Wednesday
18 Jul 2018

ക്ഷീരബലപോലെ വൈശിഷ്ട്യമാര്‍ന്ന ജീവിതം

By: Web Desk | Wednesday 13 September 2017 9:55 AM IST

വൈദ്യരത്‌നം ഇ ടി നാരായണന്‍ മൂസ്സിന് ശതാഭിഷേകം

നൂറ്റൊന്നാവര്‍ത്തിച്ച ക്ഷീരബലപോലെ വൈശിഷ്ട്യമാര്‍ന്ന ജീവിതമാണ് ശതാഭിഷിക്തനാകുന്ന അഷ്ടവൈദ്യന്‍ വൈദ്യരത്‌നം പത്മഭൂഷണ്‍ ഇ ടി നാരായണന്‍ മൂസ്സിന്റേത്. അതിന്റെ ശക്തിക്കും ശുദ്ധിക്കും മീതേ മറ്റൊന്നില്ല; ചികില്‍സാനുഭവങ്ങളുടെ അലയാഴിയില്‍നിന്നും ആശ്വാസത്തിന്റെ
അമൃതകുംഭവുമായി അദ്ദേഹം എണ്‍പത്തഞ്ചിലും തല ഉയര്‍ത്തി നില്‍ക്കുന്നു

ഹരി കുറിശേരി
സ്വന്തം കുടുംബക്ഷേത്രത്തില്‍ ഇവര്‍ പൂജിക്കാറില്ല; ബ്രാഹ്മണരാണെങ്കിലും ഒല്ലൂര്‍ എളയിടത്ത് തൈക്കാട്ട് വൈദ്യരത്‌നം പരമ്പര പൂജിക്കുന്നത് രോഗാശ്വാസം തേടി എത്തുന്നവരെ. നൂറ്റൊന്നാവര്‍ത്തിച്ച ക്ഷീരബലപോലെ വൈശിഷ്ട്യമാര്‍ന്ന ജീവിതമാണ് ശതാഭിഷിക്തനാകുന്ന അഷ്ടവൈദ്യന്‍ വൈദ്യരത്‌നം പത്മഭൂഷണ്‍ ഇ ടി നാരായണന്‍ മൂസ്സിന്റേത്. അതിന്റെ ശക്തിക്കും ശുദ്ധിക്കും മീതേ മറ്റൊന്നില്ല ;ചികില്‍സാനുഭവങ്ങളുടെ അലയാഴിയില്‍നിന്നും ആശ്വാസത്തിന്റെ അമൃതകുംഭവുമായി അദ്ദേഹം എണ്‍പത്തഞ്ചിലും തല ഉയര്‍ത്തി നില്‍ക്കുന്നു.
ചിങ്ങത്തിലെ പൂയ്യം നക്ഷത്രമാണ് മൂസ്സിന്റേത്, സെപ്റ്റംബര്‍ 16ന് അതീവ ലളിതമായചടങ്ങുകളോടെ അത് ഒല്ലൂരിലെ തൈക്കാട്ടുശേരി വളപ്പില്‍ നടക്കും.
ഒരു സ്ഥാപനം പ്രസ്ഥാനമാകുന്നത് അതിനുപിന്നിലെ അര്‍പ്പിത മനസുകളുടെ ശ്രമഫലമായാകും. വൈദ്യരത്‌നം വൈദ്യപരമ്പരയെ കീര്‍ത്തിയിലേക്കുയര്‍ത്തിയത് ഓരോതലമുറയിലും പെട്ട വൈദ്യതേജസുകളായിരുന്നു. തേടിവന്ന അംഗീകാരങ്ങളെക്കാള്‍ അവര്‍ രോഗശുശ്രൂഷയില്‍ ആനന്ദം കണ്ടു. അഷ്ടവൈദ്യ പരമ്പരയിലെ പ്രമുഖ നാമമാണ് എളയിടത്ത് തൈക്കാട്ട.് ഇന്ന് ദേശത്തും വിദേശത്തും പേരെടുത്ത വൈദ്യരത്‌നം ഔഷധശാലാ ശ്രേണിയുടെ തായ്‌വേരുകളാണിവിടെയുള്ളത്. വൈദ്യരത്‌നം ഔഷധശാലയുടെ ചെയര്‍മാനായ അഷ്ടവൈദ്യന്‍ പത്മഭൂഷണ്‍ ഇ ടി നാരായണന്‍ മൂസ്സാണ് ഇപ്പോള്‍ ഈ വൈദ്യപരമ്പരയുടെ നെടുംതൂണ്‍.
ഐതിഹ്യമാലയില്‍ വര്‍ണിക്കപ്പെടുന്ന വൈദ്യപാരമ്പര്യമാണ് അഷ്ടവൈദ്യന്മാരില്‍പെട്ട എളയിടത്ത് തൈക്കാട്ടുമൂസ്സുമാരുടേതെങ്കിലും വൈദ്യരത്‌ന പരമ്പരതുടങ്ങുന്നത് ഇ ടി നാരായണന്‍ മൂസിന്റെ മുത്തഛന്‍ ഇ ടി നാരായണന്‍ മൂസില്‍ നിന്നാണ്. വൈദ്യരത്‌നം എന്ന പദവി ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ചികില്‍സാ നൈപുണ്യം അംഗീകരിച്ച് സമര്‍പ്പിച്ചതാണ്. കടല്‍ കടന്നു പോയി പുരസ്‌കാരം സ്വീകരിക്കാന്‍ അദ്ദേഹം മടിച്ചതിനാല്‍ അത് നാട്ടിലെത്തിച്ച് സമര്‍പ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ പത്മശ്രീ ഇ ടി നീലകണ്ഠന്‍മൂസിന്റെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും പത്തുമക്കളില്‍ ഏക പുത്രനാണ് ഇ ടി നാരായണന്‍ മൂസ്സ്.

ഉപനയനകാലത്താണ് ശ്രീലകത്ത് പരദേവതാ പ്രതിഷ്ഠക്കു മുന്നില്‍ അഷ്ടാംഗഹൃദയം സൂത്രസ്ഥാനത്തിലെ ‘രാഗാതിരോഗാന്‍ സതതാനുഷക്താ’ എന്ന ശ്ലോകം മനഃപാഠമാക്കിക്കൊണ്ടാണ് നാരായണന്‍ മൂസ്സ് തന്റെ വൈദ്യ ജീവിതം ആരംഭിക്കുന്നത്. തെക്കേവാര്യത്ത് രാമവാര്യരില്‍നിന്നാണ് സംസ്‌കൃതം പഠിച്ചത്. ഡി ശ്രീമാന്‍ നമ്പൂതിരി, ദേശമംഗലം കൃഷ്ണശാസ്ത്രി്കള്‍, പൈങ്കുളം രാമചാക്യാര്‍ തുടങ്ങി ധാരാളം പ്രഗല്‍ഭര്‍ അധ്യാപകരായി. രാമവാരിയര്‍ നാരായണന്‍ മൂസിന്റെമാത്രമല്ല തൈക്കാട്ട് കുടുംബത്തിന്റെ ഒന്നാകെ തന്നെ അഭ്യുദയകാംഷിയും ഔഷധകേന്ദ്രത്തിന്റെ സാരഥിയുമായിരുന്നു. രാമവാരിയരാണ് തന്നെ താനാക്കിയതെന്ന് നാരായണന്‍ മൂസ് തന്റെ അധ്യാപകനെ അനുസ്മരിക്കുന്നു. 1953ല്‍ വൈദ്യപഠനം ഔദ്യോഗികമായി പൂര്‍ത്തിയാക്കി. സംവല്‍സരഭജനമാരംഭിച്ചു. കുടുംബപരദേവതാക്ഷേത്രനടയില്‍ ഇരുന്ന് അഷ്ടാംഗഹൃദയം പാരായണം ചെയ്ത് ഉറപ്പിക്കുന്ന ചടങ്ങാണിത്.

പിതാവ് നീലകണ്ഠന്‍ മൂസ്സിനുകീഴില്‍ കുറിപ്പടി എഴുതിക്കൊണ്ടാണ് ചികില്‍സാപരിശീലനം ആരംഭിച്ചത്. ഒരുപാടു സമയമെടുത്തായിരുന്നു പിതാവ് രോഗികളെ പരിശോധിച്ചിരുന്നത്. രോഗിയുടെ താമസസ്ഥലം, ജീവിതരീതി, കുടുംബം, തൊഴില്‍, കുടുംബാംഗങ്ങള്‍ എന്നിവയെല്ലാ ചോദിച്ചറിഞ്ഞാണ് ചികില്‍സാക്രമം നിശ്ചയിച്ചിരുന്നത്. രോഗപശ്ചാത്തലം മനസിലാക്കി ഏറ്റവും അനുയോജ്യമായ ചികില്‍സ നിശ്ചയിക്കാനായിരുന്നു ഈ അന്വേഷണം. അത് പിന്നീട് നാരായണന്‍ മൂസ്സിന്റെയും ചികില്‍സാ ശൈലിയായി. ‘വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍’ എന്ന എക്കാലത്തേയും പൊതുധാരണ മറികടന്ന് ‘പണം ഉണ്ടാക്കലല്ല ദീനം മാറലാണ് ചികില്‍സ’ എന്ന് പിതാവ് മകനെ ഉപദേശിച്ചിരുന്നു. അത് തലമുറകള്‍ കൈമാറുന്ന ആപ്തവാക്യമായി സ്ഥാപനം ഏറ്റെടുത്തിട്ടുണ്ട്.


ക്രമേണ പിതാവിന്റെ വൈദ്യവൃത്തിയിലെ പ്രധാന ചുമതലകള്‍ നാരായണന്‍ മൂസ്സിലേക്കുവന്നു ചേരുകയായിരുന്നു.
വൈദ്യരത്‌നം നഴ്‌സിങ് ഹോം നാട്ടിലും പുറത്തും ബ്രാഞ്ചുകള്‍ തുടങ്ങിയതും പലയിടത്തും പരിശോധന തുടങ്ങിയതും വളര്‍ച്ചയിലേക്ക് സ്ഥാപനം നീങ്ങിയതും നാരായണന്‍ മൂസിന്റെ ശ്രമഫലമായാണ്. 1966ല്‍ ഔഷധനിര്‍മ്മാണത്തിന് യന്ത്രസഹായം ഏര്‍പ്പെടുത്തിയത് അക്കാലത്ത് പുതുമയായിരുന്നു. 1976 ആയൂര്‍വേദകോളജ് ആരംഭിച്ചു. ആദ്യബാച്ചിന് ക്‌ളാസെടുത്തുകൊണ്ട് അധ്യാപനലോകത്തേക്കും. 1990ല്‍ ചുവന്നമണ്ണില്‍ ഔഷധനിര്‍മ്മാണകേന്ദ്രം തുടങ്ങി. 1997 സ്വദേശി പുരസ്‌കാരം, 2006ല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പുരസ്‌കാരം, റോട്ടറി അവാര്‍ഡ്, 2009ല്‍ ആചാര്യശ്രേഷ്ഠ അവാര്‍ഡ്, 2010 പത്മഭൂഷണ്‍ എന്നിവ അദ്ദേഹത്തെ തേടിവന്നു.

വ്യക്തിപരമായി ലാളിത്യം കാത്തുപോന്ന ആളാണ് ഇദ്ദേഹമെന്ന് അടുത്തറിയുന്നവര്‍ പറയുന്നു. ചികില്‍സയാണ് പരമധര്‍മ്മമെന്നു വിശ്വസിച്ച ഇദ്ദേഹത്തിന് വ്യക്തിപരമായ ഇഷ്ടങ്ങളേക്കാള്‍ താല്‍പര്യം രോഗികള്‍ക്കിടയില്‍ അവര്‍ക്ക് ആശ്വാസം പകരുന്നതിലായിരുന്നു. രോഗികളുടെ പെരുക്കംമൂലം പലപ്പോഴും പ്രഭാതഭക്ഷണം ഉച്ചക്കും ഉച്ചഭക്ഷണം വൈകിട്ടും രാത്രിഭക്ഷണം പുലര്‍ച്ചെക്കും കഴിക്കുന്ന തരത്തില്‍ ചിട്ടയില്ലാതെ ജീവിക്കേണ്ടതായി വന്നിട്ടുണ്ടെന്ന് ഭാര്യ വെള്ളാരപ്പിള്ളി മുരിയമംഗലത്ത് സതിഅന്തര്‍ജ്ജനം ഓര്‍ക്കുന്നു. മക്കളായ നീലകണ്ഠന്‍ മൂസ്സും പരമേശ്വരന്‍ മൂസ്സും ഷൈലജയും ചികില്‍സാമേഖലയിലുണ്ട്. നിരവധിജീവകാരുണ്യപദ്ധതികള്‍ അദ്ദേഹം നടപ്പാക്കിയിട്ടുണ്ട്. സൗജന്യ ചികില്‍സക്ക് അര്‍ഹരായവര്‍ക്ക് അത് നല്‍കുന്നതിലും അദ്ദേഹം നിര്‍ദ്ദേശിക്കാറുണ്ടെന്നും സഹപ്രവര്‍ത്തകര്‍ സ്മരിക്കുന്നു. വൈദ്യരത്‌നം നാരായണന്‍മൂസ്സും ദിവാകരന്‍മൂസും പത്മശ്രീ ഇ ടി നീലകണ്ഠന്‍ മൂസ്സും കെടാതെ ജ്വലിപ്പിച്ച വൈദ്യപരമ്പര പത്മഭൂഷണ്‍ ഇ ടി നാരായണന്‍ മൂസ്സിലൂടെ നാടിനു സൗഖ്യപ്രകാശം നല്‍കി മുന്നേറുകയാണിപ്പോഴും.