Wednesday
12 Dec 2018

പ്രണയ ശലഭത്തിന്റെ അഡാറു പറക്കലുകള്‍

By: Web Desk | Sunday 11 February 2018 1:46 AM IST

ജിഫിന്‍ ജോര്‍ജ്ജ്
പ്രപഞ്ചത്തിന്റെ കാല്‍പ്പനികതയെ പൊളിച്ചെഴുതി, അതിന്റെ ഉന്മാദത്തെയും ചിന്തയെയും സ്വപ്നാകാശത്തെയും അപനിര്‍മ്മിച്ചെടുത്ത ന്യൂജന്‍ കാലത്തെ കവയിത്രിയാണ് ബൃന്ദാ പുനലൂര്‍. ഡിസി പുറത്തിറക്കിയ അവന്‍ പൂമ്പാറ്റകളുടെ തോട്ടത്തിലേക്ക് ചിറക് വിടര്‍ത്തുന്നു എന്ന കവിതാ സമാഹാരം പ്രണയത്തിന്റെ കാവ്യസുവിശേഷമായി മാറുന്നു. തുറന്നെഴുത്തുകളുടെ വിസ്‌ഫോടനത്തിലൂടെ കവിത രതിയും പ്രണയവും ചേര്‍ന്നൊരു പേമാരിയാകുന്നു.

‘അവനെ ആദ്യമായി കണ്ടപ്പോള്‍
നഗ്നനായി കാണണമെന്ന് തോന്നി
ഞാനെന്റെ കിടക്ക മേല്‍ ചാഞ്ഞിരിക്കും
തൂവല്‍ നിറച്ചു തലയിണകള്‍ക്ക് മദ്ധ്യേ
പ്രണയത്തിന്റെ രാജ്ഞിയായ് വിരാജിക്കും.”

തന്റെ പ്രണയത്തെയും കാമനകളെയും ഒട്ടും കൃത്രിമത്വം കൂടാതെ പച്ചയായി, ഒഴുകുന്ന നദി പോലെ വായിച്ചുപോകാവുന്ന കവിതകളാണ് ബൃന്ദയുടേത്. പെണ്ണരുവി, ജലപ്പൂക്കള്‍, കൊതിക്കണ്ണ്, പനിപ്പെണ്ണ് തുടങ്ങി കവിതയില്‍ രൂപപ്പെടുന്ന വാക്കുകള്‍ പ്രണയിക്കുന്ന കാമുകന് നല്‍കുന്ന ചെല്ലപ്പേരുകള്‍ പോലെ സ്വര്‍ഗലോകം എഴുത്തിലേക്ക് ഒളിച്ച് കടത്തുന്ന പുതുകാലത്തിന്റെ വാക്കുകളായി മാറുന്നു. രതിയും പ്രകൃതിയും സര്‍വ്വജീവജാലങ്ങളും ഒഴുകുന്ന നദിയും മഹാകാവ്യവുമാണ് പ്രണയം. പുരുഷകാമനയുടെ ആരംഭം സ്ത്രീയിലൂടെ മുലപ്പാല്‍ നുണരുന്ന കുഞ്ഞില്‍ നിന്നെന്ന ഫ്രോയിഡിയന്‍ നിരീക്ഷണത്തെ പുരുഷന്റെ കണ്ണുകളെ പിടിച്ചുനിര്‍ത്തുന്നത് മുലകളാണെന്ന കവിചിന്തയും പിറക്കുന്നു. പ്രണയത്തിന്റെ അതീന്ദ്രിയാനുഭൂതിയെ കവിതയുടെ കാന്‍വാസിലേക്കു പകര്‍ത്തി വരയ്ക്കുകയാണ് ബൃന്ദയുടെ കവിഹൃദയം.
പ്രണയത്തിന്റ മൂര്‍ച്ഛയിലെത്തി നില്‍ക്കുന്ന ധീരാവസ്ഥയിലാണ് ബൃന്ദയുടെ കവിത ജനിക്കുന്നത്. നീയും ഞാനുമെന്ന ഭേദത്തെ നിരസിക്കാതെ ആസ്വദിക്കുന്ന നിത്യപ്രണയിനിയായ കവിതയാണ് ബൃന്ദയുടേത്. ”ശരിക്കും ഇപ്പോള്‍ നിന്റെ ചുണ്ടുകളെ കടിച്ചുതിന്നാനാണ് എനിക്ക് തോന്നുന്നതെന്നു” (അധരങ്ങളുടെ പ്രണയം) പറയുന്ന പ്രണയമൂര്‍ച്ഛയുടെ വരിയില്‍ എത്ര ലളിതവും തീവ്രവുമായി പ്രണയത്തെ വിടര്‍ത്തുകയാണവര്‍. മനുഷ്യബന്ധങ്ങളെ വേര്‍തിരിക്കുന്ന സ്ത്രീ-പുരുഷ ഭേദത്തിന്റെയും, പ്രണയത്തിന്റെ സങ്കീര്‍ണ്ണതകളെയും പൊളിച്ചെഴുതി ഒഴുകുന്ന മാന്ത്രിക യാഥാര്‍ത്ഥ്യങ്ങളുടെ നദി അവന്‍ പൂമ്പാറ്റകളുടെ തോട്ടത്തിലേക്ക് ചിറക് വിടര്‍ത്തുമ്പോള്‍ കാണാം.
ബൃന്ദയുടെ കവിതകളില്‍ രതിപ്രയോഗങ്ങളെയും അശ്ലീലതയില്‍ നിന്നും മാറ്റി കൂടുതല്‍ പ്രണയാതുരമാക്കുന്നത് രതിയെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന ക്രാഫ്റ്റ് മികവാണ്. ലൈംഗികത അവതരിപ്പിക്കുന്ന കലയെന്നത് വൈകാരിക മോചനമെന്ന്” ഇറ്റാലിയന്‍ ചലച്ചിത്രകാരനായ ടിന്റോ ബ്രാസിന്റെ നിരീക്ഷണവും കവിതയുടെ ക്രാഫ്റ്റിനെ മനോഹരമാക്കുന്നുണ്ട്. പ്രണയത്തെ കാല്‍പ്പനികതയില്‍ നിന്നും ഒരുപടി കടന്നു വിമോചിതമായ, ലിബറലായ കാഴ്ചപ്പാടിലൂടെ ചിറകുവിടര്‍ത്തുന്ന അവന്‍ പൂമ്പാറ്റകളുടെ തോട്ടത്തിലേക്ക് ചിറക് വിടര്‍ത്തുമ്പോള്‍ സമ്മാനിക്കുന്നത് പ്രണയത്തിന്റെ അഡാറുവായനകള്‍ തന്നെയാണ്.