Friday
25 May 2018

വിധി നിരാശാജനകം:വിഎസ് അച്യുതാനന്ദന്‍

By: Web Desk | Wednesday 11 April 2018 9:00 PM IST

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം കേസിലെ വിധി നിരാശാജനകമാണെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിന്‍റെ ഭൂമി ഹാരിസണ്‍ അനധികൃതമായി കൈവശം വെച്ചതാണെന്നും, ഭൂമി കൈമാറ്റത്തിനായി ചമച്ച ആധാരങ്ങള്‍ കൃത്രിമമാണെന്നും വിജിലന്‍സ് കണ്ടെത്തിയതാണ്. 1999 മുതല്‍ സര്‍ക്കാര്‍ ആറ് കമ്മിഷനുകളെ നിയോഗിച്ചിരുന്നു. എല്ലാ കമ്മിഷനുകളും കണ്ടെത്തിയത് ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയാണെന്നും, അത് തിരിച്ചു പിടിക്കണമെന്നുമാണ്. ഇത്തരം നിരവധി രേഖകളും തെളിവുകളുമുണ്ടായിട്ടും സര്‍ക്കാരിന്‍റെ കേസ് പരാജയപ്പെട്ടത് ഗൗരവമായി പരിശോധിക്കണം. കണ്ണന്‍ദേവന്‍ ആക്ട് പോലെ, ആവശ്യമെങ്കില്‍ അതിനായി നിയമനിര്‍മ്മാണം നടത്തുന്ന കാര്യവും ആലോചിക്കണം വി എസ് ആവശ്യപ്പെട്ടു.

അതേസമയം, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഹൈക്കോടതി വിധിയെന്നും വി എസ് പറഞ്ഞു.
ഒരു മുതിര്‍ന്ന ഐപിഎസ് ഓഫീസറെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് ഹൈക്കോടതി വിധിയില്‍ പറയുന്നത്. എസ്എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട പാവപ്പെട്ട സ്ത്രീകളെ മൈക്രോഫിനാന്‍സ് വായ്പയുടെ പേരില്‍ കബളിപ്പിക്കുകയായിരുന്നുവെന്ന തന്‍റെ വാദം ഗൗരവതരമാണെന്ന് ബോധ്യപ്പെട്ടാണ് ഹൈക്കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.