Thursday
24 Jan 2019

അവധിക്കാലം വരവായി

By: Web Desk | Monday 26 March 2018 3:43 PM IST

സഹപാഠിയുടെ എല്ലാ കൂട്ടുകാര്‍ക്കും ആരോഗ്യപൂര്‍ണമായൊരവധിക്കാലം ആശംസിക്കുന്നു.

ഡോ. ലൈല വിക്രമരാജ്

ഒരു അധ്യയന വര്‍ഷം കൂടി വിടപറയുകയാണ്. 2017 കടന്നുപോയി, 2018 വളരെവേഗം പൊയ്‌ക്കൊണ്ടിരിക്കുന്നു. കൂട്ടുകാര്‍ എല്ലാ വര്‍ഷവും അവധി ആഘോഷിക്കുന്നത് പുതുവര്‍ഷത്തിന്റെ തുടക്കത്തിലാണല്ലോ. നമ്മുടെ നാടിന്റെ പ്രതേ്യക കാലാവസ്ഥയ്ക്കനുസരിച്ച് ചൂട് അതിന്റെ ഉച്ചഃസ്ഥായിയിലെത്തുന്ന ഏപ്രില്‍, മെയ് മാസങ്ങളാണ് അവധിക്കാലമായി പ്രഖ്യാപിച്ചിട്ടുള്ളത്.
എന്താണ് അവധി
നമ്മള്‍ നിത്യവും ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളില്‍ നിന്ന് മാറി വിശ്രമിക്കുന്നതിനുവേണ്ടി സമയം കണ്ടെത്തുന്നതിനെയാണ് അവധി എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. കൂട്ടുകൂരെ സംബന്ധിച്ചിടത്തോളം പഠന പാഠന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവധി കൊടുക്കുന്നത്. തല്‍ക്കാലം പാഠപുസ്തകങ്ങള്‍ക്ക് വിട. വിദ്യാലയങ്ങള്‍ക്ക് പുറത്ത് വിശാലമായ ലോകം നിങ്ങളെ കാത്തിരിക്കുന്നു. കലാസാഹിത്യ, സാംസ്‌കാരിക, കായിക മികവുകള്‍ പരീക്ഷിക്കുവാനും പരിപോഷിപ്പിക്കുവാനും നമുക്കീ അവധിക്കാലം ഉപയോഗപ്പെടുത്താം. പാചകത്തില്‍ താല്‍പര്യമുള്ള കുട്ടികള്‍ അടുക്കളയില്‍ അമ്മയോടൊപ്പം കൂടി പാചകകലയും പരീക്ഷിക്കാം. പാചകം പെണ്‍കുട്ടികള്‍ക്ക് മാത്രമാണെന്നുള്ള ചിന്തയുടെ കാലം കഴിഞ്ഞു. ആണ്‍കുട്ടികളും പാചകം പഠിക്കുന്നത് നല്ലതാണ്. ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിന്റെ തിക്തഫലം അറിയുന്ന നിങ്ങള്‍ക്ക് നല്ല പാചക വിദഗ്ധരായി മാറാം. അമ്മയോടൊപ്പം കൂടി പാചകം മനസിലാക്കി തന്മയത്വത്തോടെ സ്വന്തമായി ചില രസക്കൂട്ടുകള്‍ ചേര്‍ത്ത് രുചികരമായി ഭക്ഷണമുണ്ടാക്കി വീട്ടിലുള്ളവര്‍ക്ക് വിളമ്പിക്കൊടുക്കുമ്പോഴും അവരുടെ പ്രശംസാവാക്കുകള്‍ കേള്‍ക്കുമ്പോഴുമുള്ള സന്തോഷം ഒന്നു വേറെ തന്നെയാണ്. വീടൊരുക്കല്‍, പരിസരം വൃത്തിയാക്കല്‍, ചെറിയ കൃഷി, തുടങ്ങിയവയിലൊക്കെ ശ്രദ്ധ കേന്ദ്രീകരിക്കാം.
പത്താം ക്ലാസും
ഹയര്‍സെക്കന്‍ഡറിയും കഴിഞ്ഞാല്‍
വളരെ തീവ്രമായൊരു പരീക്ഷാക്കാലമാണ് പത്താം ക്ലാസ് ഹയര്‍സെക്കന്‍ഡറി ക്ലാസുകാര്‍ കടന്നുവരുന്നത്. ഇനി എന്തെന്നൊരു ചോദ്യമുദിക്കുന്നില്ല. ആകര്‍ഷകമായ ധാരാളം കോഴ്‌സുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ വാതായനം തുറന്നിട്ടിരിക്കുന്നു. അവയെക്കുറിച്ചൊക്കെ സാവകാശം മനസിലാക്കി ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കുവാന്‍ ധാരാളം സമയമുണ്ട്. കൂട്ടത്തില്‍ അവധിക്കാലത്തിന്റെ സന്തോഷം കെടുത്തരുത്. പിരിഞ്ഞുപോയ കൂട്ടുകാരോടുള്ള ആത്മബന്ധം കാത്തുസൂക്ഷിക്കണം. ഓര്‍മകള്‍, അനുഭവങ്ങള്‍, പുതിയ അറിവുകള്‍ എല്ലാം കൂട്ടുകാരുമായി പങ്കുവയ്ക്കണം. നിങ്ങളില്‍ ചിലര്‍ക്കെങ്കിലും പല കാരണങ്ങളാല്‍ ചില മാനസിക പിരിമുറുക്കങ്ങളുണ്ടാകാം. അങ്ങനെയുള്ളവര്‍ രക്ഷകര്‍ത്താക്കളോടൊപ്പം നല്ലൊരു കൗണ്‍സിലിങ് സെന്ററില്‍ പോയി വിദഗ്ധ ഉപദേശം തേടേണ്ടതാണ്.
വഴിതെറ്റിക്കുന്ന ചുറ്റുപാടുകള്‍
ഒഴിവാക്കുക
സ്‌കൂള്‍ പരിസരങ്ങള്‍ മിക്കവാറും കഞ്ചാവു മാഫിയകളുടെ കൈകളിലമര്‍ന്നിരിക്കുകയാണ്. പത്രം തുറന്നാല്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കേട്ട് ഞെട്ടലുളവാകുന്നു. രക്ഷിതാക്കളുടെ അനാസ്ഥകൊണ്ട് മാത്രമാണ് കുട്ടികള്‍ വഴിതെറ്റുന്നതെന്ന് പറയാതിരിക്കാന്‍ കഴിയില്ല. അടുത്തിടെ പത്രങ്ങളിലൂടെ വന്നൊരു വാര്‍ത്ത ഈ വിശ്വാസത്തെ അടിവരയിട്ടുറപ്പിക്കുന്നു. ‘കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ഓവുചാലില്‍’ എന്നതായിരുന്നു ആ വാര്‍ത്തയുടെ തലവാചകം. മക്കളെ സ്‌കൂളിലയച്ചു കാത്തിരിക്കുന്ന ഏതൊരു രക്ഷിതാവിന്റെയും ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു ആ വാര്‍ത്ത. അതിന്റെ ഉള്ളറകളിലേക്കെത്തിയപ്പോള്‍ ഞെട്ടിത്തരിച്ചുപോയി.
കാസര്‍കോട് ജില്ലയിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുള്ള 15 വയസുകാരനായ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മരണപ്പെട്ടത്. കഞ്ചാവ് തേടിയുള്ള യാത്രക്കിടയില്‍ ട്രെയിനിനടിയില്‍പ്പെട്ടായിരുന്നു മരണം. അവിടെയും മൊബൈല്‍ ഫോണ്‍ എന്ന വില്ലന്‍ കടന്നുവന്നിട്ടുണ്ട്. മാര്‍ച്ച് ഒന്നാം തീയതി സ്‌കൂളിലെ സെന്റ്ഓഫിന് പുത്തനുടുപ്പു വാങ്ങുവാന്‍ പോയതാണത്രേ. പതിനഞ്ചുവയസുകാരന്‍ ഒറ്റയ്ക്ക് വസ്ത്രം വാങ്ങാന്‍ കടയില്‍ പോകുന്നത് സാധാരണഗതിയില്‍ അവിശ്വസനീയമാണ്. സംഭവം ശരിയെങ്കില്‍ ഇവിടെ കുറ്റക്കാര്‍ ആരാണ്? രക്ഷിതാക്കളുടെ അശ്രദ്ധ എന്നല്ലാതെ ഈ സംഭവത്തെ വ്യാഖ്യാനിക്കാനാവില്ല. എസ്എസ്എല്‍സി പരീക്ഷക്ക് തയാറെടുക്കുന്ന ഒരു കുട്ടിയ്ക്കാണിത് സംഭവിച്ചത്. 15 വയസുള്ള കുട്ടിയില്‍ വരുന്ന മാറ്റങ്ങള്‍ രക്ഷകര്‍ത്താക്കള്‍ അറിയേണ്ടതുതന്നെയാണ്. ചെറുപ്രായത്തില്‍ കുട്ടികളെ നിയന്ത്രിച്ചുവളര്‍ത്തണം. വളര്‍ന്നു കഴിഞ്ഞാലതിന് കഴിയുകയില്ല.
വിപത്തുകള്‍ പലത്
കേരളം വിദ്യാസമ്പന്നതയില്‍ മുന്നിട്ടുനില്‍ക്കുന്നു എന്നതില്‍ നമുക്കഭിമാനിക്കാം. എന്നാല്‍ കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നത് നമ്മെ ലജ്ജിപ്പിക്കുന്നു. ഇത്തരം പീഡനങ്ങള്‍ തടയുന്നതിന് 2013ല്‍ പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും ഇപ്പോഴും കുട്ടികള്‍ ഒട്ടും സുരക്ഷിതരല്ല. അവര്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ മിക്കവാറും അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആണെന്നാണീ വിഷയത്തില്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. മാനഹാനി ഭയന്ന് അവയെല്ലാം വീടിന്റെ അകത്തളങ്ങളില്‍ തന്നെ ഒതുങ്ങിപോകുന്നു എന്നുമാത്രം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളും വന്നുകൊണ്ടിരിക്കുന്നു. പീഡനത്തിനിരയായ കുട്ടികള്‍ക്കുണ്ടാകുന്ന മാനസികാഘാതം ചെറുതല്ല. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ പ്രതേ്യകശ്രദ്ധ കൊടുക്കാത്തത് അക്ഷന്തവ്യമായ കുറ്റമാണ്.
എല്ലാ അവധിക്കാലത്തും കേള്‍ക്കുന്നൊരു വാര്‍ത്തയാണ് ജലാശയങ്ങളിലൊടുങ്ങുന്ന കുരുന്നു ജന്മങ്ങളെക്കുറിച്ച്. ഇവിടെയും രക്ഷിതാക്കളാണ് ഉത്തരവാദികള്‍ എന്ന് പറയാതിരിക്കാന്‍ കഴിയില്ല. ‘തീയിലും വെള്ളത്തിലുമുള്ള കളി വേണ്ട മക്കളേ’ എന്ന് പറയുവാനുള്ള ആര്‍ജവം രക്ഷിതാക്കള്‍ക്കുണ്ടാകണം. വളരെ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് മുകളില്‍ കയറി കളിക്കുന്നതും ആപത്തുകള്‍ സംഭവിക്കുന്നതും അവധിക്കാല വാര്‍ത്തകളാണ്.
രക്ഷിതാക്കളോട്
രക്ഷിതാക്കള്‍ കുട്ടികളെ നല്ലപോലെ വളര്‍ത്തുകയും ശ്രദ്ധിക്കുകയും സ്‌നേഹം നല്‍കുകയും വേണം. അല്‍പം ശ്രദ്ധ തെറ്റിയാലുണ്ടാകാവുന്ന വിപത്തുകളാണ് മുകളില്‍ സൂചിപ്പിച്ചിട്ടുള്ളത്. കുട്ടികള്‍ എന്നും രാവിലെ പത്രം വായിക്കുന്നത് ശീലമാക്കുക. ടിവിയിലൂടെയുള്ള വാര്‍ത്തകളിലും ശ്രദ്ധാലുക്കളാകണം. അവര്‍ക്ക് നേരെ നടക്കുന്ന ചൂഷണവും അനീതിയും അവര്‍ തിരിച്ചറിയട്ടെ. സ്‌കൂള്‍ വിദ്യാഭ്യാസകാലം കുട്ടികളുടെ മനസും ബുദ്ധിയും ഏത് രൂപത്തിലുമാക്കിത്തീര്‍ക്കാവുന്നതാണ്. ആ പ്രായത്തില്‍ മക്കളെ നല്ല വഴിക്ക് നയിക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. ശൈശവത്തിലേ വേണ്ടപോലെ നിയന്ത്രിച്ചു വളര്‍ത്തിയില്ലെങ്കില്‍ കുട്ടികള്‍ താന്തോന്നികളായിത്തീരും.
കൊച്ചുകൂട്ടുകാരെ, ജീവിതം ഒന്നേയുള്ളൂ. അനവസരത്തിലുണ്ടാകാന്‍ സാധ്യതയുള്ള ആപത്തുകളെക്കുറിച്ച് ബോധവാന്മാരാവുക. കുടുംബത്തോടൊപ്പം ദീര്‍ഘനാള്‍ കഴിയേണ്ട കാലം ഇല്ലാതാക്കരുത്. അവധിക്കാലം ഉല്ലാസകരമാക്കണം. ധാരാളം വായിക്കണം, ഉല്ലാസയാത്രയ്ക്ക് അച്ഛനമ്മമാരോടൊപ്പം പോകണം. ബന്ധുവീടുകള്‍ സന്ദര്‍ശിക്കണം. മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പം കുറച്ചുദിവസം ചിലവഴിക്കണം. വളരെ സൂക്ഷിച്ച് ശ്രദ്ധയോടെ നാളെയുടെ നല്ല സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ മുന്നേറുക, മുന്നോട്ട് മുന്നോട്ട്.

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്
ജനയുഗം സഹപാഠി
ചിത്രരചനാ മത്സരം
തിരുവനന്തപുരം: ഏപ്രില്‍ 26 മുതല്‍ 29 വരെ കൊല്ലത്തുവച്ച് നടക്കുന്ന സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാനാടിസ്ഥാനത്തില്‍ സംഘാടകസമിതിയും ജനയുഗം സഹപാഠിയും ചേര്‍ന്ന് ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പ്രീ സ്‌കൂള്‍ മുതല്‍ പ്ലസ്ടു വരെ വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരം ഏപ്രില്‍ രണ്ടാം വാരത്തില്‍ കൊല്ലത്താണ് നടക്കുന്നത്.
തീയതി, സ്ഥലം തുടങ്ങിയ വിശദാംശങ്ങള്‍ പിന്നീട് നിശ്ചയിച്ച് പ്രസിദ്ധീകരിക്കുന്നതാണ്.