Monday
17 Dec 2018

വള്ളികുന്നത്തിന്റെ ‘ഹരിചന്ദനം’

By: Web Desk | Saturday 6 January 2018 7:49 PM IST

പി എസ് സുരേഷ്

ഞങ്ങളുടെ ഗ്രാമം വള്ളികുന്നം ലോകത്തിന് നല്‍കിയ പുണ്യമാണ് കാമ്പിശ്ശേരി കരുണാകന്‍, തോപ്പില്‍ ഭാസി, പുതുശ്ശേരി രാമചന്ദ്രന്‍ എന്നീ ത്രിമൂര്‍ത്തികള്‍. ഒരേ കളരിയില്‍ പഠിച്ച മൂന്നുപേരും വ്യാപരിച്ച മേഖലയിലെല്ലാം അവര്‍ പ്രാഗത്ഭ്യംകൊണ്ട് നമ്മെ വിസ്മയിപ്പിച്ചു. പത്രാധിപരായും അഭിനയവും ആംഗ്യചലനങ്ങളും കൊണ്ട് അരങ്ങില്‍ ദൃശ്യബിംബങ്ങള്‍ തീര്‍ത്ത കാമ്പിശ്ശേരിക്ക് പകരം വയ്ക്കാന്‍ മറ്റൊരു പേരില്ല. നാടകലോകത്തെ കുലപതിയായ, സവ്യസാചി എന്നു വിശേഷിപ്പിക്കാവുന്ന തോപ്പില്‍ ഭാസി എഴുത്തുകാരനെന്ന നിലയിലും ചലച്ചിത്രകാരനെന്ന നിലയിലും സ്ഥിരപ്രതിഷ്ഠ നേടി. ഈ രണ്ടുപേരും അവരുടെ ആത്മവ്യഥകളെ അക്ഷരങ്ങളാക്കി നമുക്ക് തന്നിട്ട് നമ്മെ വിട്ടുപിരിഞ്ഞു. ”പുതിയൊരു കൊല്ലന്റെ’യും ‘ആല’യുടെയും അധ്വാനശക്തി കവിതില്‍ പകര്‍ന്ന് സഹൃദയനെയും ഭാഷാഗവേഷണപാടവം കൊണ്ട് പണ്ഡിതരെയും ശിഷ്യവാത്സല്യം കൊണ്ട് വിദ്യാര്‍ത്ഥികളെയും ഒപ്പം ചേര്‍ത്തുനിര്‍ത്തിയ ഡോ. പുതുശ്ശേരി നവതിയുടെ നിറവിലും കര്‍മ്മനിരതനാണ്. മേല്‍പറഞ്ഞ മൂന്ന് പ്രതിഭകളുടെയും വ്യക്തിത്വരൂപീകരണത്തില്‍ വള്ളികുന്നം ഗ്രാമത്തിലെ കര്‍ഷകര്‍രും തൊഴിലാളികളും സാമൂഹ്യ രാഷ്ട്രീയ ചലനങ്ങളും ഏറ്റവും വലിയ സ്വാധീനശക്തിയായിരുന്നു.


ഇവര്‍ കണ്ടുവളര്‍ന്ന കാഴ്ചകള്‍ പലതും വിചിത്രമായിരുന്നു. ഒഴുക്കിനൊത്ത് നീന്താന്‍ വൈമുഖ്യം കാട്ടിയപ്പോള്‍ പ്രതിബന്ധങ്ങള്‍ ഏറെയുണ്ടായി. അവര്‍ തെരഞ്ഞെടുത്തത് പുതിയ പാത, അവര്‍ പറഞ്ഞത് അതുവരെ നാട്ടുകാര്‍ കേള്‍ക്കാത്ത കാര്യങ്ങള്‍, അടിമകളെപ്പോലെ പാടത്തും പറമ്പത്തും കഴിഞ്ഞവര്‍ക്കുപോലും ആദ്യം അതൊന്നും മനസ്സിലായില്ല. തമ്പുരാനെതിരെ പറഞ്ഞാല്‍ ദൈവകോപം വരുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ച ശുദ്ധഗതിക്കാരായ ഒരു ജനതയെ തട്ടിയുണര്‍ത്തുക ചില്ലറ കാര്യമല്ല. അതിന് എഴുത്തിന്റെയും ഭാഷയുടെയും കവിതയുടെയും ദൃശ്യകലയുടെയും സഹായം മൂവരും തേടിയപ്പോള്‍ അത് പുതിയൊരു ചരിത്രമായി.
ശൂരനാട് പോലുള്ള ചില സംഭവങ്ങള്‍ അതിനു നിമിത്തമായി. ഇന്നലെ വരെ ഓച്ഛാനിച്ചുനിന്നവര്‍ മൂരിയൊന്ന് നിവര്‍ത്തി. അതൊരു വലിയ അപരാധമായി കണ്ട തമ്പുരാക്കന്മാര്‍ തിരിച്ചടിച്ചു. ഭരണകൂടവും അവര്‍ക്ക് ഒത്താശ നല്‍കി. ചെറുത്തുനില്‍പ്പ് തുടങ്ങിയപ്പോള്‍ സംഘട്ടനമായി. അക്രമമെന്ന മുറവിളി ഉയര്‍ന്നു. ഭരണകൂടത്തിന് അക്രമം കണ്ടാല്‍ അടിച്ചമര്‍ത്താതെ പറ്റില്ലല്ലൊ. ശൂരനാട്ടും വള്ളികുന്നത്തും എണ്ണയ്ക്കാട്ടും മഹാദേവിക്കാട്ടും ഒക്കെ സംഘട്ടനങ്ങള്‍ നടന്നു. അതേ തുടര്‍ന്ന് വ്യാപകമായ മര്‍ദ്ദനം അരങ്ങേറി. പൗരാവകാശധ്വംസനം വ്യാപകമായി. സര്‍ സിപിയുടെ കിരാതമര്‍ദ്ദനം അനുഭവിച്ചവരാണ് കോണ്‍ഗ്രസുകാര്‍. അധികാരം കിട്ടിയപ്പോള്‍ അവര്‍ സിപിയെക്കാള്‍ വലിയ മര്‍ദ്ദകവീരന്മാരായി. വഞ്ചന തിരിച്ചറിഞ്ഞ ചെറുപ്പക്കാരുടെ വന്‍നിര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആര്‍ത്തിരമ്പി എത്തി. നവകേരള സൃഷ്ടിക്ക് തുടക്കമായതങ്ങനെയാണ്. ഈ മാറ്റങ്ങള്‍ക്ക് നിദാനമാകാന്‍ വള്ളികുന്നത്തിനും ശൂരനാടിനും എണ്ണയ്ക്കാടിനുമൊക്കെ കഴിഞ്ഞു. കെ എന്‍ ഗോപാലനും സി കെ കുഞ്ഞുരാമനും ടി കെ തേവനും പേരൂര്‍ മാധവന്‍പിള്ളയും ചാലിയത്തറ കുഞ്ഞച്ചനും പുതുപ്പള്ളി രാഘവനും കെ കേശവന്‍ പോറ്റിയും (പോറ്റിസാര്‍) ആര്‍ ശങ്കരനാരായണന്‍ തമ്പിയും ഒക്കെ തങ്ങളുടേതായ ഭാഗം നന്നായി നിര്‍വ്വഹിച്ചു.


ആ കളരിയില്‍ പഠിച്ചതുകൊണ്ടാകും കാമ്പിശ്ശേരിയും തോപ്പില്‍ഭാസിയും പുതുശ്ശേരി രാമചന്ദ്രനും ഒരിക്കല്‍പോലും പ്രലോഭനങ്ങളില്‍ പാളിപ്പോകാത്ത ദൃഢമായ ആശയങ്ങളിലൂന്നി ജീവിതത്തിലുടനീളം തങ്ങളുടെ കടമ നിര്‍വ്വഹിച്ചത്.
ത്രിമൂര്‍ത്തികളില്‍ ഇളവയനായ പുതുശ്ശേരി രാമചന്ദ്രന് എന്നും പ്രചോദനമായത് ചേട്ടന്മാരായ കാമ്പിശ്ശേരിയും തോപ്പില്‍ഭാസിയും തന്നെ. ചെറുപ്പത്തിലേ ഖാദിതൊപ്പി ധരിച്ച് ഖദര്‍വസ്ത്രം അണിഞ്ഞ് സ്‌കൂളില്‍പോയ മാതൃകാവിദ്യാര്‍ത്ഥി വിപ്ലവകാരിയായ അമ്മാവന്‍ പുതുപ്പള്ളി രാഘവന്‍ മൈസൂര്‍ ജയിലില്‍ കഴിയുമ്പോള്‍ അദ്ദേഹത്തിന് രണ്ട് കത്തുകള്‍ അയച്ചു. കൊച്ചനന്തരവന്‍ അമ്പരപ്പിച്ചു. ആ കത്തുകള്‍ പുതുപ്പള്ളിയെ ചില്ലറയൊന്നുമല്ല സന്തോഷിപ്പിച്ചത്. പൊലീസിന്റെ പിടിയില്‍ നിന്നും ഒളിച്ചോടി നാട്ടിലെത്തിയ പുതുപ്പള്ളി തന്റെ കൊച്ചനന്തിരവനെ കാണാനെത്തിയ നാടകീയ രംഗങ്ങള്‍ അദ്ദേഹം ‘വിപ്ലവ സ്മരണ’കളില്‍ വിവരിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തിന് ഉറക്കമൊഴിഞ്ഞ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയതും വിദ്യാര്‍ത്ഥിപ്രവര്‍ത്തനത്തിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടതും, മിടുമിടുക്കനായ ഈ വിദ്യാര്‍ത്ഥിയെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ നിരുപാധികം സ്‌കൂള്‍ അധികൃതര്‍ക്ക് തിരിച്ചെടുക്കേണ്ടിവന്നതും, എല്ലാം രസകരമായ ജീവിത കഥകളാണ്.
ത്രിമൂര്‍ത്തികളുടെ സൃഷ്ടിയായ ‘ഭാരതതൊഴിലാളി’ എന്ന കയ്യെഴുത്ത് മാസികയിലൂടെ മൂവരും എഴുതി തുടങ്ങിയതും നാട്ടിലെ ജന്മിമാരുടെ ക്രൂരതകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ മുന്നോട്ട് വന്നതും അവരെ സംബന്ധിച്ചിടത്തോളം വിപ്ലവത്തിന്റെ ബാലപാഠങ്ങളായി.
ജന്മിക്ക് തന്റെ പണിയാളരെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാം, ശിക്ഷിക്കാം. ആരും ചോദ്യംചെയ്യാന്‍ ജന്മിത്വം അനുവദിക്കില്ല. അതവരുടെ അധികാരത്തില്‍ പെട്ടതാണ്. തോപ്പില്‍ ഭാസിയുടെയും, പുതുശ്ശേരി രാമചന്ദ്രന്റെയും അടുത്ത ബന്ധുകൂടിയായ ജന്മിയും അത്രയേ ചെയ്തുള്ളു. മേനി എന്ന പുലയനെ പണിയില്‍ നിന്നും പിരിച്ചുവിട്ടു. കര്‍ഷകതൊഴിലാളി സംഘടനയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിനെ ചോദ്യം ചെയ്തു. മദ്ധ്യസ്ഥതയ്ക്ക് ആദ്യം പോയത് ആദ്യകാല പാര്‍ട്ടിനേതാവും ലോക്കല്‍കമ്മിറ്റി സെക്രട്ടറിയുമായ കെ എന്‍ ഗോപാലനും മീശ കുരുക്കാത്ത പുതുശ്ശേരിയും. ജന്മിത്തമ്പുരാന്‍ അവരെ ആട്ടിയിറക്കി. അതേതുടര്‍ന്നാണ് മദ്ധ്യതിരുവിതാംകൂറിനെ ഇളക്കിമറിച്ച ചരിത്രപ്രസിദ്ധമായ മേനി സമരം ഉണ്ടാകുന്നത്.
അന്നത്തെ രാഷ്ട്രീയ പശ്ചാത്തലം വളരെ ഭീകരമായിരുന്നു. ശൂരനാട് സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിയും ബഹുജനസംഘടനകളും നിരോധിച്ചു. ശൂരനാട്, വള്ളികുന്നം പ്രദേശങ്ങള്‍ പൊലീസന്റെ ഉരുക്ക് മുഷ്ടിയിലമര്‍ന്നു. പ്രധാന സഖാക്കളെല്ലാം ഒളിവിലാണ്. പാര്‍ട്ടിപ്രവര്‍ത്തനം അതീവദുഷ്‌ക്കരമായി. ഉള്ളില്‍ സ്‌നേഹമുള്ളവര്‍ പോലും അകന്നുപോകുന്നു. ഈ പശ്ചാത്തലത്തില്‍ ബഹുജനങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ പാര്‍ട്ടിക്കു വീണുകിട്ടിയ രണ്ടവസരങ്ങള്‍ ആയിരുന്നു 51ലെ പൊതുതെരഞ്ഞെടുപ്പില്‍ ഭരണിക്കാവ് മണ്ഡലത്തില്‍ എംഎന്റെ സ്ഥാനാര്‍ത്ഥിത്വവും, വള്ളികുന്നത്തെ മേനിസമരവും.
ഭരണിക്കാവ് തെരഞ്ഞെടുപ്പില്‍ (ദ്വയാംഗമണ്ഡലം) എം എന്‍ ഗോവിന്ദന്‍നായരും കെ കെ കോയിക്കലും വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചത് പാര്‍ട്ടിയുടെ മനോവീര്യം ചില്ലറയല്ല ഉയര്‍ത്തിയത്. പ്രധാന നേതാക്കളെല്ലാം അപ്പോഴും ഒളിവിലാണ്. ശൂരനാട് സമരസഖാക്കളെ സഹായിക്കാനുള്ള ഡിഫന്‍സ് കമ്മിറ്റി രൂപീകരിച്ചതും ഈ സമയത്താണ്. പോറ്റിസാറിനൊപ്പം കെ എന്‍ ഗോപാലനും പുതുശ്ശേരിയുമാണ് ആ പ്രവര്‍ത്തനത്തില്‍ പ്രധാനമായും രംഗത്തുണ്ടായിരുന്നത്.
തെരഞ്ഞെടുപ്പ് വിജയത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് കൈവന്ന വര്‍ദ്ധിച്ച ആവേശം ജന്മിമാരെ വല്ലാതെ പ്രകോപിപ്പിച്ചു. മേനിയെ പിരിച്ചുവിട്ട സംഭവവും ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. സമരം ചൂടുപിടിച്ചതോടെ സമീപപ്രദേശങ്ങളില്‍ നിന്നെല്ലാം പാര്‍ട്ടി പ്രവര്‍ത്തകരും തൊഴിലാളികളും വള്ളികുന്നത്തേക്ക് ഒഴുകിയെത്തി. പൊലീസ് അതിനിഷ്ഠൂരമായാണ് ആ സമരത്തെ കൈകാര്യം ചെയ്തത്. നിരവധിപേരെ ഇടിച്ച് ഇഞ്ചപരുവമാക്കി. ദിവസവും മര്‍ദ്ദനം, അറസ്റ്റ്. അറസ്റ്റ് ചെയ്തവരെ മാവേലിക്കര സ്റ്റേഷന്‍ വരെ കൊണ്ടുപോയി ജീപ്പിലിട്ട് തല്ലും. വൈകുന്നേരം ഇറക്കിവിടും. എന്നിട്ടും ദിനംപ്രതി നിയമം ലംഘിക്കാനെത്തുന്നവരുടെ എണ്ണം കൂടിവന്നതേയുള്ളു. അവസാനം പോറ്റിസാര്‍ നിരാഹാരസമരം തുടങ്ങി. ആ പ്രദേശം ഏറെ ആദരിക്കുന്ന പോറ്റിസാറിന്റെ രംഗപ്രവശം അധികാരികളെ വിഷമിപ്പിച്ചു. ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ തയ്യാറായി. മേനിയെ തിരിച്ചെടുക്കാമെന്ന് സമ്മതിച്ചു. പക്ഷേ പിന്നീട് ജന്മി വാക്കുപാലിച്ചില്ലെന്നത് വേറേ കാര്യം.
ഭാരത തൊഴിലാളി എന്ന കയ്യെഴുത്ത് മാസികയിലൂടെയാണ് പുതുശ്ശേരിയുടെ ആദ്യകവിത പുറത്തുവന്നത്. ‘ഉണരുവിന്‍’ എന്നായിരുന്നു കവിതയുടെ പേര്. അന്ന് അദ്ദേഹം വള്ളികുന്നം സംസ്‌കൃത സ്‌കൂളില്‍ പഠിക്കുകയായിരുന്നു. അന്നവിടെ ഹെഡ്മാസ്റ്റര്‍ പോറ്റിസാറായിരുന്നു. സംസ്‌കൃത പണ്ഡിതനായ പോറ്റിസാറിന്റെ ശിക്ഷണത്തില്‍ കഴിഞ്ഞ പുതുശ്ശേരി കാളിദാസകവിതകളുടെ അത്ഭുത ലോകത്തേക്ക് അദ്ദേഹം തന്നെ കൂട്ടിക്കൊണ്ടുപോയ അനുഭവം പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്റെ മാവേലിക്കര താലൂക്ക് പ്രസിഡന്റായിരുന്ന അദ്ദേഹം പഠനവും സമരവും ഒന്നിച്ചുകൊണ്ടുപോയി. കറ്റാനം പോപ്പ് പയസ് ഇംഗ്ലീഷ് സ്‌കൂളില്‍ പഠിക്കുമ്പോഴാണ് 1948ല്‍ ഗ്രാമീണ ഗായകന്‍ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചത്.
കൊല്ലം എസ് എന്‍ കോളജില്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോഴാണ് ഒ മാധവന്റെ നേതൃത്വത്തിലുള്ള ഡീറ്റെന്‍ഷന്‍ സമരം നടന്നത്. അന്ന് വിദ്യാര്‍ത്ഥികളുടെ പാര്‍ട്ടിസെല്ലില്‍ അംഗമായിരുന്ന പുതുശ്ശേരിയും ആ സമരത്തില്‍ സജീവമായി. ആ സമരത്തില്‍ പങ്കെടുത്ത ഒ മാധവന്‍, പുതുശ്ശേരി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പൊലീസ് മര്‍ദ്ദനവും ഏറ്റുവാങ്ങേണ്ടിവന്നു. പില്‍ക്കാലത്ത് പഠനം പൂര്‍ത്തിയാക്കാന്‍ വേണ്ടി പാര്‍ട്ടിയില്‍ നിന്ന് അവധി വാങ്ങി. 1953-ല്‍ യൂണിവേഴ്‌സിറ്റി കോളജില്‍ മലയാളം ഓണേഴ്‌സിന് ചേര്‍ന്നതോടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല മറ്റൊന്നായി. പക്ഷെ ഒരിക്കലും തന്നെ വളര്‍ത്തിയ നാടും നാട്ടാരേയും പ്രസ്ഥാനത്തേയും പുതുശ്ശേരി മറന്നില്ല. ആ മണ്ണില്‍ ഉറച്ചുനിന്നതുകൊണ്ടാണ് പുതുശ്ശേരി രാമചന്ദ്രന്‍ എന്ന രാഷ്ട്രീയ നേതാവിനെ, കവിയെ, അദ്ധ്യാപക ശ്രേഷ്ഠനെ, ഗവേഷകനെ കരുത്തനാക്കിയത്.