Thursday
24 Jan 2019

മാനുഷികമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച എഴുത്തുകാരന്‍

By: Web Desk | Friday 11 May 2018 11:01 PM IST

സുബ്രഹ്മണ്യന്‍ അമ്പാടി

വൈക്കം മഹാനായ എഴുത്തുകാരന്‍ നോവലിസ്റ്റ്, നാടകകൃത്ത്, പത്രപ്രവര്‍ത്തകന്‍, തിരക്കഥാകൃത്ത്, ചെറുകഥാകൃത്ത്, കുറ്റാന്വേഷണ കഥാകൃത്ത്, ചരിത്രാഖ്യായകന്‍, പ്രബന്ധകാരന്‍, പ്രാസംഗികന്‍, ദര്‍ശനം, സംഗീതം എന്നീരംഗങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ച വ്യക്തിയായിരുന്നു വൈക്കം ചന്ദ്രശേഖരന്‍ നായര്‍.
കേരളത്തിന്റെ സാംസ്‌ക്കാരിക വേദികളില്‍ കഥാപ്രസംഗ ചക്രവര്‍ത്തിയായിരുന്ന ശ്രീ. വി. സാംബശിവന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സാംസ്‌ക്കാരിക പ്രസംഗം നടത്തിയത് ശതാവധാനിയായ വൈക്കം ചന്ദ്രശേഖരന്‍ നായരാണ്.
1928 ഡിസംബര്‍ 21 ന് വൈക്കം ആരാവേലില്‍ പി. കൃഷ്ണപിള്ളയുടേയും പാര്‍വ്വതിയമ്മയുടേയും 7 മക്കളില്‍ ഇളയവനായി ഇടത്തരം നായര്‍ കുടുംബത്തില്‍ ജനിച്ചു.
ചരിത്ര പ്രസിദ്ധമായ വൈക്കം മഹാദേവക്ഷേത്രാങ്കണത്തില്‍ നിന്ന് തുടങ്ങിയ കലാ പ്രവര്‍ത്തനം വൈക്കത്തഷ്ടമിനാളുകളില്‍ ക്ഷേത്രത്തിലെത്തിയിരുന്ന മഹാന്മാരായിരുന്ന കലാകാരന്മാരുടെ കലയും സംഗീതവും ആസ്വദിച്ച് സാഹിത്യ-സാംസ്‌കാരിക രംഗത്തേയ്ക്ക് ഹരിശ്രീ കുറിച്ചു.
”സോപാനത്തിലെ ഇടയ്ക്കയുടേയും മണിയൊച്ചയുടേയും അമ്പലമുറ്റത്തെ കലാവേളയുടേയും ഗന്ധം എന്റെ ആന്മാവിലേയ്ക്ക് പകര്‍ന്നുകിട്ടി. ഞാന്‍ ഫ്യൂഡല്‍ കാലഘത്തിന്റെ ഏറ്റവും ഒടുവിലത്തെ അദ്ധ്യായത്തില്‍ ജീവിക്കുന്ന ഒരാളായിത്തീര്‍ന്നു. ചെണ്ടയുടെ താളത്തില്‍ നിന്ന് ഒരിക്കലും മോചനം കിട്ടാത്ത ഒരു ജീവിയായിത്തീര്‍ന്നു ഞാന്‍.” അനുഭവങ്ങളെ നന്ദി ആത്മകഥയിലെഴുതി.
കോളേജ് വിദ്യാഭ്യാസ കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. വൈക്കത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അറിവും ആവേശവും പകര്‍ന്നു. മനുഷ്യബന്ധങ്ങളുടെ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍, പുരാണ സന്ദര്‍ഭങ്ങളും തൂലികയിലൂടെ പുറത്തുവന്നപ്പോള്‍ മലയാളിക്ക് ഹൃദ്യമായ വായന അനുഭവമായിമാറി. മലയാള സാഹിത്യ ചരിത്രത്തിന്റെ ദീപസ്തംഭങ്ങളായിരുന്ന തകഴി, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, എന്നിവരുടെ പാതയില്‍ തുടര്‍ന്നു. കേരളത്തിന്റെ സാമൂഹിക, സാംസ്‌ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ വിപ്ലവകരമായ മാറ്റം വരുത്തി ജനങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ചു. തന്റെ രചനകളിലൂടെ പരിവര്‍ത്തനത്തിന്റെ ശംഖൊലി മുഴക്കി. അനുഭവങ്ങളും, വികാരങ്ങളും സൗന്ദര്യാത്മകമായി സമൂഹനന്മയ്ക്കുവണ്ടി, ചൂഷണത്തിനും അഴിമതിക്കുമെതിരെ എഴുതി.
വൈക്കം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന കലാസാംസ്‌ക്കാരിക സംഘടനകളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. മലയാളക്കരയെ ഇളക്കി മറിച്ച ‘യാചകി’ നാടകത്തിലെ രംഗങ്ങള്‍ കണ്ട് വൈക്കം സംഗീതത്തിലേയ്ക്കും നാടകത്തിലേയ്ക്കും ശ്രദ്ധതിരിച്ചു. അന്നത്തെ പ്രശസ്ത സംഗീതഞ്ജനും, നടനുമായിരുന്ന വൈക്കം വാസുദേവന്‍ നായര്‍ മൈക്കില്ലാതെ പാടി പതിനായിരങ്ങളെ സന്തോഷിപ്പിച്ച രംഗങ്ങള്‍ കണ്ട് സംഗീതം പഠിക്കുവാന്‍ തുടങ്ങി.
വൈക്കം മുനിസിപ്പല്‍ ലൈബ്രറിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ ‘കഥാ ബീജം’ നാടകം അരങ്ങേറി. തിക്കുറിശ്ശി സുകുമാരന്‍ നായരായിരുന്നു എഴുത്തുകാരനായി അഭിനയിച്ചത്. പ്രൊഫ: എസ്.ഗുപ്തന്‍ നായര്‍ സാഹിത്യകാരനോട് കടം ചോദിക്കുന്ന ഒരു തെരുവുതെണ്ടിയായി വേഷമിട്ടു. ഇരുവരെയും പരിചയപ്പെട്ടപ്പോള്‍ നാടകത്തിലുള്ള കമ്പം കൂടി വന്നു.
17-ാം വയസ്സില്‍ ‘ആളോഹരി’ നാടകമെഴുതി വൈക്കം മുഹമ്മദ് ബഷീറിനെ വായിച്ചു കേള്‍പ്പിച്ചു. നാടകത്തിനു പ്രതിഫലമായി ബഷീറില്‍ നിന്ന് ഇരുപതു രൂപ കിട്ടി. പിന്നീട് നിരവധി പ്രൊഫഷണല്‍ നാടകങ്ങളെഴുതി മുടിചൂടാ മന്നനായി. നിരവധി നാടകങ്ങള്‍ പ്രൊഫഷണല്‍ നാടകസംഘടനകള്‍ക്ക് എഴുതി. ബലിമൃഗം, കാലൊച്ചകള്‍, ഡോക്ടര്‍, കടന്നല്‍ക്കൂട്, കുറ്റവും ശിക്ഷയും, വെളിച്ചമേ നയിച്ചാലും, ജനനി ജന്മഭൂമി, മാറുവിന്‍ ചട്ടങ്ങളെ, ഉയര്‍ത്തെഴുന്നേല്‍പ്പ്, വഴി, ഹംസഗീതം, രാജഹംസം, തുടങ്ങി 30 ഓളം നാടകങ്ങള്‍ മലയാള നാടകവേദിയ്ക്ക് മുതല്‍കൂട്ടായി.
1965-ല്‍ ടി കെ ജോണ്‍, സി.കെ. വിശ്വനാഥന്‍, തലോടി പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈക്കത്ത് രൂപീകരിച്ച വൈക്കം മാളവിക നാടക ട്രൂപ്പിന്റെ ആദ്യനാടകം വെളിച്ചമേ നയിച്ചാലും എഴുതിയത് വൈക്കം ചന്ദ്രശഖരന്‍ നായരായിരുന്നു. ടി. കെ. ജോണ്‍, ജേസി, ശ്രീനാരായണ പിള്ള, വില്യം ഡിക്രൂസ്, ലീലാപണിക്കര്‍, ചങ്ങനാശ്ശേരി സുലോചന എന്നിവര്‍ അഭിനയിച്ചു.
കേരളത്തിന്റെ നാടക പ്രസ്ഥാനത്തില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിദ്ധ്യമായിരുന്നു വൈക്കം ചന്ദ്രശഖരന്‍ നായര്‍. നാടകരംഗത്തെ പ്രസിദ്ധ നടനായിരുന്ന ഒ. മാധവന്‍ കെപിസിയില്‍ നിന്ന് അഭിപ്രായ ഭിന്നതമൂലം തെറ്റിപ്പിരിഞ്ഞ് കാളിദാസ കലാകേന്ദ്രം നാടകട്രൂപ്പുണ്ടാക്കി. ഒഎന്‍വിയും ദേവരാജനും കൂടി വൈക്കത്തിനെ സമീപിച്ച് ഒരു നാടകമെഴുത്തിക്കൊടുക്കണമെന്ന് നിര്‍ബന്ധിച്ചു പറഞ്ഞപ്പോള്‍ എഴുതിയ നാടകമാണ് ഡോക്ടര്‍. കാളിദാസ കലാകേന്ദ്രത്തിന്റെ ആദ്യനാടകമായിരുന്നു ഡോക്ടര്‍. കേരളത്തില്‍ ആയിരക്കണക്കിന് വേദികളില്‍ കളിച്ച നടകത്തിലൂടെ ഒ മാധവന് ധാരാളം പണവും കിട്ടി. ഡോക്ടര്‍ നാടകം പിന്നീട് സിനിമയായപ്പോള്‍ ആദ്യമായി കഥയും സംഭാഷണവും എഴുതിയതും വൈക്കം. നിരവധി സിനിമകള്‍ക്ക് തിരക്കഥകളെഴുതി, ആദ്യമായി തിരക്കഥയെഴുതിയത് മദ്രാസിലെ ഡാന്‍സര്‍ തങ്കപ്പന്റെ കരുണ സിനിമയ്ക്കായിരുന്നു. കെ.പി.എസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകത്തില്‍ ഒരിക്കല്‍ അഭിനയിക്കുകയും ചെയ്തു.
നാട്യങ്ങളില്ലാത്ത സ്‌നേഹോഷ്മളമായ പെരുമാറ്റത്തിലൂടെ ആരേയും ആകര്‍ഷിക്കുന്ന മനുഷ്യ സ്‌നേഹിയായിരുന്നു. ഏറെപ്രിയപ്പെട്ട കൂട്ടുകാരന്‍ അനശ്വരനായ വയലാര്‍ രാമവര്‍മ്മ ബേബി എന്നായിരുന്നു വയലാര്‍ വൈക്കത്തെ വിളിച്ചിരുന്നത്. വൈക്കം തിരിച്ച് കുട്ടനെന്നും. വൈക്കം കായലിന്റെ കിഴക്കും പടിഞ്ഞാറുമുള്ള വൈക്കവും- വയലാറും ഭൂമിശാസ്ത്രപരമായും, രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കും ഏറെ സാമ്യം.
വത്സല എം എ, വി പി രാമചന്ദ്രന്‍ നായര്‍, കേണല്‍ പ്രസാദ്, ഫിലോമിന മാത്യു എന്നീ തൂലികാനാമങ്ങളില്‍ എഴുതി. മലയാള സാഹിത്യത്തിന്റെ വിവിധ തലങ്ങളില്‍ രചനയിലൂടെ നിറഞ്ഞു നില്‍ക്കുമ്പോഴും നിരവധി തൂലികാ നാമങ്ങളില്‍ സൃഷ്ടി നടത്തിയ ഒരേ ഒരു സാഹിത്യകാരന്‍ വൈക്കം ചന്ദ്രശഖരന്‍ നായരാണ്. വാരികകള്‍, മാസികകള്‍, ദിനപത്രങ്ങള്‍, എന്നിവയില്‍ പത്രാധിപരുടെ കഴിവ് തെളിയിച്ചിരുന്നു. കേരള ഭൂഷണം, മലയാള മനോരമ, ജനയുഗം, പൗരപ്രഭ, കേരള കൗമുദി, കുങ്കുമം, കുമാരി, ചിത്രകാര്‍ത്തിക, എന്നീ പ്രസിദ്ധീകരണങ്ങളില്‍ എഡിറ്ററായിരുന്നു. മലയാളിയുടെ സാമൂഹ്യബോധത്തിനുപറ്റിയ അര്‍ത്ഥവിധാനങ്ങള്‍ക്ക്, തീ പാറുന്ന വിമര്‍ശനങ്ങള്‍ പകര്‍ന്ന് ആയിരക്കണക്കിന് ലേഖനങ്ങളെഴുതി അക്ഷരങ്ങളെ പ്രണയിച്ച മഹാപ്രതിഭയായിരുന്നു വൈക്കം.
നീലക്കടമ്പ്, സ്മൃതികാവ്യം, നഖങ്ങള്‍, പഞ്ചവന്‍കാട്, മാധവിക്കുട്ടി, സ്വാതിതിരുനാള്‍, ഗോത്രദാഹം, ദാഹിക്കുന്നവരുടെ വഴി, മാമാങ്കരാത്രി, പൂര്‍ണ്ണകുംഭം, ഒരു മൃദുസ്പര്‍ശം, പാമ്പുകളുടെ മാളം, പഴയതും പുതിയതും, വേണാട്ടമ്മ തുടങ്ങിയവയാണ് പ്രധാന നോവലുകള്‍.
”പ്രാചീന നാടകം ഒരു പുസ്തകം” ഗ്രീക്ക്, റോമന്‍ സംസ്‌കൃത നാടക വേദികളെക്കുറിച്ച് ഏറെ വിജ്ഞാന പ്രദമായ അറിവുകള്‍ പകരുന്ന ഗ്രന്ഥമാണ്.
ഇന്ത്യയുടെ നാനാഭാഗങ്ങളിലും ഒരവധൂതനെപ്പോലെ സഞ്ചരിച്ചപ്പോള്‍ ലഭിച്ച അനുഭവങ്ങളുടെ സ്മരണകള്‍, ”മാനസസരസ്സ്” ”അക്ഷരങ്ങള്‍” എന്നീ പുസ്തകങ്ങല്‍ അക്ഷരങ്ങളുടെ നാന്ദിയില്‍ അദ്ദേഹം എഴുതി.
” ഈ നാനാത്വത്തിന്റെ ഘോഷയാത്രയില്‍ വിസ്മയം പൂണ്ട്, പൂഴിമണ്ണില്‍ക്കിടന്ന് ഒരു പുഴുവിനെപ്പോലെ ഇഴയുമ്പോഴും എനിക്കെന്താഹ്ലാദമാണ്. പ്രബലനായ മനുഷ്യനും മഹാമേരുവിനും അലയാഴിക്കും പുഴുവിനും ഒരുപോലെ മഞ്ഞുനീരും സൂര്യപ്രകാശവും മഴയും നല്‍കുന്ന പ്രകൃതിയെപ്പറ്റി ഓര്‍മ്മിച്ച്, ഒരു കീടത്തെപ്പോലെ ഈ ഭൂമിയില്‍ അലഞ്ഞു തിരിയുമ്പോള്‍ എനിക്ക് എന്തൊരു ആത്മസുഖമാണ്.”
പ്രശസ്ത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ”സ്വയംവരം” സിനിമയില്‍ പത്രാധിപരായി അഭിനയിച്ചു.
അനുഭവങ്ങളേ നന്ദി, ആത്മകഥ, രണ്ടു ഭാഗങ്ങളില്‍ വൈക്കത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാഥമിക ചരിത്രം കാണാം. 1980 മുതല്‍ 1981 വരെ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായിരുന്നു. 1980ല്‍ സാഹിത്യ അക്കാദമിയുടെ നാടകത്തിനുള്ള അവാര്‍ഡ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍ നിന്നും ഏറ്റുവാങ്ങി. എഴുത്തിലും ജീവിതത്തിലും വൈക്കം ചന്ദ്രശേഖരന്‍ നായര്‍ എന്നും ദാര്യദ്രനാരായണന്മാര്‍ക്കൊപ്പമായിരുന്നു. സ്വന്തമായി ഒരു വീടില്ലാതെ, ബാങ്ക് ബാലന്‍സില്ലാതെ അവസാനകാലത്ത് അതിജീവനത്തിനു വേണ്ടി കഷ്ടപ്പെടുമ്പോഴും ആരോടും പരിഭവമില്ലാതെ ജീവിച്ചു. 2004ല്‍ 75-ാം വയസ്സില്‍ പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ട് മഹാമനീഷി വൈക്കം ചന്ദ്രശേഖരന്‍ നായര്‍പറഞ്ഞു. ”കുറച്ചുകാലത്തേക്കെന്നല്ല എക്കാലത്തേയും നിലനില്‍ക്കുന്ന ഒരു തത്വം ഞാന്‍ പറയാം. ദേവാലയം എന്നൊരു വാക്കുണ്ട്. സത്യത്തില്‍ ഇതു രണ്ടും ഒന്നാ. അതുകൊണ്ട് ദൈവത്തെ എന്നപോലെ മനുഷ്യനെയറിയുക, ബഹുമാനിക്കുക, സ്‌നേഹിക്കുക. അതാണ് ഈ നൂറ്റാണ്ടില്‍ എനിക്ക് നല്‍കാനുള്ള സന്ദേശം. ഇത് എന്റെ മാത്രം സന്ദേശമല്ല, തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ മഹത്തായ സന്ദേശമാണ്. ഇടയ്ക്കുവച്ച് നമുക്ക് കൈമോശം വന്നുപോയെന്ന് മാത്രം. ഞാന്‍ ഇതുവരെ പറഞ്ഞിതിലെല്ലാം ഞാനുണ്ട്. എന്റെ ജീവിതവുമുണ്ട്. അനവധി പടവുകളില്‍ കൂടി നടന്നു കയറി ഇവിടെ വരെയെത്തി. സാഹിത്യ കാരനായി ജീവിക്കേണ്ടിവരുമെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ ആദ്യം വായിച്ച പുസ്തകം കുമാരനാശാന്റെ നളിനിയാണ്, പിന്നെ കരുണയും എന്റെ തൂലികയ്ക്ക് കരുത്ത് പകര്‍ന്നത് ഞാന്‍ വായിച്ചിട്ടുള്ള മികച്ച കൃതികളാണ്. ഇന്ത്യയില്‍ ഞാന്‍ സഞ്ചരിക്കാത്ത സ്ഥലമില്ല. കേരളത്തില്‍ ഞാന്‍ പ്രസംഗിക്കാത്ത ഇടവുമില്ല. എഴുതുക മാത്രമല്ല ഒരുപാട് സഞ്ചരിക്കാനും എനിക്കുകഴിഞ്ഞു. അറിവിന്റെ ഖനി ഇങ്ങനെയൊക്കെയാണ്. സ്വന്തം ജീവിതം സാഹിത്യത്തിനായി സമര്‍പ്പിച്ച് രചനകളിലൂടെ മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് കടന്നുപോയ വൈക്കം ചന്ദ്രശേഖരന്‍ നായര്‍. എല്ലാം മറക്കുന്ന മലയാളിക്ക് അനശ്വരനായ എഴുത്തുകാരന്റെ സ്മരണ നിലനില്‍ക്കത്തക്ക രീതിയിലുള്ള ഓര്‍മ്മകളുണ്ടായിരിക്കണം.