Friday
20 Jul 2018

ഉരുള്‍പൊട്ടല്‍…..

By: Web Desk | Sunday 24 June 2018 8:30 AM IST

പ്രദീപ് ആനാകുടി

മരണമേ നീയെത്ര ഭ്രാന്തമായ്, മഴയായ്
മാരിയായ് വന്നുറക്കത്തിലും
ഉയിരും എടുത്തുകൊണ്ടുടലിനെ മാത്രം
മണ്ണിനടിയില്‍ ഒളിപ്പിച്ചു പായുന്നു നീ.

ഇളം പൈതല്‍ കളിക്കോപ്പു
കെട്ടിപ്പിടിച്ചുറങ്ങവേ
നുണഞ്ഞവിരല്‍
വഴുതിവീണമ്മയെപ്പരതവേ
ഞെട്ടിയുണര്‍ത്താതെ
കരഞ്ഞൊച്ച കേള്‍പ്പിക്കാതെ
കുടഞ്ഞിട്ട മുടിപോലെ
മണ്ണും മഴയുമായ്
മരണമേ നീയെത്ര ഭ്രാന്തമായ്.

പാതിരാപ്പക്ഷികള്‍ പുലരും പ്രതീക്ഷയെ
കൊക്കില്‍ കൊരുത്തു
സ്വപ്‌നം കണ്ടുറങ്ങും
നേരമുയിരിന്റെ ഇടനെഞ്ചില്‍
ഒരുതരി നന്മയെപ്പോലും
കാത്തുനിര്‍ത്താന്‍ കഴിയാതെ
മലയിറങ്ങിക്കടപുഴകി
മരണമേ നീയെത്ര ഭ്രാന്തമായ്.

രാവിന്റെ കറുപ്പു നിന്‍ നിറമായിരുന്നു
രാവറിയാതെ വരവായിരുന്നു
മലകാത്തുനിന്ന ദൈവങ്ങളില്‍
മടപൊട്ടിവന്ന വചങ്ങളില്‍
ഉയിരിന്റെ തുടിപ്പിനായെന്‍ പ്രാര്‍ത്ഥനയും
എന്നിട്ടുമെന്തേ മരണമേ നീയിത്ര ഭ്രാന്തമായ്.

ഇവിടെ ഞാന്‍ ഉയിര്‍പൊട്ടി,
ഉരുള്‍പൊട്ടി മായ്ച്
മണ്‍കൂനയില്ലാത്ത ചതുപ്പുകളില്‍
ഉടലുകള്‍ തിരയുന്നു ഭ്രാന്തനായ്.