ്യവാസയോഗ്യമല്ലാത്ത ഇടമെന്ന തലത്തിലേക്ക് കൂപ്പുകുത്തി. മാലിന്യം, അന്തരീക്ഷ മലിനീകരണം, വാഹനപ്പുക എന്നിവ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, ജീവിതച്ചെലവിന്റെ അനിയന്ത്രിതമായ വര്‍ധന, സാമൂഹ്യജീവിയാകാന്‍ മനുഷ്യന് കഴിയാതെ പോകുന്ന അവസ്ഥ ഇതൊക്കെ ചേര്‍ന്ന ഏറെ പ്രതികൂലതകളുള്ള ഒന്നായി നഗരവല്‍ക്കരണം ഇന്ന് മാറിപ്പോയി. വികലമായ ആസൂത്രണവും അമിതമായ കോര്‍പ്പറേറ്റ് വല്‍ക്കരണവുമാണ് നഗരസംസ്‌കാരങ്ങളെ ഈ സ്ഥിതിയില്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. നഗരവല്‍ക്കരണദിനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതും ഈ സ്ഥിതിയെ കുറിച്ചാണ്.