Tuesday
11 Dec 2018

ആവി കൊണ്ട് കാര്‍ കഴുകാം

By: Web Desk | Saturday 13 January 2018 10:47 PM IST

ആവികൊണ്ട് കാര്‍ കഴുകുന്ന ഫോര്‍ട്ടഡോര്‍ മെഷീന്‍

കൊച്ചി:ജലക്ഷാമം രൂക്ഷമായ നമ്മുടെ നാട്ടില്‍ ആവി കൊണ്ട് കാര്‍ കഴുകുന്ന യന്ത്രം അവതരിപ്പിക്കുകയാണ് കോഴിക്കോട് സ്വദേശികളായ എന്‍ജിനീയറിംഗ് ബിരുദധാരികളുടെ ഒറോറ എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി. ലംബോര്‍ഗിനി കമ്പനിയുടെ ഫോര്‍ട്ടഡോര്‍ എന്ന മെഷീന്റെ വിതരണമാണ് കമ്പനി ഏറ്റെടുത്തിരിക്കുന്നത്. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ പ്രവര്‍ത്തിക്കുന്ന ഒറോറ കമ്പനിയില്‍ മാത്രമാണ് ഇന്ത്യയില്‍ ഈ മെഷീന്‍ ഉപയോഗിച്ച് കാര്‍ വാഷ് നടത്തുന്നത്. സാധാരണ കാര്‍ കഴുകുന്നതിന് 100 മുതല്‍ 200 വരെ ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നിടത്ത് സ്റ്റീം വാഷില്‍ വെറും 10 ലിറ്റര്‍ വെള്ളം മാത്രമാണ് ആവശ്യം. വെള്ളം ഒഴുകിപ്പോകുന്നതിലൂടെയുള്ള നഷ്ടവും ഒഴിവാക്കാനാകും. ദിവസം 15 കാറുകള്‍ കഴുകുന്നതിന് 67,500 ഓളം ലിറ്റര്‍ ലാഭിക്കാനാകുമെന്നാണ് വിതരണക്കാര്‍ പറയുന്നത്. ഇത്തരത്തില്‍ പ്രതിവര്‍ഷം 20 മില്ല്യണ്‍ ലിറ്റര്‍ വെള്ളം ലാഭിക്കാനാകും. ബോയ്ലറും പമ്പുമാണ് മെഷീന്റെ പ്രധാന ഭാഗങ്ങള്‍. കാറിന്റെ അകവും പുറവും അടിഭാഗവും ഇന്റീരിയറുമെല്ലാം വൃത്തിയാക്കാനാകും. മൊബൈല്‍ യൂണിറ്റ്, ഡീറ്റെയ്ലിംഗ് ബേസിക് കോട്ടിംഗ്, സ്റ്റുഡിയോ എന്നീ ഓപ്ഷനുകളാണ് കമ്പനി മുന്നോട്ട് വെക്കുന്നത്. 20 ലക്ഷം മുതല്‍ 60 ലക്ഷം വരെയാണ് യന്ത്രവും അനുബന്ധ ഉപകരണങ്ങളുമടക്കമുള്ള യൂണിറ്റിന് ചെലവാകുന്ന തുക.

തൃശൂര്‍ ഐഇഎസ് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ പി.കെ. ഷഹിന്‍, ശങ്കര്‍ നാരായണ്‍ വിശ്വനാഥ്, മുഹ്സിന്‍ മുഹമ്മദ്, ചേതന്‍ പ്രദീപ്, എസ്ആര്‍ വൈശാഖ്, യു ഷാനില്‍ എന്നിവരാണ് കമ്പനിയുടെ പിന്നില്‍.