Thursday
22 Nov 2018

ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 72 കടന്നു

By: Web Desk | Thursday 6 September 2018 11:00 PM IST

ന്യൂഡല്‍ഹി : രൂപയുടെ വിനിമയ മൂല്യം ദിനംപ്രതി തകര്‍ന്നടിയുന്നു. ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം 72 കടന്നു. ഇന്നലെ ഉച്ചക്ക് ശേഷം ഡോളറിന് 72.12 രൂപയാണ്മൂല്യം. കഴിഞ്ഞ ദിവസം 71.97 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തിയ ശേഷം വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ 22 പൈസ തിരിച്ച് പിടിച്ചെങ്കിലും ഇന്നലെ വീണ്ടും മൂല്യം കൂപ്പുകുത്തുകയായിരുന്നു.
ഇന്നലെ രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ 9 പൈസ തിരിച്ചുപിടിച്ച് രൂപ നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടങ്ങോട്ട് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോള്‍ 71.75 ആയിരുന്നു ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം. എന്നാല്‍ ഇന്നലെ ഉച്ചയോടെ മൂല്യം 72 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കെത്തി. അവിടെ നിന്ന് വീണ്ടും 12 പൈസയുടെ മൂല്യം നഷ്ടപ്പെട്ട് 72.12 രൂപയില്‍ വ്യാപാരം എത്തി.
തുടര്‍ച്ചയായ ഏഴാം ദിവസവും രൂപയുടെ വിനിമയ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയാണ് വ്യാപാരം നടന്നത്. രൂപയുടെ വിനിമയ മൂല്യം ഈ വാരം 73 രൂപവരെ എത്തിയേക്കുമെന്ന കണക്ക് കൂട്ടലില്‍ ചില വ്യാപാരികള്‍ ഡോളറുകള്‍ വാങ്ങിക്കൂട്ടുന്നത് രൂപക്ക് തിരിച്ചടിയാകുന്നതായി വിലയിരുത്തലുണ്ട്. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 27 സെന്റ് കുറഞ്ഞ് ബാരലിന് 77 ഡോളര്‍ എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്.