Tuesday
19 Sep 2017

യുഎസ് ഓപ്പണ്‍ എലീന സ്വിറ്റോളിന രണ്ടാം റൗണ്ടില്‍ കടന്നു

By: Web Desk | Friday 1 September 2017 1:38 AM IST

ന്യൂയോര്‍ക്ക്: നാലാം സീഡ് എലീന സ്വിറ്റോളിന യുഎസ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ കടന്നു.ചെക്ക് താരം കതറീന സിനിയകോവയെയാണ് എലീന പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കായിരുന്നു എലീനയുടെ വിജയം. സ്‌കോര്‍: 6-0, 6-7 (5-7), 6-3.
ആദ്യ സെറ്റ് ഒരു ഗെയിം പോലും വഴങ്ങാതെ എലീന മികച്ച പ്രകടനം നടത്തിയിരുന്നു.എന്നാല്‍ രണ്ടാം സെറ്റില്‍ കതറീന വീഴ്ത്തി. ടൈബ്രേക്കറിലായിരുന്നു കതറീന സെറ്റ് സ്വന്തമാക്കിയത്. എന്നാല്‍ നിര്‍ണായകമായ അവസാന സെറ്റില്‍ കതീറനയെ അനായാസം മറികടന്ന് എലീന മത്സരം സ്വന്തമാക്കി.
അതേസമയം പുരുഷ വിഭാഗത്തില്‍ കരിയറില്‍ ഇരുപതാം ഗ്രാന്‍സ്‌ളാം കിരീടം എന്ന അതുല്യ നേട്ടത്തിനരികെ എത്താന്‍ ശ്രമിക്കുന്ന മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ആദ്യറൗണ്ടില്‍ തന്റെ സ്ഥായീഭാവം പുറത്തെടുക്കാനാവാതെ തോല്‍വിയില്‍ നിന്ന് ഒരുവിധം രക്ഷപ്പെട്ടു. ന്യൂയോര്‍ക്കിലെ ഫ്‌ളഷിംഗ് മെഡോസ് സ്‌റ്റേഡിയത്തില്‍ അമേരിക്കയുടെ ഫ്രാന്‍സസ് ടിയാഫോയുടെ മുന്നില്‍ പുലി എലിയാവുന്നത് പോലെയായിരുന്നു ഫെഡററുടെ പ്രകടനം. അഞ്ചു സെറ്റു നീണ്ട പോരാട്ടത്തില്‍ 4-6, 6-2, 6-1, 1-6, 6-4 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ വിജയം.മത്സരം രണ്ടു മണിക്കൂര്‍ 35 മിനിറ്റ് നീണ്ടു. മത്‌സര ശേഷം ഫ്രാന്‍സസ് ടിയാഫോയെ നേരിട്ട് അഭിനന്ദിച്ച ടെന്നീസ് ഇതിഹാസം ഭാവിയില്‍ വലിയ പ്രതീക്ഷയുള്ള താരമായി വളരുമെന്ന് പ്രത്യാശയും പ്രകടിപ്പിച്ചു. ഒരിക്കല്‍ ലോക ടെന്നീസില്‍ ഏറെക്കാലം ഒന്നാമനായിരുന്ന ഫെഡറര്‍ മുപ്പത്തിയാറാമത്തെ വയസ്സിലെ തിരിച്ചുവരവില്‍ ഗംഭീര പ്രകടനമാണ് പുറത്തെടുക്കുന്നത്. ഈ സീസണില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും ഫെഡറര്‍ക്കായിരുന്നു. പരിക്കുമൂലം സിന്‍സിനാറ്റി ഓപ്പണില്‍നിന്ന് ഫെഡറര്‍ പിന്മാറിയിരുന്നു.