Sunday
18 Feb 2018

മൂല്യാധിഷ്ഠിത നിലപാടുകളാണ് കമ്മ്യൂണിസ്റ്റ് അടിത്തറ: കെ ഇ

By: Web Desk | Sunday 11 February 2018 10:52 PM IST

ചട്ടഞ്ചാല്‍(കാസര്‍കോട്): സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നിലപാട് മാറ്റുന്ന രാഷ്ട്രീയ പ്രസ്ഥാനമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും അടിയുറച്ച രാഷ്ട്രീയ നിലപാടാണ് ഈ പാര്‍ട്ടിയുടെ അടിസ്ഥാനമെന്നും സിപിഐ ദേശീയ എക്‌സിക്യൂട്ടീവംഗം കെ ഇ ഇസ്മായില്‍ പറഞ്ഞു.
സിപിഐ കാസര്‍കോട് ജില്ലാ സമ്മേളന ബഹുജനറാലി ചട്ടഞ്ചാലിലെ ഇ കെ മാസ്റ്റര്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെടുക്കുന്ന രാഷ്ട്രീയ നിലപാടില്‍ ആകൃഷ്ടരായാണ് ധാരാളം ആളുകള്‍ സംസ്ഥാനത്ത് പലയിടങ്ങളിലും ഈ പാര്‍ട്ടിയിലേക്ക് ചേരുന്നത്. രാഷ്ട്രീയ സാമൂഹ്യ-സാഹചര്യങ്ങളനുസരിച്ച് ആശയങ്ങള്‍ മാറ്റുകയും സ്വാധീനങ്ങള്‍ക്ക് വഴങ്ങുകയും ചെയ്യുന്ന നിലപാട് പാര്‍ട്ടിക്കില്ല.
രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചും പ്രവര്‍ത്തകരെ കുറിച്ചും ജനങ്ങള്‍ക്കുള്ള മതിപ്പ് കുറഞ്ഞു വരുമ്പോള്‍ സി പി ഐ എടുക്കുന്ന നിലപാടില്‍ ആകൃഷ്ടരായി പാര്‍ട്ടിയിലേക്ക് ആളുകള്‍ വരികയാണ്. അതാണ് ഈ പാര്‍ട്ടിയുടെ കരുത്തും ശക്തിയുമെന്നും അദ്ദേഹം പറഞ്ഞു. മലബാറിലെ പാര്‍ട്ടിയുടെ ദുര്‍ബലതമാറുകയാണെന്നും നാട്ടിലെ സംഭവങ്ങളും സാഹചര്യങ്ങളും കണ്ടും കേട്ടും ജനങ്ങള്‍ നേരിന്റെപാതയിലേക്ക് എല്ലാ ജില്ലയിലും വന്നുകൊണ്ടിരിക്കുകയുമാണ്.
കോര്‍പറേറ്റുകളുടെയും നവലിബറലുകളുടെയും വിശ്വസ്ത അഭിനവ ദല്ലാളനാണ് മോഡി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പില്‍ അവതരിപ്പിച്ച ബജറ്റ് പോലും കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. എന്നാല്‍ കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെ തങ്ങളുടെ ജനപക്ഷ നിലപാട് വ്യക്തമാക്കുകയായിരുന്നുവെന്നും കെ ഇ ഇസ്മായില്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു.

Related News