Sunday
22 Oct 2017

ഇറാന്‍ ആണവകരാറില്‍നിന്നും യുഎസ് പിന്മാറുമോ

By: Web Desk | Friday 13 October 2017 3:33 PM IST

വാഷിങ്ടന്‍ ഇറാന്‍ ആണവ കരാറിന്മേല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം എന്താവുമെന്ന ആകാംഷയിലാണ് ലോകം. വൈറ്റ് ഹൗസില്‍ ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 10.15ന് നടത്തുന്ന പ്രസംഗത്തില്‍ കരാര്‍ സംബന്ധിച്ച തന്റെ നിലപാട് വ്യക്തമാക്കാനൊരുങ്ങുകയാണ് ട്രംപ്
ആണവകരാര്‍ സംബന്ധിച്ചും മധ്യപൗരസ്ത്യ ദേശത്തെ ഇറാന്റെ ഇടപെടല്‍ സംബന്ധിച്ചും ദീര്‍ഘനാളായി പുകഞ്ഞു കൊണ്ടിരുന്ന ‘സമ്മര്‍ദാന്തരീക്ഷ’ത്തിന് അയവു വരുമോ അതോ കൂടുതല്‍ മുറുകുമോ എന്ന കാര്യത്തിലും ഇന്ന് വ്യക്തതയുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ദേശീയ സുരക്ഷാ ഏജന്‍സികളുമായി ട്രംപ് ഇതുവരെ നടത്തിയ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞത് എന്താണെന്നും ഇന്നു വ്യക്തമാകും.
യുടെ ദേശീയ താത്പര്യത്തിന് ചേരുന്നതല്ലെന്നു കാണിച്ച് കരാറുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള ഉറപ്പുകളില്‍ നിന്ന് അമേരിക്ക പിന്മാറുമെന്നാണ് കരുതുന്നത്. രണ്ടു തവണ ട്രംപ് കരാറിന് അനുകൂല സമീപനമാണെടുത്തത്. എന്നാല്‍ ഇത്തവണ ആ പ്രതീക്ഷ വേണ്ടെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം യുഎസിന്റെ വിശ്വാസ്യതയെ രാജ്യാന്തരതലത്തില്‍ ചോദ്യം ചെയ്യുന്നതായിരിക്കും ഈ നീക്കമെന്ന വിമര്‍ശനം പാര്‍ട്ടിക്കക്കത്തു നിന്നും പുറത്തുനിന്നും ട്രംപിനു നേരെ ഉയരുന്നുണ്ട്. മധ്യപൗരസ്ത്യ ദേശത്തെ ‘ഏകാധിപത്യം’ ഉറപ്പാക്കാന്‍ ഇറാന്‍ ശ്രമിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ കരാറില്‍ പുനര്‍വിചിന്തനം വേണമെന്നും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ പറയുന്നു. കരാറില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങുന്ന സമീപനമായിരിക്കില്ല ട്രംപിന്റെ ഭാഗത്തു നിന്നുണ്ടാവുകയെന്നും കരുതുന്നു. മറിച്ച് കരാറുമായി ബന്ധപ്പെട്ടു നല്‍കിയിട്ടുള്ള ഉറപ്പുകളില്‍ നിന്ന് പിന്മാറുകയായിരിക്കും ചെയ്യുക. ഇതുവഴി ഇറാനു മേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യുഎസ് കോണ്‍ഗ്രസിന് 60 ദിവസത്തെ സമയം ലഭിക്കും.
നാലു വര്‍ഷം മുന്‍പ് അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയും തമ്മില്‍ ഫോണില്‍ സംസാരിച്ചതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ശക്തമാകാന്‍ വഴിതെളിച്ചത്. തുടര്‍ന്ന് 2015ല്‍ ആണവ പദ്ധതികള്‍ കുറയ്ക്കാന്‍ ഇറാന്‍ സമ്മതിച്ചു. തുടര്‍ന്ന്‌ ഇറാനെതിരായ ഉപരോധങ്ങള്‍ നീങ്ങി.
യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇറാന്‍ എന്നിവര്‍ ചേര്‍ന്ന് ഒപ്പിട്ട കരാര്‍ പ്രകാരമാണ് ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ ഒഴിവാക്കിയത്. എന്നാല്‍ താന്‍ അധികാരത്തിലെത്തിയാല്‍ ഇറാനുമായുള്ള ആണവകരാര്‍ റദ്ദാക്കുമെന്നാണ് ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് വ്യക്തമാക്കിയിരുന്നത്.