Friday
14 Dec 2018

വി മുരളീധരന്‍ എംപിയാവുന്നത് തടയാന്‍ കുതന്ത്രം

By: Web Desk | Wednesday 14 March 2018 10:19 PM IST

കെ കെ ജയേഷ്

കോഴിക്കോട്: ബിജെപി ദേശീയ സമിതിയംഗവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി മുരളീധരന്‍ രാജ്യസഭാംഗമാവുന്നത് തടയാനായി ബിജെപിയിലെ ഒരു വിഭാഗം നടത്തിയ ശ്രമങ്ങള്‍ അവര്‍ക്ക് തിരിച്ചടിയാവുന്നു. മുരളീധരനെ വെട്ടാനായി തുഷാര്‍ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു .പി കെ കൃഷ്ണദാസ്,      എം ടി രമേശ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് ചെയ്തത്. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാവട്ടെ ഇതിനെല്ലാം മൗനമായി പിന്തുണയും നല്‍കി. കുറച്ചു കാലം മുമ്പ് തിരുവനന്തപുരത്ത് നിന്നാണ് ഒരു ചാനലില്‍ തുഷാര്‍ മത്സരിക്കുമെന്ന വാര്‍ത്ത ആദ്യമായി വന്നത്. അത് ഫലിക്കാതെ പോയതോടെ മറ്റൊരു ചാനലിലൂടെ കോഴിക്കോട് നിന്ന് വാര്‍ത്ത കൊടുപ്പിക്കുകയായിരുന്നു ഇവര്‍ ചെയ്തത്. സംഘപരിവാര്‍ അനുകൂലികളായ മാധ്യമ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തിയായിരുന്നു ഇവര്‍ ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിച്ചത്.

സീറ്റ് ലഭിക്കുമെന്ന വിശ്വാസം തുഷാറില്‍ ഉണ്ടാക്കിയെടുത്താല്‍, സീറ്റ് കിട്ടാതെ വരുമ്പോള്‍      ബിഡിജെഎസ് ഇടയാന്‍ സാധ്യത ഉണ്ട്. അത് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടിയാവുന്ന ഘട്ടം ഉണ്ടാവുമ്പോള്‍ വി മുരളീധരനെ മാറ്റി തുഷാറിന് തന്നെ സീറ്റ് നല്‍കുമെന്നായിരുന്നു ഇവരുടെ കണക്കു കൂട്ടല്‍. സാധാരണ ഗതിയില്‍ ഇത്തരമൊരു വാര്‍ത്ത വരുമ്പോള്‍ രൂക്ഷമായി പ്രതികരിക്കാറുള്ള സംഘപരിവാര്‍ നേതാക്കളൊന്നും വലിയ പ്രതികരണമൊന്നും നടത്തിയില്ല എന്നത് ശ്രദ്ധേയമായിരുന്നു. ഔദ്യോഗിക സംഘപരിവാര്‍ ഭാരവാഹികള്‍ തന്നെ ഈ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

ബി ജെ പിയുടെ ചാനലായ ജനവും ഇത്തരത്തിലൊരു വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ നിന്ന് തന്നെ ഒരു വിഭാഗം നേതാക്കളുടെ താത്പര്യം വ്യക്തമായിരുന്നു. എന്നാല്‍ പാര്‍ട്ടി ദേശീയ നേതൃത്വം വി മുരളീധരനെ തന്നെ തെരഞ്ഞെടുക്കുകയും രാജ്യ സഭാ സീറ്റിന്‍റെ പേരില്‍ ബിജെപിയിലെ ചിലര്‍ തന്നെയും പാര്‍ട്ടിയെയും അധിക്ഷേപിച്ചുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കുകയും ചെയ്തതോടെ മുരളീധരനെ വെട്ടാന്‍ നടത്തിയ ശ്രമങ്ങള്‍ ഈ നേതാക്കള്‍ക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയതോടെ പയറ്റിയ തന്ത്രങ്ങള്‍ ബിജെപിയിലെ ഒരു വിഭാഗത്തിന് കുരുക്കാവുകയും തമ്മിലടി രൂക്ഷമാകാന്‍ സാധ്യതയേറുകയും ചെയ്തിരിക്കുകയാണ്.  ബിജെപിയിലെ ഒരു വിഭാഗവും ചില മാധ്യമ പ്രവര്‍ത്തകരുമാണ് വാര്‍ത്തയുടെ പിന്നില്ലെന്നും വെള്ളാപ്പള്ളി നടേശനും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപിയിലെ ഗ്രൂപ്പിലാക്കാതാക്കാനാണ് കുമ്മനെത്തെ കൊണ്ടുവന്നത്. എന്നാല്‍ അദ്ദേഹം തന്നെ ഒരു ഗ്രൂപ്പിന്‍റെ ഭാഗമായി നില്‍ക്കുകയാണെന്ന ആക്ഷേപം പാര്‍ട്ടിയില്‍ ശക്തമാണ്. മെഡിക്കല്‍ കോഴ വിവാദത്തെ തുടര്‍ന്ന് കുമ്മനവുമായി പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് ഇപ്പോള്‍ കാര്യമായ ബന്ധമൊന്നുമില്ലെന്നാണ് അറിയുന്നത്. എന്നാല്‍ ആര്‍എസ്എസ് പിന്തുണ ഉള്ളതുകൊണ്ട് കുമ്മനത്തെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ കഴിയാത്തതുകൊണ്ട് മാത്രമാണ് അദ്ദേഹം തുടരുന്നതെന്നും പലരും വ്യക്തമാക്കുന്നു. വി മുരളീധരന്‍റെ നേട്ടത്തില്‍ മുതിര്‍ന്ന നേതാക്കളായ പി കെ കൃഷ്ണദാസും എം ടി രമേശും ഇതുവരെ അഭിനന്ദനം അറിയിച്ചിട്ടില്ല. കുമ്മനം രാജശേഖരനാവട്ടെ ഫേസ്ബുക്കില്‍ ബിജെപി കേരളം എന്ന പേജില്‍ വന്ന വി മുരളീധരന്‍ രാജ്യസഭയിലേക്ക് എന്ന വാര്‍ത്ത ഷെയര്‍ ചെയ്യുക മാത്രമാണ് ഉണ്ടായത്. മുതിര്‍ന്ന നേതാക്കളുടെ നിശബ്ദത പാര്‍ട്ടി അണികളില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടാവുന്ന ചെറിയ നേട്ടങ്ങള്‍ക്ക് പോലും അഭിവാദ്യം അര്‍പ്പിച്ച് പോസ്റ്റ് ചെയ്യാറുള്ള നേതാക്കള്‍ മുതിര്‍ന്ന നേതാവിന് ഇതുപോലൊരു നേട്ടമുണ്ടായതിനെ അവഗണിച്ചത് ശരിയായില്ലെന്ന അഭിപ്രായമാണ് ഭൂരിപക്ഷത്തിനും.

മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ വി മുരളീധരന് സ്വീകരണം നല്‍കാനും തിരുവനന്തപുരത്ത് ഉണ്ടായിട്ടും കുമ്മനം പോയില്ല. ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തുമ്പോള്‍ സ്വീകരിക്കാമെന്ന നിലപാടിലായിരുന്നു അദ്ദേഹം. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ നേതൃത്വത്തിലെത്തിയാണ് സ്വീകരണം നല്‍കിയത്. സംസ്ഥാനത്തെ ആര്‍എസ്എസ് നേതാക്കള്‍ക്കും ഒരു വിഭാഗം നേതാക്കള്‍ക്കും തീരെ താത്പര്യമില്ലാത്ത നേതാവാണ് മുരളീധരന്‍. സ്ഥാനാര്‍ത്ഥിത്വം വെട്ടാന്‍ കഴിഞ്ഞില്ലെങ്കിലും ഉള്ളില്‍ നിറയുന്ന പോര് സംസ്ഥാനത്തെ ബിജെപിയില്‍ വരും ദിവസങ്ങളില്‍ സംഘര്‍ഷം രൂക്ഷമാക്കുമെന്ന് ഉറപ്പാണ്.